'ദി സിംസണ്‍സ്' എന്ന പ്രശസ്ത അമേരിക്കന്‍ ആനിമേറ്റഡ് സിറ്റ്‌കോമിന്റെ ജനപ്രിയതയ്ക്കുള്ള കാരണങ്ങളിലൊന്ന് അതില്‍ ചിത്രീകരിച്ച പല സംഭവങ്ങളും വര്‍ഷങ്ങള്‍ക്കു ശേഷം യാഥാര്‍ത്ഥ്യമായി എന്നതാണ്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതാണ് സത്യമായി തീര്‍ന്ന പ്രവചനങ്ങളിലൊന്ന്. രണ്ടായിരാമാണ്ട് മാര്‍ച്ച് 19-ന് സംപ്രേഷണം ചെയ്ത 'ബാര്‍ട്ട് ടു ദി ഫ്യൂച്ചര്‍' എന്ന എപ്പിസോഡില്‍ (സീസണ്‍ 11, എപ്പിസോഡ് 17) ഒരു കഥാപാത്രം അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാവുന്നതും 'മുന്‍പ്രസിഡന്റ് ട്രംപ്' വരുത്തിവച്ച ബജറ്റ് പ്രതിസന്ധി കാരണം കഷ്ടപ്പെടുന്നതുമാണ് കഥ. പതിനാറു വര്‍ഷത്തിനു ശേഷം ട്രംപ് പ്രസിഡന്റായി!
അതുപോലെ ലോകത്തെ ഞെട്ടിച്ച നിരവധി 'പ്രവചനങ്ങള്‍ 'സിംസണ്‍സ്' പരമ്പരയില്‍ വന്നിട്ടുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍ (1995), ഹിഗ്സ് ബോസന്‍ പാര്‍ട്ടിക്കിള്‍ (1998), വീഡിയോ കോളിങ് (1995) തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ആദ്യം കണ്ടത് സിംസണിലായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. എബോള വൈറസിന്റെ വ്യാപനമാണ് ഞെട്ടിച്ച മറ്റൊരു പ്രവചനം. 1997-ല്‍ സംപ്രേഷണം ചെയ്ത ഒരു എപ്പിസോഡില്‍ ഒരു കഥാപാത്രം രോഗശയ്യയില്‍ കഴിയുന്ന ഒരാളോടു പറയുന്നു, 'ക്യൂരിയസ് ജോര്‍ജ് ആന്‍ഡ് ദി എബോള വൈറസ്' വായിക്കാന്‍! പതിനേഴു വര്‍ഷത്തിനു ശേഷം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോള രോഗം പതിനൊന്നായിരം പേരുടെ ജീവനെടുത്തെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.

എന്തിനാണ് 'സിംസണ്‍സ്' പുരാണം എന്നല്ലേ ചിന്തിക്കുന്നത്? 2026-ല്‍ അമേരിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ചാമ്പ്യന്‍മാരാവുമെന്ന് സിംസണ്‍സ് പ്രവചിച്ചെന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഫൈനലില്‍ മെക്സിക്കോയെ പരാജയപ്പെടുത്തി പോര്‍ച്ചുഗീസ് ടീം ലോകകപ്പ് കരസ്ഥമാക്കുമെന്ന് 1997-ലെ ഒരു എപ്പിസോഡില്‍ പ്രവചിച്ചിരുന്നുവെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ കാട്ടി ചിലര്‍ അവകാശപ്പെടുന്നു. പക്ഷേ, വീഡിയോയില്‍ ഒരിടത്തും 2026 എന്നോ ലോകകപ്പ് എന്നോ കളിയില്‍ ആരു ജയിച്ചു എന്നോ പറയുന്നില്ല! അതുകൊണ്ടുതന്നെ 2018-ലെയും 2022ലെയും ലോകകപ്പുകള്‍ നടക്കുന്ന സമയത്ത് ഇതേ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അമേരിക്കന്‍ ജീവിതരീതിയെ പരിഹാസത്തോടെ നോക്കിക്കാണുന്ന പരമ്പര മാത്രമാണ് 'സിംസണ്‍സ്'. അതിലെ പ്രവചനങ്ങളെ ഗൗരവമായി എടുക്കരുതെന്ന് കരുതുന്നവരുണ്ട്. എഴുന്നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട പരമ്പരയായതിനാല്‍ സമീപകാലത്തെ പല കാര്യങ്ങളുമായും പൊരുത്തപ്പെടുന്ന കഥാസന്ദര്‍ഭങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് അവര്‍ പറയുന്നു. പരമ്പരയുടെ എഴുത്തുകാരായ മാറ്റ് ഗ്രോണിംഗ് അടക്കമുള്ളവര്‍ സിംസണെ അടിസ്ഥാനമാക്കിയ പ്രവചനങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. 