Published: July 25 , 2025 08:17 PM IST
1 minute Read
ജയ്പുർ ∙ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് മുൻ കാമുകി നൽകിയ പരാതിയിൽ അറസ്റ്റ് തടഞ്ഞ് അലഹാബാദ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയതിന്റെ ആശ്വാസത്തിനിടെയാണ്, ഇന്ത്യൻ ക്രിക്കറ്റ് താരം യഷ് ദയാലിനെതിരെ ജയ്പുരിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023ൽ 17–ാം വയസിൽ ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിയെ, ഇത്തവണ ഐപിഎലിന്റെ ഭാഗമായി ജയ്പുരിലെത്തിയപ്പോൾ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പോക്സോ കേസിന് ആധാരമായ പരാതി. കുറ്റം തെളിഞ്ഞാൽ ഇരുപത്തേഴുകാരനായ ഇന്ത്യൻ താരം ഏറ്റവും കുറഞ്ഞത് 10 വർഷം ജയിലിൽ കിടക്കേണ്ടി വരുമെന്ന് സാരം.
യഷ് ദയാലിനെതിരെ രണ്ടാമതും ലൈംഗിക പീഡന പരാതി ലഭിച്ചതായും കേസ് റജിസ്റ്റർ ചെയ്തതായും സംഗാനീർ സദർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽ കുമാർ ജയ്മൻ സ്ഥിരീകരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. ഭാരത് നിയമ സംഹിതയുടെ 64–ാം സെക്ഷൻ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇത്തവണ ഐപിഎൽ കിരീടം ചൂടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായ യഷ് ദയാൽ, രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി ജയ്പുരിലെത്തിയ സമയത്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. 2023ൽ ക്രിക്കറ്റ് കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തും യഷ് ദയാൽ തന്നെ പീഡിപ്പിച്ചിരുന്നതായാണ് പെൺകുട്ടിയുടെ പരാതി. അന്ന് പരാതിക്കാരിക്ക് 17 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നതിനാലാണ് ഇത് പോക്സോ കേസായത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തേ യുപി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ദയാലിനെതിരെ യുപി പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് യുവതി നൽകിയ പരാതി. ആദ്യത്തെ പരാതിയിൽ യഷ് ദയാലിനെ കസ്റ്റഡിയിൽ എടുക്കുന്നത് അലഹാബാദ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു ഇക്കഴിഞ്ഞ ഐപിഎൽ സീസണിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. പോക്സോ കേസായതിനാൽ യഷ് ദയാലിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണു സൂചന.
ഇക്കഴിഞ്ഞ ബോർഡര്‍ ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയുടെ റിസർവ് ബെഞ്ചിൽ യഷ് ദയാലും ഉണ്ടായിരുന്നു. 27 വയസ്സുകാരനായ ദയാൽ കഴിഞ്ഞ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തിലും പങ്കാളിയായി. ഐപിഎലിൽ ആർസിബിയിലും ഗുജറാത്ത് ടൈറ്റൻസിലും കളിച്ചിട്ടുള്ള യാഷ് ദയാൽ 43 മത്സരങ്ങളിൽനിന്ന് 41 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
English Summary:








English (US) ·