20 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹം; അപൂർണതയിൽ പൂർണത കണ്ടെത്തി സൂര്യ-ജ്യോതിക താരദമ്പതികൾ

3 days ago 1
സിനിമയിലെ പ്രണയകഥകൾ പലപ്പോഴും തിരശ്ശീലയിൽ മനോഹരമായ പര്യവസാനത്തിലെത്താറുണ്ട്. എന്നാൽ ചില പ്രണയങ്ങൾ തിരശ്ശീലയ്ക്ക് പുറത്താണ് യഥാർഥ അർത്ഥവും ആഴവും കണ്ടെത്തുന്നത്. അത്തരമൊരു ജീവിതകഥയാണ് തമിഴ് സിനിമയിലെ പ്രിയ താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും.

ജീവിതത്തിലെ പ്രതിസന്ധികളെയും അഭിപ്രായവ്യത്യാസങ്ങളെയും പരസ്പര സ്നേഹത്തോടെയും മനസ്സിലാക്കലോടെയും നേരിട്ട്, ഒരു ദാമ്പത്യബന്ധം എങ്ങനെ മനോഹരമായി മുന്നോട്ടുകൊണ്ടുപോകാമെന്നതിന് ഉദാഹരണമായി മാറിയിരിക്കുകയാണ് ഇരുവരും. വിവാഹജീവിതത്തിന്റെ 20-ാം വർഷത്തിലേക്ക് കടന്ന സൂര്യയും ജ്യോതികയും ഇപ്പോൾ വീണ്ടും വിവാഹവാഗ്ദാനങ്ങൾ പുതുക്കിയിരിക്കുകയാണ്. എന്നാൽ ഇത്തവണ മക്കളായ ദിയയുടെയും ദേവിന്റെയും സാന്നിധ്യത്തിലായിരുന്നു ഈ മനോഹരമായ നിമിഷം സമ്പൂർണമായത്.

Samayam Malayalamപുക ഊതി വിട്ട് ദയ സുജിത്ത്, എന്താ ഒരു സ്വാഗ്! എനിക്ക് തന്നെ എന്നോട് അഭിമാനം തോന്നുന്നു എന്ന് താരപുത്രി; വെറുമൊരു തുടക്കമല്ല ഇത്
ക്രിസ്ത്യൻ വിവാഹച്ചടങ്ങിന്റെ മാതൃകയിൽ ഒരുക്കിയ പുനർവിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ ജ്യോതിക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മകൻ ദേവിനൊപ്പം ജ്യോതിക വിവാഹവേദിയിലേക്ക് നടന്നുവരുമ്പോൾ, മകൾ ദിയ സൂര്യയ്ക്കൊപ്പമാണ് നിന്നത്. ഇരുവരും പരസ്പരം വാഗ്ദാനങ്ങൾ കൈമാറുന്നതിനിടെ വികാരഭരിതരാകുന്നതും ചിത്രങ്ങളിലുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും ആഘോഷത്തിന്റെ ഭാഗമായി.

“ദി സീക്വൽ” എന്ന തലക്കെട്ടോടെയാണ് ജ്യോതിക തന്റെ വീഡിയോ പങ്കുവെച്ചത്. 20 വർഷത്തെ ‘സ്നേഹത്തിന്റെയും യുദ്ധത്തിന്റെയും’ ആഘോഷമെന്നാണ് അവർ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഇത് ഒരു പെർഫെക്റ്റ് മാരേജിന്റെ ആഘോഷമല്ലെന്നും, മറിച്ച് അപൂർണതകളുടെയും പൊരുത്തപ്പെടലുകളുടെയും പരസ്പര മനസ്സിലാക്കലിന്റെയും ത്യാഗങ്ങളുടെയും ആഘോഷമാണെന്നും ജ്യോതിക കുറിച്ചു. “ഇതാണ് ഞങ്ങൾ ഇങ്ങനെയാണ് ഞങ്ങൾ” എന്ന ആശയമാണ് അവരുടെ കുറിപ്പിലുടനീളം നിറഞ്ഞുനിന്നത്.


