മിലാൻ ∙ 9 ഗോൾ വ്യത്യാസത്തിൽ നോർവേയ്ക്കെതിരെ ഒരു വിജയം ഇറ്റാലിയൻ ആരാധകരുടെ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. എന്നാൽ, മിലാനിലെ സാൻസിറോ മൈതാനത്ത് നോർവേയ്ക്കെതിരെ ഒരു വിജയം അവർ മോഹിച്ചു. കഴിഞ്ഞ 2 ലോകകപ്പുകളിലായി ഫൈനൽസിലെത്താൻ യോഗമില്ലാതെ പോയ ടീമിന്റെ ആരാധകർക്ക് അതുപോലും ഒരു അതിമോഹമായിരുന്നു! യൂറോപ്യൻ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ, ഇറ്റലിയെ 4–1ന് തോൽപിച്ച് സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ നോർവേ 2026 ഫുട്ബോൾ ലോകകപ്പിനു ടിക്കറ്റെടുത്തു. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്.
ഈ തോൽവിയോടെ ഇറ്റലിയുടെ ലോകകപ്പ് മോഹങ്ങൾ പ്ലേ ഓഫ് റൗണ്ടിലേക്കു നീണ്ടു. പ്ലേ ഓഫ് കടമ്പ കടന്നാൽ അടുത്ത വർഷം യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന് ഇറ്റലിക്കു യോഗ്യത നേടാം. നോർവേയ്ക്കെതിരെ വിജയം മാത്രം ലക്ഷ്യമിട്ട് ആക്രമണ ഫുട്ബോൾ കളിച്ച ഇറ്റലി 11–ാം മിനിറ്റിൽ ഫ്രാൻസെസ്കോ പിയോ എസ്പോസിറ്റോയുടെ ഗോളിൽ ലീഡ് നേടി. ആദ്യ പകുതി തീരും വരെ ഇറ്റലിയുടെ ആക്രമണത്തിനു മൂർച്ചയുണ്ടായിരുന്നു. എന്നാൽ 2–ാം പകുതിയിൽ നോർവേ കളി തിരിച്ചുപിടിച്ചു.
അന്റോണിയോ നൂസ (63), എർലിങ് ഹാളണ്ട് (78,79 മിനിറ്റുകൾ), യോർഗൻ ലാർസൻ (90+3) എന്നിവരിലൂടെ 4 ഗോളുകൾ നോർവേ തിരിച്ചടിച്ചതോടെ ഇറ്റാലിയൻ ടീമംഗങ്ങൾ നിരാശയിലായി. അതിലേറെ നിരാശയോടെയാണ് കാണികൾ സാൻസിറോ സ്റ്റേഡിയം വിട്ടത്. പ്ലേ ഓഫ് ജയിച്ചു ലോകകപ്പിനെത്താനുള്ള ഗെയിം പ്ലാൻ തന്റെ ടീമിനുണ്ടെന്ന ശുഭപ്രതീക്ഷ പങ്കുവച്ചാണ് ഇറ്റലി കോച്ച് ഗെന്നാരോ ഗട്ടൂസോ മടങ്ങിയത്. ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നോർവേ, പോർച്ചുഗൽ എന്നീ ടീമുകളാണ് ഇതുവരെ യൂറോപ്പിൽനിന്നു ലോകകപ്പിനു യോഗ്യത നേടിയത്.
രണ്ടാംനിരയും ഉഷാർ!
നേരത്തേ യോഗ്യത ഉറപ്പിച്ച ഫ്രാൻസിന്റെ രണ്ടാംനിര ടീമാണ് അസർബൈജാനെതിരെ ഇറങ്ങിയത്. മത്സരം 3–1നു ജയിച്ച അവർ കോച്ച് ദിദിയെ ദെഷാമിന്റെ വിശ്വാസം കാത്തു. തന്റെ ടീമിന്റെ ബെഞ്ച് സ്ട്രെങ്‌തിലും തനിക്കു പ്രതീക്ഷയുണ്ടെന്നായിരുന്നു ദെഷാമിന്റെ പ്രതികരണം. വ്യാഴാഴ്ച യുക്രെയ്നെ തോൽപിച്ച മത്സരത്തിൽ കളിച്ച ഒരു താരത്തെ പോലും ആദ്യ ഇലവനിൽ ദെഷാം ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഇംഗ്ലണ്ടിന് എട്ടിൽ എട്ട്!
ഗ്രൂപ്പ് കെയിൽ അൽബേനിയയെ 2–0ന് തോൽപിച്ച ഇംഗ്ലണ്ട് യോഗ്യതാ റൗണ്ടിലെ 8 കളികളിൽ എട്ടും ജയിച്ചു. ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നതും ശ്രദ്ധേയം. ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിന്റെ അവസാന നേരത്ത് (74,82 മിനിറ്റുകൾ) ഇംഗ്ലണ്ടിന്റെ 2 ഗോളുകളും നേടിയത്. ഒരു ഗോൾ പോലും വഴങ്ങാതെ എല്ലാ കളികളും ജയിച്ച് ലോകകപ്പിനു യോഗ്യത നേടുന്ന ചരിത്രത്തിലെ ആദ്യ യൂറോപ്യൻ ടീമെന്ന ബഹുമതിയും ഇംഗ്ലണ്ടിനു സ്വന്തമായി.
English Summary:








English (US) ·