'ഞങ്ങള്‍ തമാശ ഉണ്ടാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത് പ്രവചനം നടത്താനല്ല' എന്ന് 2017-ല്‍ ഗ്രോണിംഗ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

പോര്‍ച്ചുഗലിന്റെ കിരീടസ്വപ്നവും മാര്‍ട്ടിനെസിന്റെ തന്ത്രങ്ങളും
'സിംസണ്‍സി'ന്റെ പ്രവചനത്തില്‍ കാര്യമില്ലായിരിക്കാം. പക്ഷേ, അമേരിക്ക കാനഡ മെക്സിക്കോ എന്നീ രാജ്യങ്ങളിലായി 2026 ജൂണില്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് പോര്‍ച്ചുഗല്‍. അതാണ് ഇത്തരം പ്രവചനങ്ങളെയും 'തള്ളുകളെയും' ഗൗരവമായി എടുക്കാന്‍ ഫുട്ബോള്‍ പ്രേമികളെ പ്രേരിപ്പിക്കുന്നത്. 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് പറങ്കികള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. അക്കുറി ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയോട് തോറ്റു മടങ്ങി. പരാജയത്തിനു ശേഷം കണ്ണീരൊഴുക്കിയ റൊണാള്‍ഡോയെ പ്രേക്ഷകര്‍ പെട്ടെന്നൊന്നും മറക്കാനിടയില്ല. ഒരുപക്ഷേ, ലോകകപ്പ് നേടാനുള്ള അവസാന അവസരം നഷ്ടപ്പെട്ടു പോയി എന്ന വിചാരമാകാം, അല്ലെങ്കില്‍ മാനേജര്‍ ഫെര്‍നാന്‍ഡോ സാന്റോസ് സ്വിറ്റ്സര്‍ലന്‍ഡിനെതിരായ കളിയില്‍ ബെഞ്ചിലിരുത്തുകയും ക്വാര്‍ട്ടറില്‍ രണ്ടാം പകുതിയില്‍ മാത്രം കളിക്കളത്തിലിറക്കുകയും ചെയ്തതിലെ മനോവേദനയാകാം സിആര്‍ സെവനെ കണ്ണീരണിയിച്ചത്. പിന്നീട് സാന്റോസിന് രാജിവെക്കേണ്ടതായും വന്നു.
വളരെ പെട്ടെന്നാണ് പരാജയത്തിന്റെ നിഴലില്‍ നിന്നും പറങ്കികള്‍ ഉയര്‍ത്തെണീറ്റത്. അതിനു കാരണക്കാരനായത് റോബര്‍ട്ടോ മാര്‍ട്ടിനെസ് എന്ന സ്പാനിഷ് പരിശീലകനും. പ്രതിഭാദാരിദ്ര്യമില്ലെങ്കിലും ഒത്തിണക്കത്തിന്റെ കുറവുണ്ടായിരുന്നു പോര്‍ച്ചുഗീസ് ടീമിന്. യുവത്വത്തിന്റെ ചോരത്തിളപ്പും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരം വയ്ക്കാനില്ലാത്ത പരിചയസമ്പത്തും മനോഹരമായി സമ്മേളിക്കുന്ന ഒത്തിണക്കമുള്ള ടീം. ഓരോ പൊസിഷനിലും കളിക്കുന്നത് ലോകത്തെ ഏറ്റവും മികച്ചവരില്‍ പെടുന്ന കളിക്കാരാണ്. സമീപകാലത്തെ ടീമിന്റെ തിളക്കമാര്‍ന്ന പ്രകടനം നോക്കിയാല്‍ അത് നമുക്ക് മനസ്സിലാകും. അതില്‍ ഏറ്റവും ഒടുവിലത്തെ നേട്ടമായിരുന്നു യുവേഫ നേഷന്‍സ് ലീഗ് കിരീടം. ചരിത്രത്തില്‍ ആദ്യമായി ഫുട്ബോള്‍ ലോകകപ്പ് നേടാനുള്ള എല്ലാ കഴിവും തികഞ്ഞ ടീം.
