Published: May 06, 2026 08:02 AM IST Updated: May 06, 2026 10:04 AM IST
1 minute Read
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സെമിഫൈനൽ രണ്ടാംപാദ മത്സരത്തിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിനെ തോൽപ്പിച്ച് ഇംഗ്ലിഷ് ക്ലബ് ആർസനൽ ഫൈനലിൽ. 20 വർഷത്തിന് ശേഷമാണ് ആർസനൽ ചാംപ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത്. ചൊവ്വാഴ്ച ആർസനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ നടന്ന രണ്ടാംപാദം സെമിയിൽ 44-ാം മിനിറ്റിൽ ബുക്കായോ സാക്ക ആണ് ആർസനലിന്റെ ഏക ഗോൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡിന്റെ ഷോട്ട് അത്‌ലറ്റിക്കോ കീപ്പർ ജാൻ ഒബ്ലാക്ക് തടഞ്ഞെങ്കിലും, റീബൗണ്ടിൽ നിന്ന് സാക്ക പന്ത് വലയിലെത്തിച്ചു.
കഴിഞ്ഞയാഴ്ച മഡ്രഡിൽ നടന്ന ആദ്യപാദ സെമി 1–1ന് സമനിലയിൽ അവസാനിച്ചിരുന്നു. ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ആർസനലിന്റെ ഫൈനൽപ്രവേശം. മേയ് 30ന് ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള പുസ്കാസ് അരീനയിലാണ് ഫൈനൽ. രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്ന പിഎസ്‍ജി– ബയൺ മ്യൂണിക് പോരാട്ടത്തിലെ വിജയികളായിരിക്കും ഫൈനലിൽ ആർസനലിന്റെ എതിരാളികൾ.
2006നു ശേഷം ആദ്യമായാണ് ആദ്യമായാണ് ആർസനൽ ചാംപ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത്. അന്ന് കലാശപ്പോരിൽ 2–1നു ബാർസലോനയോടു തോറ്റിരുന്നു. ഇതുവരെ ചാംപ്യൻസ് ലീഗ് നേടാൻ ആർസനലിനായിട്ടില്ല. 1994ലെ കപ്പ് വിന്നേഴ്സ് കപ്പും 1970ലെ ഇന്റർ-സിറ്റീസ് ഫെയേഴ്സ് കപ്പുമാണ് അവരുടെ പ്രധാന രണ്ട് യൂറോപ്യൻ കിരീടങ്ങൾ. 2019ലെ യൂറോപ്പ ലീഗ് ഫൈനലിൽ ചെൽസിയോട് 4-1 ന് തോറ്റിരുന്നു. ഈ സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിലും ആർസനൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. 2016ലാണ് അത്‌ലറ്റിക്കോ ഒടുവിൽ ഫൈനൽ കളിച്ചത്; റയൽ മഡ്രിഡിനോടു പരാജയപ്പെട്ടു. അത്‌ലറ്റിക്കോയും ഇതുവരെ ചാംപ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല.
English Summary:







English (US) ·