2000-ത്തിനുശേഷം ജയിച്ചത് ഒരേയൊരു പരമ്പര, വീണ്ടും ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യ; ​തുടക്കം മിന്നിക്കുമോ?

7 months ago 6

ലണ്ടൻ: ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്‌ എല്ലാ അർഥത്തിലും പുതിയതുടക്കമാണ്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ തലമുറമാറ്റത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ആദ്യപരീക്ഷണവേദി. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പരയിൽ അഞ്ചു ടെസ്റ്റുകളുണ്ട്. വെള്ളിയാഴ്ച, ഇന്ത്യൻസമയം 3.30 മുതൽ ലീഡ്‌സിലാണ് ആദ്യടെസ്റ്റ്. ഇരു ടീമുകളും കുറച്ചുദിവസമായി പരിശീലനത്തിലാണ്.

മുൻ ക്യാപ്റ്റന്മാരായ രോഹിത് ശർമ, വിരാട് കോലി എന്നിവർ ടെസ്റ്റിൽനിന്ന് വിരമിച്ചതോടെ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയ ഒരുകൂട്ടം യുവതാരങ്ങളുടെ മാറ്റുരയ്ക്കൽവേദിയാകും ഈ പരമ്പര. പഴയതലമുറയുടെ പിടി അയഞ്ഞതോടെ കോച്ച് ഗൗതം ഗംഭീറിനും സ്വന്തംനിലയ്ക്ക് പുതിയൊരു ടീമിനെ മെരുക്കിയെടുക്കാനുള്ള അവസരംകൂടിയാണ്. ഒപ്പം ഇരുടീമിനും 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരവും. ആദ്യ രണ്ടു ചാമ്പ്യൻഷിപ്പുകളിലും ഫൈനലിലെത്തിയ ഇന്ത്യക്ക്‌ കഴിഞ്ഞകുറി നേരിയവ്യത്യാസത്തിൽ ഫൈനൽബെർത്ത് കിട്ടിയില്ല. തുടക്കത്തിൽ എവേ ഗ്രൗണ്ടിൽ ജയിക്കാനായാൽ ആത്മവിശ്വാസത്തിലേക്കുയരും.

ഇതൊക്കെയാണെങ്കിലും ഇംഗ്ലണ്ടിൽ അവർക്കെതിരേ പരമ്പരനേടുന്നത് എളുപ്പമല്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടിൽ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിൽ കളിച്ച 26 ടെസ്റ്റുകളിൽ ഇന്ത്യ ജയിച്ചത് ആറെണ്ണം മാത്രമാണ്. 16 കളിയിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ നാലെണ്ണം സമനിലയായി. 2000-ത്തിനുശേഷം ഒരേയൊരു തവണമാത്രമാണ് ഇംഗ്ലണ്ടിൽ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചത്. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 2007-ൽ സച്ചിൻ തെണ്ടുൽക്കറും സൗരവ് ഗാംഗുലിയും ഉൾപ്പെട്ട ടീം ട്രെന്റ് ബ്രിഡ്ജിലെ ടെസ്റ്റ് ഏഴുവിക്കറ്റിന് ജയിച്ചപ്പോൾ ലോർഡ്‌സിലെയും കെന്നിങ്ടൺ ഓവലിലെയും മത്സരങ്ങൾ സമനിലയായി. ഇതോടെ പരമ്പര ഇന്ത്യ 1-0ത്തിന് ജയിച്ചു. 2021-22 കാലത്ത് കോലിയുടെ നേതൃത്വത്തിൽ രണ്ടു കളി ജയിച്ചെങ്കിലും അഞ്ചുമത്സരങ്ങളുടെ പരമ്പര തുല്യനിലയിലായി (2-2). ആകെ മത്സരങ്ങളിലെ വിജയത്തിലും ഇംഗ്ലണ്ടിന് വ്യക്തമായ മേൽക്കൈയുണ്ട്.

ഹർഷിത് റാണ ടീമിൽ

ഫാസ്റ്റ് ബൗളർ ഹർഷിത് റാണയെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. നേരത്തേ പ്രഖ്യാപിച്ച 18 അംഗ സംഘത്തിൽ ഹർഷിത് ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ കളിച്ച ഹർഷിത് ചൊവ്വാഴ്ച ഇന്ത്യൻ സീനിയർ ടീമിനൊപ്പം ചേർന്നു.

Content Highlights: amerind cricket squad trial bid vs england

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article