Published: November 28, 2025 09:41 AM IST Updated: November 28, 2025 09:57 AM IST
1 minute Read
മുംബൈ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ പുറത്താക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ. ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ ഹോം ടെസ്റ്റ് പരമ്പരയാണ് ഗംഭീറിനു കീഴിൽ ഇന്ത്യൻ ടീം തോൽക്കുന്നത്. ഇതിനു മുൻപ് ന്യൂസീലൻഡിനോടും ഇന്ത്യ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇതോടെയാണ് ടെസ്റ്റ് പരിശീലക സ്ഥാനത്തുനിന്നു ഗംഭീറിനെ നീക്കുമെന്ന് റിപ്പോർട്ടുകൾ പരന്നത്.
പകരം മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണിനെ ടെസ്റ്റ് കോച്ച് ആക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നു. ഗംഭീറിന്‍റെ അനാവശ്യ പരിഷ്കാരങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നു മുന്‍താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു എന്നാൽ തൽക്കാലം ഗംഭീറിനെ നീക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. നിലവില്‍ ഗംഭീറിനൊപ്പം നില്‍ക്കാനാണ് ബിസിസിഐയുടെ തീരുമാനം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന– ട്വന്റി20 പരമ്പരകൾക്കു ശേഷം ടീം മാനേജ്‌മെന്റും സെലക്ടർമാരും യോഗം ചേരുമെന്നു ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
‘‘ഗൗതം ഗംഭീറിന് പകരക്കാരനെ ഇപ്പോൾ ഞങ്ങൾ നോക്കുന്നില്ല. അദ്ദേഹം ഒരു ടീമിനെ പുനർനിർമിക്കുകയാണ്. 2027 ലോകകപ്പ് വരെയാണ് അദ്ദേഹത്തിന്റെ കരാർ.’’ ബിസിസിഐ വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു ശേഷം ടീം മാനേജ്‌മെന്റും സെലക്ടർമാരും തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാകും. ടെസ്റ്റ് ടീമിന്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്തണമെന്ന് ഗംഭീറിനോട് ചോദിക്കും.’’– വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
നേരത്തെ, ഗംഭീറിനെ പിന്തുണച്ച് സുനിൽ ഗാവസ്കറും രംഗത്തെത്തിയിരുന്നു. ‘‘ഗംഭീർ ഒരു കോച്ചാണ്. ടീമിനെ വാർത്തെടുക്കുകയാണ് കോച്ച് ചെയ്യുന്നത്. ഗംഭീറിനെ പോലെ പരിചയ സമ്പന്നനായ ഒരാൾക്ക് ടീമിനെ കുറിച്ച് ഉറച്ച ബോധ്യങ്ങളുണ്ടാകും. കളിക്കാരാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടത്. ഗംഭീറിനെയല്ല കുറ്റപ്പെടുത്തേണ്ടത്. ഗംഭീറിന് കീഴിൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി നേടിയപ്പോഴും ഏഷ്യാക്കപ്പ് നേടിയപ്പോഴുമൊക്കെ വിമർശിക്കുന്നവർ എവിടെയായിരുന്നു?’’– ഗാവസ്കർ ചോദിച്ചു. അന്ന് ഗംഭീറിന്‍റെ കാലാവധി നീട്ടിക്കൊടുക്കണമെന്ന് പറയാതിരുന്നവര്‍ ഇപ്പോള്‍ പുറത്താക്കാന്‍ മുറവിളി കൂട്ടുന്നതെന്തിനെന്നും ടീം മോശം പ്രകടനം പുറത്തെടുത്താല്‍ കോച്ചിനെ കുറ്റപ്പെടുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:








English (US) ·