2030 കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ: ഔദ്യോഗികമായി പ്രഖ്യാപിച്ചു; അഭിമാനനിമിഷമെന്ന് പി.ടി.ഉഷ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 26, 2025 07:15 PM IST

1 minute Read

 IOA
2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡ‍ന്റ് പി.ടി.ഉഷ ഉൾപ്പെടെയുള്ളവർ. ചിത്രം: IOA

ഗ്ലാസ്ഗോ ∙ രാജ്യത്തെ കായിക കുതിപ്പിന് ആവേശം പകർന്ന് 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2030 ഗെയിംസിന്റെ വേദിയായി അഹമ്മദാബാദിനെ കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് കഴിഞ്ഞമാസം നിർദേശിച്ചിരുന്നു. ജനറൽ അസംബ്ലിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത്. 74 കോമൺവെൽത്ത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ തീരുമാനം അംഗീകരിച്ചു.

ഗെയിംസിനുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇതെന്ന് കോമൺവെൽത്ത് സ്പോർട്സ് പ്രസിഡന്റ് ഡോ. ഡോണൾഡ് റുക്കാരെ പറഞ്ഞു. 1930ൽ കാനഡയിലെ ഹാമിൽട്ടനിലാണ് ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നത്. അതിന്റെ നൂറാം വാർഷികത്തിലാണ് ഇന്ത്യയിൽവച്ച് വീണ്ടും കോമൺവെൽത്ത് ഗെയിംസ് അരങ്ങേറുന്നത്. 2010ലാണ് ഇന്ത്യ ഇതിനു മുൻപ് കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ചത്. 2036 ഒളിംപിക്സിനായുള്ള ഇന്ത്യയുടെ അവകാശവാദത്തിന് ബലമേകുന്നതാണ് കോമൺവെൽത്ത് ഗെയിംസ് സംഘാടനം.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്‌വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്ഗോയിലെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് പി.ടി.ഉഷ പ്രഖ്യാപന ചടങ്ങിൽ പറഞ്ഞു. “കോമൺവെൽത്ത് സ്പോർട്സ് കാണിക്കുന്ന വിശ്വാസത്തിൽ അഭിമാനമുണ്ട്. 2030ലെ ഗെയിംസ്, കോമൺവെൽത്ത് പ്രസ്ഥാനത്തിന്റെ നൂറാം വാർഷികാഘോഷം മാത്രമല്ല, അടുത്ത നൂറ്റാണ്ടിന് അടിത്തറ പാകുന്നതു കൂടിയാണ്. കോമൺവെൽത്തിലുടനീളമുള്ള കായികതാരങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും ഇത് ഒരുമിച്ച് കൊണ്ടുവരും.”– പി.ടി.ഉഷ പറഞ്ഞു.

English Summary:

Commonwealth Games 2030 volition beryllium hosted by Ahmedabad, India. This announcement marks a important milestone for Indian sports and strengthens India's bid for the 2036 Olympics.

Read Entire Article