Published: September 19, 2025 04:11 AM IST Updated: September 19, 2025 08:01 AM IST
1 minute Read
-
കുശാൽ മെൻഡിസ് പ്ലെയർ ഓഫ് ദ് മാച്ച് (74 നോട്ടൗട്ട്)
അബുദാബി ∙ അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ശ്രീലങ്കൻ ബാറ്റർ കുശാൽ മെൻഡിസ് (52 പന്തിൽ 74 നോട്ടൗട്ട്) ബംഗ്ലദേശിനെ സൂപ്പർ ഫോറിലേക്ക് കൈപിടിച്ചുകയറ്റി. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയോട് 6 വിക്കറ്റ് തോൽവി വഴങ്ങിയതോടെ അഫ്ഗാനിസ്ഥാന്റെ സൂപ്പർ ഫോർ പ്രതീക്ഷകൾ അവസാനിച്ചു.
ഗ്രൂപ്പ് റൗണ്ടിലെ തുടർച്ചയായ മൂന്നാം ജയത്തോടെ ശ്രീലങ്ക സൂപ്പർ ഫോറിലെത്തി. ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി ബംഗ്ലദേശും മുന്നേറി. അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ തോറ്റതാണ് നെറ്റ് റൺറേറ്റിൽ പിന്നിലായിരുന്ന ബംഗ്ലദേശിന് നേട്ടമായത്. സ്കോർ: അഫ്ഗാനിസ്ഥാൻ: 20 ഓവറിൽ 8ന് 169. ശ്രീലങ്ക– 18.4 ഓവറിൽ 4ന് 171.
ഓപ്പണറായി ഇറങ്ങി ടീമിന്റെ വിജയമുറപ്പിക്കുംവരെ ക്രീസിൽ തുടർന്ന കുശാൽ മെൻഡിസിന്റെ ബാറ്റിങ്ങാണ് ശ്രീലങ്കയുടെ ചേസിനു കരുത്തുപകർന്നത്. പാത്തും നിസംഗ (6), കാമിൽ മിശ്ര (4) എന്നിവരെ തുടക്കത്തിലേ നഷ്ടമായെങ്കിലും മധ്യനിരയിൽ 3 നിർണായക കൂട്ടുകെട്ടുകൾ സൃഷ്ടിച്ച് കുശാൽ ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു. അഞ്ചാം വിക്കറ്റിൽ 23 പന്തിൽ 52 റൺസ് നേടിയ കുശാൽ– കമിന്ദു മെൻഡിസ് (13 പന്തിൽ 26*) കൂട്ടുകെട്ടാണ് ലങ്കൻ ജയം അനായാസമാക്കിയത്.
ഒരു ഓവറിൽ 5 സിക്സർ
നേരത്തേ ബാറ്റിങ്ങിന്റെ 18–ാം ഓവർ വരെ പതുങ്ങിനിന്ന അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത് അവസാന 2 ഓവറിൽ ബാറ്റിങ് വെടിക്കെട്ട് നടത്തിയ ഓൾറൗണ്ടർ മുഹമ്മദ് നബിയുടെ ഇന്നിങ്സാണ് (22 പന്തിൽ 60). 19–ാം ഓവറിൽ ദുഷ്മന്ത ചമീരയ്ക്കെതിരെ തുടരെ 3 ഫോർ നേടിയ നബി, ലങ്കൻ സ്പിന്നർ ദുനിത് വെല്ലലഗെ എറിഞ്ഞ 20–ാം ഓവറിൽ നേടിയത് 5 സിക്സുകൾ അടക്കം 32 റൺസ്. അവസാന 2 ഓവറിൽ ആഞ്ഞടിച്ചു നേടിയ 49 റൺസാണ് അഫ്ഗാനിസ്ഥാൻ ടീം സ്കോർ 169ൽ എത്തിച്ചത്.
English Summary:








English (US) ·