Published: July 03 , 2025 08:22 AM IST
1 minute Read
നോർതാംപ്ടൻ∙ ആദ്യ 19 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 48 റൺസ്, രണ്ടാം മത്സരത്തിൽ 34 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 45 റൺസ്, ഇപ്പോൾ ഇതാ മൂന്നാം മത്സരത്തിൽ 31 പന്തിൽ ആറു ഫോറും ഒൻപതു സിക്സും സഹിതം 86 റൺസ്... ഇംഗ്ലിഷ് മണ്ണിൽ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ സ്വപ്നതുല്യമായ കുതിപ്പ് തുടരുകയാണ്. ഐപിഎലിൽ എവിടെ നിർത്തിയോ, ഇംഗ്ലണ്ടിലെത്തിയപ്പോൾ അവിടെവച്ചു തന്നെ തുടങ്ങിയ മട്ടിലാണ് താരത്തിന്റെ തേരോട്ടം.
നോർതാംപ്ടനിലെ കൗണ്ടി ഗ്രൗണ്ടിൽ 20 പന്തിൽ നിന്ന് അർധസെഞ്ചറിയിലെത്തിയ വൈഭവ്, റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. ഏകദിനത്തിൽ അണ്ടർ 19 വിഭാഗത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചറിയാണ് വൈഭവിന്റേത്. 2016ൽ നേപ്പാളിനെതിരെ 18 പന്തിൽ അർധസെഞ്ചറി കുറിച്ച ഋഷഭ് പന്തിന്റെ പേരിലാണ് റെക്കോർഡ്.
ഇതിനു പുറമേ ഇംഗ്ലണ്ടിലെത്തിയ ശേഷം സിക്സർ മഴ പെയ്യിക്കുന്ന വൈഭവ്, അക്കാര്യത്തിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. നോർതാംപ്ടനിൽ മൂന്നാം ഏകദിനത്തിൽ അടിച്ചുകൂട്ടിയ ഒൻപതു സിക്സറുകളും റെക്കോർഡാണ്. ഇന്ത്യൻ അണ്ടർ 19 ടീമിനായി ഒരു യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായി വൈഭവ് മാറി. 2009ൽ ഓസീസിനെതിരെ എട്ടു സിക്സടിച്ച മൻദീപ് സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്.
ഹോവിലെ കൗണ്ടി ഗ്രൗണ്ടിൽ നടന്ന ഒന്നാം യൂത്ത് ഏകദിനത്തിൽ 174 റൺസ് വിജയലക്ഷ്യം മറികടന്ന് ജയിച്ച ഇന്ത്യയ്ക്ക്, ഓപ്പണറായി എത്തിയ വൈഭവിന്റെ പ്രകടനമാണ് കരുത്തായത്. ഐപിഎലിലെ മറ്റൊരു താരോദയമായ ക്യാപ്റ്റൻ ആയുഷ് മാത്രെയ്‌ക്കൊപ്പം ഓപ്പണറായി എത്തി, 19 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം വൈഭവ് അടിച്ചുകൂട്ടിയത് 48 റൺസ്. വൈഭവിന്റെ നേതൃത്വത്തിൽ ട്വന്റി20 ശൈലിയിൽ മുന്നേറിയ ടീം ഇന്ത്യ 24 ഓവറിൽ വിജയത്തിലെത്തി.
നോർതാംപ്ടനിലെ കൗണ്ടി ഗ്രൗണ്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ ഒരു വിക്കറ്റിന്റെ നേരിയ തോൽവി വഴങ്ങിയെങ്കിലും, 34 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 45 റൺസെടുത്ത വൈഭവിന്റെ പ്രകടനം വീണ്ടും ശ്രദ്ധ നേടി. ടൂർണമെന്റിൽ ഇതുവരെ 179 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ 14 ഫോറും 17 സിക്സും ഉൾപ്പെടുന്നു.
English Summary:








English (US) ·