Published: June 28 , 2025 09:03 AM IST
1 minute Read
ന്യൂഡൽഹി ∙ ഒളിംപിക്സ് ആതിഥേയ നഗരം തിരഞ്ഞെടുക്കുന്ന നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) തീരുമാനിച്ചു. ഇതോടെ 2036 ഒളിംപിക്സിന് അഹമ്മദാബാദിൽ വേദിയൊരുക്കാൻ ഒരുങ്ങുന്ന ഇന്ത്യയുടെ കാത്തിരിപ്പ് നീളും. തിരഞ്ഞെടുപ്പിന്റെ നിലവിലുള്ള നടപടി ക്രമങ്ങൾ സുതാര്യമാക്കുക, ആതിഥേയരെ പ്രഖ്യാപിക്കുന്നതിൽ സമയക്രമം നിശ്ചയിക്കുക എന്നിവ തീരുമാനിക്കുന്നതിനായാണ് താൽക്കാലിക ഇടവേളയെന്ന് ഐഒസിയുടെ പുതിയ പ്രസിഡന്റ് കിർസ്റ്റി കോവൻട്രി പറഞ്ഞു.
ഒളിംപിക്സ് ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പിൽ ഐഒസിയിലെ കൂടുതൽ അംഗരാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ലുസെയ്നിൽ നടന്ന ഐഒസി എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിനുശേഷം കോവൻട്രി പറഞ്ഞു. ‘ഹോസ്റ്റ് സിറ്റി’ തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാനുള്ള തീരുമാനത്തിന് ഐഒസി അംഗങ്ങളിൽനിന്ന് വലിയ പിന്തുണ ലഭിച്ചുവെന്നും നിലവിലെ നടപടിക്രമങ്ങൾ അവലോകനം ചെയ്യാൻ വർക്കിങ് ഗ്രൂപ്പിനെ നിയമിക്കുമെന്നും അവർ അറിയിച്ചു.
ഐഒസിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റശേഷമുള്ള ആദ്യ എക്സിക്യൂട്ടീവ് ബോർഡ് യോഗമായിരുന്നു ഇത്.
∙ ഇന്ത്യയുടെ പ്രതീക്ഷ മങ്ങില്ല
പ്രഖ്യാപനം നീണ്ടാലും 2036 ഒളിംപിക്സിന് വേദിയാകാനുള്ള ഇന്ത്യയുടെ സാധ്യതകൾക്കു മങ്ങലേൽക്കില്ല. കഴിഞ്ഞവർഷം ഒക്ടോബറിൽ ഔദ്യോഗികമായി താൽപര്യമറിയിച്ച ഇന്ത്യ, അഹമ്മദാബാദിൽ ഒരുക്കങ്ങളിൽ ഏറെ മുന്നോട്ടു പോയി. 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയൊരുക്കാനും ഇന്ത്യ താൽപര്യമറിയിച്ചു രംഗത്തുണ്ട്.
∙ ഒളിംപിക്സ് ആതിഥേയത്വത്തിനുള്ള നടപടി ക്രമങ്ങൾ പരിശോധിക്കുന്നത് ഇന്ത്യയുടെ സാധ്യതകളെ ഒരു തരത്തിലും ബാധിക്കില്ല. ഒളിംപിക്സിന് ഇന്ത്യ വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ ഒന്നിന് ഞാനുൾപ്പെടുന്ന ഇന്ത്യൻ പ്രതിനിധി സംഘം ലുസെയ്നിൽവച്ച് ഐഒസി പ്രസിഡന്റ് കിർസിറ്റി കോവൻട്രിയെ കാണുന്നുണ്ട്. - പി.ടി.ഉഷ, ഐഒഎ പ്രസിഡന്റ്
English Summary:








English (US) ·