Published: December 13, 2025 04:10 AM IST Updated: December 13, 2025 04:15 AM IST
1 minute Read
കൊൽക്കത്ത∙ കേരളത്തിൽ വരില്ല, പക്ഷേ ഇതിഹാസ താരം ലയണൽ മെസ്സി ഇന്ത്യൻ മണ്ണിലെത്തി. ശനിയാഴ്ച പുലർച്ചെയാണ് അർജന്റീന സൂപ്പർ താരം കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. പക്ഷേ പന്തു തട്ടാൻ മെസ്സിക്കൊപ്പം അർജന്റീന ടീമില്ല. ഒറ്റയ്ക്കാണ് വരവ്. വരും ദിവസങ്ങളിൽ രാജ്യത്തെ ഫുട്ബോൾ ആരാധകരുടെ സ്നേഹവും ആവേശവും മെസ്സി നേരിട്ട് അനുഭവിച്ചറിയും. എന്നാൽ ആദ്യമായല്ല മെസ്സി ഇന്ത്യയിലേക്കു വരുന്നത്.
2011 ൽ ആണ് മെസ്സി ആദ്യമായി ഇന്ത്യയിലെത്തുന്നത്. അന്നു പക്ഷേ ഇന്ത്യയിൽ ഫുട്ബോൾ കളിക്കാനായിരുന്നു മെസ്സിയുടെ വരവ്. വെനസ്വേലയ്ക്കെതിരായ അർജന്റീനയുടെ സൗഹൃദ മത്സരം നടന്നത് കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു. അന്ന് 75,000 ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. മെസ്സി ആദ്യമായി ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ മത്സരത്തിൽ അർജന്റീന 1–0ന് വിജയിക്കുകയും ചെയ്തു. 14 വർഷത്തിനു ശേഷമാണ് മെസ്സി വീണ്ടും ഇന്ത്യയിലേക്കും കൊൽക്കത്തയിലേക്കും എത്തിയത്.
2011 ൽ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലില്‍ യുറഗ്വായോടു തോറ്റു പുറത്തായതിനു പിന്നാലെയായിരുന്നു അര്‍ജന്റീന ടീമിന്റെ ഇന്ത്യയിലേക്കുള്ള വരവ്. തോൽവിക്കു പിന്നാലെ പരിശീലകൻ സെർജിയോ ബാറ്റിസ്റ്റയെ പുറത്താക്കിയ അർജന്റീന ഫുട്ബോൾ അസോസിയേഷൻ, അലെജാന്ദ്രോ സബെല്ലയെ പരിശീലകനായി നിയമിച്ചു. ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ജാവിയർ മഷെറാനോയെയും നീക്കി, പകരം വന്നത് സാക്ഷാൽ മെസ്സി.
ആരാധകർ ഇരമ്പിയാർത്ത സോൾട്ട് ലേക്കിലെ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മെസ്സിയും ഗോൺസാലോ ഹിഗ്വെയ്നും എയ്ഞ്ചൽ ഡി മരിയയും തകർത്തുകളിച്ചിട്ടും വെനസ്വേല ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. എന്നാൽ 70ാം മിനിറ്റിൽ അന്ന് 23 വയസ്സു പ്രായമുണ്ടായിരുന്ന നിക്കോളാസ് ഓട്ടമെൻഡിയുടെ ഹെഡർ അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. ഗോളിനു വഴിയൊരുക്കിയത് മെസ്സി എടുത്ത കോർണർ കിക്കായിരുന്നു.
ഇന്ത്യയിൽ കളിക്കാൻ വന്നതിനെക്കുറിച്ചും മെസ്സി പിന്നീടു പ്രതികരിച്ചിരുന്നു. ‘‘അവസാനമായി ഞാൻ ഇന്ത്യയിലെത്തിയപ്പോൾ ആ രാജ്യത്തിന്റെ സ്നേഹം കണ്ടതാണ്. ഇന്ത്യയിലെ ഓർമകൾ ഇപ്പോഴും എനിക്കുണ്ട്. അവരുമായി ഒരു ബന്ധം സ്ഥാപിക്കാൻ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നുണ്ട്.’’– എന്നായിരുന്നു ഇതിഹാസത്തിന്റെ വാക്കുകൾ. അന്ന് കളിക്കാനാണ് ക്യാപ്റ്റന്‍ മെസ്സി എത്തിയതെങ്കിൽ ഇന്ന് ഇന്ത്യയുടെ സ്നേഹം ഏറ്റുവാങ്ങാനാണ് മെസ്സിയുടെ ‘ഒറ്റയ്ക്കുള്ള’ വരവ്. കൊൽക്കത്തയിൽ വിമാനമിറങ്ങിയ സൂപ്പർ താരം ഹൈദരാബാദിലും മുംബൈയിലും ന്യൂഡൽഹിയിലും പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മെസ്സിക്കു കൂടിക്കാഴ്ചയുണ്ട്.
English Summary:








English (US) ·