2027 ഏകദിന ലോകകപ്പ് സ്വന്തമാക്കണം; വിരമിക്കില്ലെന്ന് വ്യക്തമാക്കി വിരാട് കോലി

9 months ago 7

01 April 2025, 08:14 PM IST

virat kohli

വിരാട് കോലി പരിശീലനത്തിനിടെ

ബെംഗളൂരു: ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ സ്വന്തം നിലപാട് വ്യക്തമാക്കി വിരാട് കോലി. അടുത്ത ഏകദിന ലോകകപ്പ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഉടന്‍ തന്നെ വിരമിക്കാന്‍ പദ്ധതിയില്ലെന്നും താരം പറഞ്ഞു. 2024-ലെ ടി20 ലോകകപ്പും 2025 ചാമ്പ്യന്‍സ് ട്രോഫിയും ജയിച്ച ഇന്ത്യന്‍ ടീമില്‍ കോലിയുണ്ടായിരുന്നു. ദീര്‍ഘനാളത്തെ ഇന്ത്യയുടെ ഐസിസി കിരീട വരള്‍ച്ചയ്ക്ക് അറുതിയായതും ഈ കിരീട വിജയങ്ങളോടെയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത ഏകദിന ലോകകപ്പ് ജയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു കോലിയുടെ വാക്കുകള്‍. കരിയറിലെ അടുത്ത വലിയ ചുവടുവെയ്പ്പ് എന്താണെന്ന് കോലിയോട് അവതാരക ചോദിച്ചു. അടുത്ത വലിയ ചുവടുവെയ്പ്പ് എന്താണെന്ന് തനിക്കറിയില്ലെന്ന് മറുപടി നല്‍കിയ കോലി, പിന്നീട് അടുത്ത ലോകകപ്പ് നേടാന്‍ ശ്രമിക്കാമെന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. താരത്തിന്റെ ഉത്തരം കേട്ടപാടെ കാണികള്‍ കൈയടിക്കാനും ആര്‍പ്പുവിളിക്കാനും തുടങ്ങി.

2011-ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നു കോലി. 2015-ലും കോലി ക്യാപ്റ്റനായ 2019-ലും ഇന്ത്യ സെമിയില്‍ തോറ്റ് പുറത്താകുകയായിരുന്നു. 2023 ലോകകപ്പിലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയയോട് തോറ്റു. ടൂര്‍ണമെന്റില്‍ 11 മത്സരങ്ങളില്‍ നിന്ന് 95.62 ശരാശരിയില്‍ മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 765 റണ്‍സ് നേടിയ കോലി ലോകകപ്പ് റണ്‍വേട്ടയില്‍ റെക്കോഡിടുകയും ടൂര്‍ണമെന്റിന്റെ താരമാകുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027-ലെ ലോകകപ്പ് നടക്കുക.

Content Highlights: Virat Kohli confirms he`s not retiring, aiming for the 2027 Cricket World Cup triumph aft impressi

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article