തന്റെ വാഗ്ദാനങ്ങളിൽ സന്തോഷത്തോടെ ജീവിക്കാനും ജീവിതത്തെ ആഘോഷിക്കാനും പരാതികളേക്കാൾ ജീവിതത്തിലെ നല്ല വശങ്ങൾ കാണാനും ജ്യോതിക പ്രതിജ്ഞ ചെയ്യുന്നു. ആരോഗ്യമാണ് ജീവിതത്തിലെ യഥാർഥ സമ്പത്തെന്നും, അമ്മയെന്ന നിലയിൽ മക്കൾക്ക് ഒരു പുഞ്ചിരിയിലൂടെ തങ്ങളുടെ മാതാപിതാക്കളുടെ പ്രണയകഥ വീണ്ടും വീണ്ടും ജീവിക്കാൻ തോന്നുന്ന തരത്തിലുള്ള ഓർമ്മകൾ നൽകാനാണ് ആഗ്രഹമെന്നും അവർ പറയുന്നു.

സൂര്യയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ജ്യോതികയുടെ വാക്കുകളാണ് കുറിപ്പിലെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗങ്ങളിലൊന്ന്. വഴക്കിടുകയും പിന്നീട് പരസ്പരം മനസ്സിലാക്കി കൂടുതൽ അടുത്തുവരികയും ചെയ്യുന്ന അപൂർണ ഭാര്യയായി തന്നെ തുടരാനാണ് ആഗ്രഹമെന്ന് ജ്യോതിക പറയുന്നു. ഭർത്താവെന്നതിലുപരി സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനും തന്റെ ‘ഗോസിപ്പ് പാർട്ണറും’ കൂടിയാണ് സൂര്യയെന്നും അവർ തുറന്നുപറയുന്നു.

1999-ൽ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടിയത്. സൗഹൃദമായി ആരംഭിച്ച ബന്ധം പിന്നീട് പ്രണയത്തിലേക്ക് വളർന്നു. നിരവധി വർഷത്തെ പ്രണയത്തിനൊടുവിൽ 2006 സെപ്റ്റംബർ 11-നായിരുന്നു വിവാഹം. രണ്ട് പതിറ്റാണ്ടിനിടെ സിനിമയ്ക്കപ്പുറമുള്ള ജീവിതത്തിലും ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടേയിരുന്നു. കരിയറിലെ ഉയർച്ചകളും ഇടവേളകളും കുടുംബജീവിതത്തിലെ മാറ്റങ്ങളും മാതാപിതാക്കളെന്ന പുതിയ ഉത്തരവാദിത്തങ്ങളും എല്ലാം ഒരുമിച്ച് നേരിട്ടാണ് അവരുടെ യാത്ര മുന്നേറിയത്.


ഇ പുനർവിവാഹ ചടങ്ങ് ഇരുവർക്കുമുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. 20 വർഷം മുമ്പ് ആരംഭിച്ച ബന്ധത്തെ വീണ്ടും തിരിഞ്ഞുനോക്കുകയും, അതിലെ സന്തോഷങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും വിട്ടുവീഴ്ചകളെയും സൗഹൃദത്തെയും ആഘോഷിക്കുകയും ചെയ്യുന്ന ഒരു പുതിയ അധ്യായം കൂടിയാണ്.

ജ്യോതിക ഈ വീഡിയോ പങ്കുവെച്ചതും ഇരുവരുടെയും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാരുന്നു. വീഡിയോയുടെ കമന്റ് ബോക്സിൽ ഉടനീളം തന്നെ വികാരഭരിതമായ വാക്കുകളും, റീക്ഷനുകളും കൊണ്ട് നിറഞ്ഞിരുന്നു. സൂര്യയുടെയും ജ്യോതികയുടെയും തുടർന്നുള്ള ജീവിതത്തിന് മംഗളാശംസകളും അവർ സമ്മാനിച്ചു.

Read Entire Article