.jpg?$p=521fb1f&w=852&q=0.8)
എങ്കിലും മാര്‍ട്ടിനെസ്സിന് തുടക്കത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. 2023 ജനുവരിയിലാണ് അദ്ദേഹം ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമി സാന്റോസിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ 2016-ലെ യൂറോ കപ്പും 2019-ലെ യുവേഫാ നേഷന്‍സ് ലീഗ് കിരീടവും നേടിയിരുന്നു പരമ്പരാഗതമായ തന്ത്രങ്ങള്‍ മാറ്റാന്‍ തയ്യാറാകാത്തതും നല്ലകാലം പിന്നിട്ടുതുടങ്ങിയ പെപ്പെ, റൊണാള്‍ഡോ തുടങ്ങിയ താരങ്ങളെ അമിതമായി ആശ്രയിച്ചതും കാരണം ടീമിന് വളര്‍ച്ചയുണ്ടായില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. മാര്‍ട്ടിനെസ് പുരോഗമനപരമായി ചിന്തിക്കുന്ന, പൊസഷന്‍ ഗെയിമില്‍ വിശ്വാസമുള്ളയാളാണ്. കൂടുതല്‍ ഒഴുക്കുള്ള ആക്രമോത്സുകമായ ശൈലിയാണ് അദ്ദേഹത്തിന്റേത്. ചുമതല ഏറ്റെടുത്ത് അധികം വൈകാതെ തന്റെ രീതികളുടെ വ്യത്യാസം ലോകത്തെ അറിയിക്കാന്‍ അദ്ദേഹത്തിനായി. മാര്‍ട്ടിനെസിന്റെ തന്ത്രപരമായ സൂക്ഷ്മത കളിക്കളത്തിന് പുറത്തേക്കും നീളുന്നു. ടീമില്‍ ഐക്യത്തിന്റെ ഒരു സംസ്‌കാരം വളര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഏറെക്കുറെ വിജയിച്ചു എന്നുവേണം കരുതാന്‍.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കീഴില്‍ പോര്‍ച്ചുഗല്‍ വളരെ പ്രസ് ചെയ്തു കളിക്കുന്ന, അതിവേഗം പന്തു പരസ്പരം കൈമാറുന്ന രീതിയില്‍ കളിച്ചു, അതേസമയം, കളിക്കാര്‍ക്ക് സര്‍ഗാത്മകത പ്രകടമാക്കാന്‍ അവസരവും നല്‍കി. അതിന്റെ പരിണതഫലം വളരെ വ്യക്തമാണ്. 2023 പോര്‍ച്ചുഗല്‍ കളിച്ച 10 മത്സരങ്ങളും ജയിച്ചു. 36 ഗോള്‍ അടിച്ചു, വാങ്ങിയത് രണ്ടെണ്ണം മാത്രം. ഇക്കഴിഞ്ഞ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിയും സ്പെയിനും പോലുള്ള അതിശക്തരായ ഫുട്ബോള്‍ രാജ്യങ്ങള്‍ക്ക് മേല്‍ വ്യക്തമായ മേധാവിത്വത്തോടെയാണ് പോര്‍ച്ചുഗല്‍ വിജയം നേടിയത്. ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും ഗോള്‍ നേടിയ റൊണാള്‍ഡോ ടീമിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. എട്ടു ഗോള്‍ നേടിയ ആ നാല്‍പ്പതുകാരനായിരുന്നു ടൂര്‍ണമെന്റിലെ ടോപ്സ്‌കോറര്‍.
