മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ ഖജനാവ് നിറച്ച് ഐപിഎല്‍. 2023-24 സാമ്പത്തിക വര്‍ഷം ബിസിസിഐ നേടിയ വരുമാനത്തിന്റെ 59 ശതമാനം സംഭാവന ചെയ്തത് ഐപിഎല്ലാണെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതി ബിസിസിഐക്ക് നേട്ടമാകുകയാണ്.
റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബിസിസിഐയുടെ വരുമാനം 9,741.7 കോടി രൂപയാണ്. ഇതില്‍ 5,761 കോടി രൂപയും ഐപിഎല്ലിന്റെ സംഭാവനയാണ്.
അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഉള്‍പ്പെടെ ഐപിഎല്‍ ഇതര മീഡിയ റൈറ്റ്‌സ് വിറ്റതില്‍ നിന്ന് 361 കോടിയാണ് ബിസിസിഐ നേടിയത്.
ഇന്ത്യയുടെ മുന്‍നിര ആഭ്യന്തര റെഡ്-ബോള്‍ ടൂര്‍ണമെന്റായ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ വാണിജ്യവല്‍ക്കരിക്കുന്നതുവഴി വലിയ സാധ്യതകളാണ് ബിസിസിഐക്ക് മുന്നിലുള്ളതെന്നും എന്നാല്‍ ബോര്‍ഡ് ഇപ്പോഴും അവയുടെ പൂര്‍ണ വരുമാന ശേഷി തിരിച്ചറിഞ്ഞിട്ടില്ലെന്നും റീഡിഫ്യൂഷന്‍ മേധാവി സന്ദീപ് ഗോയല്‍ പറഞ്ഞു.
നിലവില്‍ ബിസിസിഐക്ക് 30000 കോടി രൂപയുടെ കരുതല്‍ ധനമുണ്ട്. ഇതിന് പ്രതിവര്‍ഷം പലിശയിനത്തില്‍ മാത്രം 1000 കോടി ബോര്‍ഡിന് ലഭിക്കുന്നു. സ്‌പോണ്‍സര്‍ഷിപ്പുകള്‍, മീഡിയ ഡീലുകള്‍, മത്സരദിന വരുമാനം എന്നിവ കണക്കിലെടുത്താല്‍ പ്രതിവര്‍ഷം 10-12 ശതമാനം വളര്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് (ഐപിഎല്‍) സീസണിനുശേഷം അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ 'ഹുളിഹാന്‍ ലോക്കി' നടത്തിയ പഠനത്തില്‍ ലീഗിന്റെ ബിസിനസ് മൂല്യം 1.56 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ഇത് 1.34 ലക്ഷം കോടി രൂപയായിരുന്നു. ഇതിനൊപ്പം ബ്രാന്‍ഡ് മൂല്യം 32,721 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സീസണിലെ 27,958 കോടി രൂപയില്‍നിന്നാണ് ഈ വളര്‍ച്ച.
ഐപിഎലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ടാറ്റ ഗ്രൂപ്പ് 2028 വരെ നീട്ടിയതിലൂടെ 2500 കോടി രൂപയാണ് ബിസിസിഐക്ക് ലഭിച്ചത്. ഇതിനൊപ്പം അസോസിയേറ്റ് സ്‌പോണ്‍സര്‍മാരില്‍നിന്ന് 1485 കോടി രൂപയും. കഴിഞ്ഞ തവണത്തെക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍ഷിപ്പിലുണ്ടായത്.
Content Highlights: BCCI`s 2023-24 gross reached ₹9,741.7 crore, with IPL contributing 59% (₹5,761 crore)








English (US) ·