200 ഒക്കെ ചെറുത്, ഒരോവർ ബാക്കി നിൽക്കെ കളി തീർത്ത് ഗില്ലും സായ് സുദർശനും; 10 വിക്കറ്റ് വിജയവുമായി ഗുജറാത്ത് പ്ലേ ഓഫിൽ

8 months ago 11

ഓൺലൈൻ ഡെസ്ക്

Published: May 18 , 2025 07:58 PM IST Updated: May 18, 2025 11:20 PM IST

1 minute Read

gill-sudarshan
ശുഭ്മൻ ഗില്ലും സായ് സുദർശനും ബാറ്റിങ്ങിനിടെ. Photo: X@IPL

ന്യൂഡൽഹി∙ കെ.എൽ. രാഹുലിന്റെ സെഞ്ചറിക്കരുത്തിൽ ഡൽഹി ‘കഷ്ടപ്പെട്ട്’ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ഞെട്ടിച്ച് ഗുജറാത്ത് ടൈറ്റൻസ്. ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തപ്പോൾ, ഗുജറാത്ത് മറുപടിയിൽ 19 ഓവറിൽ വിക്കറ്റ് പോകാതെ 205 റൺസടിച്ചു. ടൈറ്റൻസിന് 10 വിക്കറ്റ് വിജയം.ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഗുജറാത്ത് വിജയ റൺസ് കുറിച്ചത്. വിജയത്തോടെ ഗുജറാത്തും ബെംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫിൽ കടന്നു. 12 കളികളിൽനിന്ന് ഒൻപതു വിജയങ്ങളുള്ള ഗുജറാത്ത് 18 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്.

സെഞ്ചറി നേടിയ സായ് സുദർശനും (61 പന്തിൽ 108), ക്യാപ്റ്റൻ ശുഭ്മന്‍ ഗില്ലും (53 പന്തിൽ 93) പുറത്താകാതെനിന്നു. സായ് നാലു സിക്സുകളും 12 ഫോറുകളും ബൗണ്ടറി കടത്തിയപ്പോൾ, ഏഴു സിക്സുകളും മൂന്നു ഫോറുകളുമാണ് ഗില്ലിന്റെ ബാറ്റിൽനിന്നും പിറന്നത്. മറുപടിയിൽ അനായാസമായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. പവർ പ്ലേയിൽ 59 റൺസെടുത്ത ഗുജറാത്ത് 10.4 ഓവറിൽ 100 പിന്നിട്ടു. ഇരുവരും ബൗണ്ടറികൾ കണ്ടെത്താൻ മത്സരിച്ചതോടെ വിജയലക്ഷ്യം നിസ്സാരമായി മാറി. ക്യാപ്റ്റൻ അക്ഷർ പട്ടേൽ ഉൾപ്പടെ ഡല്‍ഹിയുടെ ആറു ബോളർമാർ സകലതന്ത്രങ്ങളും പയറ്റിനോക്കിയിട്ടും ഹോം ഗ്രൗണ്ടിൽ ഒരു വിക്കറ്റു വീഴ്ത്താൻ സാധിച്ചില്ല.വിപ്രജ് നിഗമിന്റെ 19–ാം ഓവറിലെ അവസാന പന്ത് ലോങ് ഓണിലൂടെ സിക്സർ പറത്തി സായ് സുദർശനാണ് ഗുജറാത്തിനായി വിജയറൺസ് കുറിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഓപ്പണർ കെ.എൽ. രാഹുൽ സെഞ്ചറി നേടി പുറത്താകാതെ നിന്നു. 65 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സുകളും 14 ഫോറുകളുമുൾപ്പടെ 112 റൺസാണു നേടിയത്.ഐപിഎലിൽ രാഹുലിന്റെ അഞ്ചാം സെഞ്ചറിയാണിത്. ഐപിഎലിൽ മൂന്നു ടീമുകൾക്കു വേണ്ടി സെഞ്ചറി നേടുന്ന ആദ്യ താരമാണു രാഹുൽ. നേരത്തേ പഞ്ചാബ് കിങ്സിലും ലക്നൗ സൂപ്പർ ജയന്റ്സിലും കളിച്ചപ്പോഴും രാഹുൽ സെഞ്ചറി തികച്ചിരുന്നു. അഭിഷേക് പൊറേൽ (19 പന്തിൽ 30), അക്ഷർ പട്ടേൽ (16 പന്തിൽ 25), ട്രിസ്റ്റൻ സ്റ്റബ്സ് (10 പന്തിൽ 21) എന്നിവരും തിളങ്ങി. 

kl-rahul

ഡൽഹി താരം കെ.എൽ. രാഹുലിന്റെ ബാറ്റിങ്. Photo: X@IPL

സ്കോർ 16 ൽ നിൽക്കെ അഞ്ചു റണ്‍സെടുത്ത ഫാഫ് ഡുപ്ലേസിയെ നഷ്ടമായെങ്കിലും രാഹുലും പിന്നാലെയെത്തിയ ബാറ്റർമാരും തകർത്തടിച്ചതോടെ ഡൽഹി സുരക്ഷിതമായ സ്കോറിലേക്കെത്തുകയായിരുന്നു. ഒരു ഭാഗത്തു രാഹുൽ കത്തിക്കയറുമ്പോൾ വിക്കറ്റുകൾ വീഴാതെ നോക്കിയ സഹതാരങ്ങൾ ബൗണ്ടറികളും കണ്ടെത്തി. 12–ാം ഓവറിൽ 106 റൺസെടുത്തു നിൽക്കുമ്പോഴാണ് ഡൽഹിക്കു രണ്ടാം വിക്കറ്റു നഷ്ടമാകുന്നത്. സ്പിന്നർ സായ് കിഷോറിന്റെ പന്തിൽ ജോസ് ബട്‍ലര്‍ ക്യാച്ചെടുത്ത് അഭിഷേക് പൊറേലിനെ പുറത്താക്കുകയായിരുന്നു. ഡല്‍ഹി ക്യാപ്റ്റൻ അക്ഷര്‍ പട്ടേലിനെ പ്രസിദ്ധ് കൃഷ്ണയും മടക്കി. ആദ്യ 35 പന്തുകളിൽ 50 പിന്നിട്ട രാഹുൽ പിന്നീടത്തെ 25 പന്തിലാണ് സെഞ്ചറിയിലെത്തിയത്. 

English Summary:

Indian Premier League, Delhi Capitals vs Gujarat Titans Match Updates

Read Entire Article