.jpg?$p=274e7bd&w=852&q=0.8)
റൊണാള്‍ഡോയ്ക്കുവേണ്ടി ഒരു ലോകകപ്പ്
പോര്‍ച്ചുഗലിന്റെ പുനരുജ്ജീവനത്തിന്റെ ഹൃദയമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഗോള്‍വേട്ടയില്‍ സാധ്യമായ മിക്കവാറും റെക്കോഡുകള്‍ സ്വന്തം പേരിലെഴുതിക്കഴിഞ്ഞ റൊണാള്‍ഡോയ്ക്ക് കളിക്കളത്തില്‍ നേടാന്‍ അവശേഷിക്കുന്നത് ലോകകപ്പ് മാത്രമാണ്. ഖത്തര്‍ ലോകകപ്പില്‍ തന്റെ എക്കാലത്തെയും എതിരാളി അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ടീമാണ് കപ്പു കൊണ്ടുപോയത്. അടുത്ത വര്‍ഷം ഒരിക്കല്‍ കൂടി കളത്തില്‍ ഏറ്റുമുട്ടുമോ എന്ന കാര്യം വ്യക്തമല്ല. 2026-ല്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ റൊണാള്‍ഡോ ആറുലോകകപ്പില്‍ കളിച്ച ഏകകളിക്കാരന്‍ ആകും. ഒരുപക്ഷേ അദ്ദേഹം റെക്കോഡ് മെസ്സിയുമായി പങ്കുവെച്ചേക്കും.
ഇനി അറിയേണ്ടത് റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നത്തിനൊപ്പമാണോ ടീം എന്നതാണ്. റോണോയുടെ ലോകകപ്പ് സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുക എല്ലാവരുടെയും താത്പര്യമാണെന്ന് ടീമംഗം ഡീഗോ ഡാലോ പറഞ്ഞു. പോര്‍ച്ചുഗലിനു വേണ്ടി അദ്ദേഹം വമ്പന്‍ വിജയങ്ങള്‍ നേടുന്നതു കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട് എന്നും.
എന്തായാലും 41-ാം വയസ്സില്‍ തന്റെ കാലുകളിലെ അവശേഷിക്കുന്ന എല്ലാ ശക്തിയും റൊണാള്‍ഡോ ലോകകപ്പില്‍ ചെലവാക്കുമെന്നുറപ്പാണ്. വര്‍ഷങ്ങള്‍ ഇളപ്പമുള്ള കളിക്കാരെക്കാള്‍ ഫിറ്റാണ് അദ്ദേഹം. പക്ഷേ, പ്രായം കൂടുമ്പോള്‍ ശരീരത്തിനു മാത്രമല്ല, മനസ്സിനും വരുന്ന ചില മാറ്റങ്ങളുണ്ട്. അതുണ്ടായേ പറ്റൂ. വേഗത്തില്‍, റിഫ്ളക്സുകളില്‍ ഒക്കെ. അദ്ദേഹത്തിന്റെ ചലനക്ഷമത കുറയുന്നതായും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ചിലപ്പോള്‍ മങ്ങിപ്പോവുന്നതായും വിമര്‍ശകര്‍ പറയുന്നു. 2022-ലെ ലോകകപ്പിലും 2024 യൂറോയിലും അത് കണ്ടെന്നും അവര്‍ പറയുന്നു. ഘട്ടം ഘട്ടമായി റൊണാള്‍ഡോയെ ഒഴിവാക്കുന്നതാണ് ടീമിനു നല്ലതെന്നും അവര്‍ പറഞ്ഞുവെക്കുന്നു.
