2026 ട്വന്റി20 ലോകകപ്പ് ഫെബ്രുവരി 7 മുതൽ; ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഒരു ഗ്രൂപ്പിൽ

1 month ago 2

മുംബൈ ∙ ഇന്ത്യ– പാക്കിസ്ഥാൻ ആവേശപ്പോരാട്ടമില്ലാതെ എന്തു ക്രിക്കറ്റ് ലോകകപ്പ്? ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്തവർഷത്തെ ട്വന്റി20 ലോകകപ്പിൽ അയൽവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽതന്നെ. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, യുഎസ്എയെ നേരിടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം. ലോകകപ്പിൽ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. രോഹിത് ശർമയാണ് ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ.

തുടർച്ചയായ നാലാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പ് റൗണ്ടിൽ നേർക്കുനേർ വരുന്നത്. നമീബിയയും നെതർലൻഡ്സുമാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റു എതിരാളികൾ. ആകെ 20 ടീമുകൾ മത്സരിക്കുന്ന ലോകകപ്പിൽ ഇന്ത്യയിൽ അഞ്ചും ശ്രീലങ്കയിൽ മൂന്നും വേദികളുണ്ട്. ഇരു ടീമുകളും ഫൈനലിലെത്തിയാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഈ ലോകകപ്പിൽ 3 തവണ ഏറ്റുമുട്ടും. മാർച്ച് എട്ടിന് നടക്കുന്ന ഫൈനലിന്റെ വേദിയായി അഹമ്മദാബാദ് സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കലാശപ്പോരാട്ടം കൊളംബോയിൽ നടക്കും.

∙ 2026 ട്വന്റി20 ലോകകപ്പിൽ 20 ടീമുകൾ, 8 വേദികൾ, 55 മത്സരങ്ങൾ

∙20 ടീമുകൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ആദ്യ റൗണ്ടിനുശേഷം ഓരോ ഗ്രൂപ്പിലെയും മികച്ച 2 ടീമുകൾ വീതം സൂപ്പർ 8 റൗണ്ടിലേക്ക്.

∙ 2 ഗ്രൂപ്പുകൾ ഉൾപ്പെട്ട സൂപ്പർ 8 റൗണ്ടിൽ നിന്ന് മികച്ച 4 ടീമുകൾ സെമിയിൽ.

∙ ട്വന്റി20 ലോകകപ്പിൽ നവാഗതരായി ഇറ്റലി

∙ ഗ്രൂപ്പ് റൗണ്ട്: ഫെബ്രുവരി 7–20

∙ സൂപ്പർ 8 റൗണ്ട്: ഫെബ്രുവരി 21–മാർച്ച് 1

∙ സെമിഫൈനൽ: മാർച്ച് 4, 5

∙ ഫൈനൽ: മാർച്ച് 8

ഇന്ത്യയുടെ മത്സരങ്ങൾ

∙ ഫെബ്രുവരി 7: ഇന്ത്യ– യുഎസ്എ (മുംബൈ)

∙ ഫെബ്രുവരി 12: ഇന്ത്യ–നമീബിയ (ഡൽഹി)

∙ ഫെബ്രുവരി 15: ഇന്ത്യ– പാക്കിസ്ഥാൻ (കൊളംബോ)

∙ ഫെബ്രുവരി 18: ഇന്ത്യ– നെതർലൻഡ്സ് (അഹമ്മദാബാദ്)

ഗ്രൂപ്പ് എ: ഇന്ത്യ, പാക്കിസ്ഥാൻ, യുഎസ്എ, നെതർലൻഡ്സ്, നമീബിയ

ഗ്രൂപ്പ് ബി: ഓസ്ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, സിംബാബ്‌വെ, ഒമാൻ

ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ബംഗ്ലദേശ്, നേപ്പാൾ, ഇറ്റലി

ഗ്രൂപ്പ് ഡി: ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, കാനഡ‍, യുഎഇ

English Summary:

2026 T20 World Cup: 2026 T20 World Cup is scheduled to commence connected February 7th, featuring India and Pakistan successful the aforesaid group. The tourney volition beryllium hosted crossed India and Sri Lanka, culminating successful the last connected March 8th, with imaginable venue adjustments based connected Pakistan's progression.

Read Entire Article