10 March 2025, 09:35 PM IST

രോഹിത് ശർമ, Photo: ANI
ദുബായ്: 2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ നിമിഷം തന്റെ ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതിലാണെന്നും അത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും രോഹിത് പറഞ്ഞു. ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന് ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അടുത്ത ലോകകപ്പില്‍ കളിക്കുമോ എന്ന് വ്യക്തതവരുത്താതെയുള്ള രോഹിത്തിന്റെ പ്രതികരണം.
'നിലവില്‍ ഓരോ കാര്യങ്ങളും വരുന്നതിനനുസരിച്ചാണ് ഞാന്‍ നിലപാടെടുക്കുന്നത്. കുറേ കഴിഞ്ഞ് നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ചിന്തിക്കുന്നത് ഗുണകരമല്ല. ഈ നിമിഷം എന്റെ ശ്രദ്ധ മുഴുവനും നന്നായി കളിക്കുന്നതിലും അനുകൂല മാനസികാവസ്ഥ രൂപപ്പെടുത്തിയെടുക്കുന്നതിലുമാണ്. 2027 ലോകകപ്പില്‍ ഞാന്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ല.' - രോഹിത് ജിയോ ഹോട്ട്‌സ്റ്റാറിനോട് പറഞ്ഞു.
താന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും ടീമംഗങ്ങള്‍ എന്റെ സാന്നിധ്യത്തില്‍ സന്തുഷ്ടരാണെന്നാണ് കരുതുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 'ടൂര്‍ണമെന്റിലെ അഞ്ച് മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ടിട്ടും ഞങ്ങള്‍ അപരാജിതരായി കിരീടം നേടി. ഒരു തോല്‍വി പോലുമില്ലാതെ കിരീടം നേടുക എന്നത് വലിയ നേട്ടമാണ്. അത് പൂര്‍ണ തൃപ്തി നല്‍കുന്നതാണ്. പ്രത്യേകത നിറഞ്ഞതും.' - രോഹിത് പറഞ്ഞു.
ടീമിലെ ഐക്യമാണ് കിരീടനേട്ടത്തിന് പിന്നിലെന്നും താരങ്ങളുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം കൂട്ടായ വിജയത്തിനായി എല്ലാവരും പരിശ്രമിച്ചെന്നും രോഹിത് പറഞ്ഞു. '2023 ലോകകപ്പിന് മുമ്പ് ഞങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം കൊണ്ടുവരുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. വ്യക്തിഗത നേട്ടങ്ങളിലായിരുന്നില്ല ശ്രദ്ധ. ടീം വിജയിച്ചില്ലെങ്കില്‍ സെഞ്ചുറി നേടുന്നതിലോ അഞ്ച് വിക്കറ്റെടുക്കുന്നതിലോ കാര്യമില്ല. അത് ഞാന്‍ 2019-ല്‍ മനസിലാക്കി. ഞാന്‍ അഞ്ച് സെഞ്ചുറികള്‍ നേടി. എന്നിട്ടും കിരീടം നേടാനായില്ല. അതിലെന്ത് അര്‍ഥമാണുള്ളത്?' - രോഹിത് കൂട്ടിച്ചേര്‍ത്തു.
Content Highlights: rohit sharma connected 2027 odi satellite cupful participation








English (US) ·