റൊണാള്‍ഡോയുടെ മറ്റാര്‍ക്കുമില്ലാത്ത അത്രയും വലിയ ഉത്സാഹത്തെയും വിജയിക്കാനുള്ള ആഗ്രഹത്തെയും പറ്റിയാണ് കൂടെ കളിക്കുന്നവര്‍ പറയുന്നത്. എട്ടുവര്‍ഷം ദേശീയ ടീമില്‍ റൊണാള്‍ഡോയെ പരിശീലിപ്പിച്ച സാന്റോസ് ഗോള്‍ നേടാനുള്ള അദ്ദേഹത്തിന്റെ അനാദൃശ്യമായ കഴിവിനെയും ടീമിനെ പ്രചോദിപ്പിക്കുന്ന നേതൃത്വത്തെയും വാഴ്ത്തുന്നു. മറ്റൊരു കപ്പുകൂടി പോര്‍ച്ചുഗലിന് വാങ്ങിക്കൊടുക്കാന്‍ റൊണാള്‍ഡോ പരമാവധി ശ്രമിക്കുമെന്നതില്‍ അദ്ദേഹത്തിന് സംശയമില്ല. റൊണാള്‍ഡോയുടെ ലോകകപ്പ് വിജയം പോര്‍ച്ചുഗലിനും വലിയ നേട്ടം ആയിരിക്കും. രാജ്യത്തിനു വേണ്ടി വിജയിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല എന്ന് പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ലോകകപ്പ് നേടിയാല്‍ പോര്‍ച്ചുഗല്‍ യൂറോപ്പിലെ ഫുട്ബോള്‍ വന്‍ശക്തികളുടെ നിരയിലെത്തും.
.jpg?$p=005c1c1&w=852&q=0.8)
പറങ്കിപ്പടയിലെ പ്രതിഭാപ്രളയം
ഒരുപക്ഷേ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ പ്രതിഭാസമ്പന്നമായ ടീമാണ് പോര്‍ച്ചുഗലിന്റേത്. ഗോള്‍കീപ്പര്‍ തൊട്ട് സ്ട്രൈക്കര്‍ വരെ എല്ലാവരും മികച്ച ഫോമില്‍ കളിക്കുന്ന സമയവുമാണ്. മിക്കവാറും പേര്‍ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഏറ്റവും നല്ല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നവരാണ്. 2026 ലോകകപ്പില്‍ പോര്‍ച്ചുഗലിനു വേണ്ടി ബൂട്ടുകെട്ടുന്നവരുടെ ഒരു സാധ്യതാ ലൈനപ്പ് നോക്കുക. ചില ഫുട്ബോള്‍ മാസികകളുടെ കണക്കുകൂട്ടലുകളും നേഷന്‍സ് ലീഗിലെ പ്രകടനവും ഉപയോഗിച്ചാണ് ഇതുണ്ടാക്കിയത്.
ഗോള്‍ കീപ്പര്‍: ഡീഗോ കോസ്റ്റ. (26, എഫ്‌സി പോര്‍ട്ടോ). പോര്‍ച്ചുഗീസ് പ്രതിരോധത്തിന്റെ മൂലക്കല്ല്. അയാളെ കടന്ന് പോര്‍ച്ചുഗീസ് വലയില്‍ പന്തെത്തിക്കുക എളുപ്പമല്ല. പെനാല്‍റ്റി കിക്ക് തടയുന്നതില്‍ വിദഗ്ധനാണ്.
പ്രതിരോധനിര: ഡീഗോ ഡാലോ (27, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്), റൂബന്‍ ഡയസ് (29, മാഞ്ചെസ്റ്റര്‍ സിറ്റി), അന്റോണിയോ സില്‍വ (22, ബെന്‍ഫിക), ന്യൂനോ മെന്‍ഡസ് (24, പിഎസ്ജി) ഡയസിന്റെ പരിചയസമ്പത്തും സില്‍വ, മെന്‍ഡസ് എന്നിവരുടെ യുവശക്തിയും ഡാലോയുടെ പ്രതിഭയും മെന്‍ഡസിന്റെ അക്രമോത്സുകതയും കോട്ടയെ ഭദ്രമാക്കുന്നു..
മധ്യനിര: യൂറോപ്പിലേക്കും മികച്ചത് എന്ന് വേണമെങ്കില്‍ പറയാം. ബ്രൂണോ ഫെര്‍ണാണ്ടസ് (30, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്), വിറ്റിഞ്ഞ്യ (26, പിഎസ്ജി), ജാവോ നെവെസ് (21, പിഎസ്ജി). പറങ്കികളുടെ മിഡ്ഫീല്‍ഡിലെ കിരീടം വെയ്ക്കാത്ത രാജാവാണ് ബ്രൂണോ. ചാമ്പ്യന്‍സ് ലീഗില്‍ കഴിവു തെളിയിച്ചയാളാണ് വിറ്റിഞ്ഞ്യ. നെവെസ് മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്.
മുന്‍നിര: റാഫേല്‍ ലിയാവോ (എസി മിലന്‍), ബെര്‍ണാഡ് സില്‍വ (31, മാഞ്ചെസ്റ്റര്‍ സിറ്റി), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (40, അല്‍ നസര്‍). ലിയാവോയുടെ വേഗവും ഫ്ളെയറും കണ്ടുതന്നെ ആസ്വദിക്കേണ്ടതാണ്.
.jpg?$p=11f3189&w=852&q=0.8)
ഒന്നാം ഇലവനോളം ശക്തമായ സംഘം പോര്‍ച്ചുഗീസ് ബെഞ്ചിലുണ്ട്. ബഹുമുഖപ്രതിഭയായ ജാവോ ഫെലിക്സ് (26, എസി മിലാന്‍), ഡീഗോ ജോട്ട (28, ലിവര്‍പൂള്‍), പെഡ്രോ നെറ്റോ (25, ചെല്‍സി) ഗോണ്‍സാലോ റാമോസ് (24, പിഎസ്ജി), ഫ്രാന്‍സിസ്‌കോ കൊണ്‍സീക്കാവോ (22, യുവന്റസ്), റോഡ്രിഗോ മോറ (20, പോര്‍ട്ടോ), ജാവോ കാന്‍സെലോ (32, മാഞ്ചെസ്റ്റര്‍ സിറ്റി) എന്നിങ്ങനെ ഒന്നിനൊന്നു മികച്ച കളിക്കാര്‍.
ബ്രസീലിന്റെ പ്രതിഭാവിലാസം മുതല്‍ ഫ്രഞ്ചുകാരുടെ ശരീരശക്തിയിലൂന്നിയ കളി വരെ ചെറുക്കാന്‍ കഴിവുള്ള മിടുക്കന്‍ ചെറുപ്പക്കാരുടെ സംഘമാണ് മാര്‍ട്ടിനെസിന്റെ കൈവശമുള്ളത്. റൊണാള്‍ഡോയും ബെര്‍ണാഡോ സില്‍വയുമൊക്കെ കളമൊഴിഞ്ഞാലും പറങ്കിക്കപ്പലിന് കുറേക്കാലത്തേക്ക് ഉലച്ചിലൊന്നുമുണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന സംഘം.
മാര്‍ട്ടിനെസ് പരിശീലിപ്പിക്കുന്ന, റൊണാള്‍ഡോ നയിക്കുന്ന ഈ സംഘമാവും പോര്‍ച്ചുഗീസ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാസമ്പന്നമായ ടീം. 2002-ല്‍ ഫിഫ ലോകകപ്പ് കളിച്ച, ബ്രസീലുകാരന്‍ ലൂയിസ് ഫിലിപ്പ് സ്‌കൊളാരിയുടെ സുവര്‍ണതലമുറയേക്കാള്‍ ഒരുപിടി മുന്നില്‍. അന്ന് റൊണാള്‍ഡോയ്ക്ക് 19 വയസ്സായിരുന്നു. മധ്യനിരയില്‍ ലൂയി ഫീഗോയും ഡെക്കോയും പ്രതിരോധനിരയില്‍ കര്‍വാലിയോയും മുന്‍നിരയില്‍ പൗലേറ്റയും റൊണാള്‍ഡോയും. ആ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു. ഇന്നത്തെ ടീമിന് കൂടുതല്‍ പ്രതിഭയുണ്ട്, ആഴമുണ്ട്, ഘടനാപരമായ ഭദ്രതയുണ്ട്, തന്ത്രപരമായ മുന്‍തൂക്കമുണ്ട്. പോരാത്തതിന്, ക്രിസ്റ്റ്യാനോയ്ക്കു വേണ്ടി കപ്പ് നേടാനുള്ള അഭിനിവേശവുമുണ്ട്. 'സിംസണ്‍സ്' പ്രവചനമെന്തായാലും പറങ്കികള്‍ക്ക് കപ്പു നേടാന്‍ ഇതിലും മികച്ച വിഭവങ്ങള്‍ ഇനി കിട്ടണമെന്നില്ല!








English (US) ·