Published: April 16 , 2025 04:50 PM IST
1 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനു കരുത്തായി 22 വയസ്സുകാരനായ ഇന്ത്യൻ പേസർ മയങ്ക് യാദവ് ടീമിനൊപ്പം ചേർന്നു. ശനിയാഴ്ച രാജസ്ഥാന്‍ റോയൽസിനെതിരായ മത്സരത്തിൽ മയങ്ക് യാദവ് കളിച്ചേക്കുമെന്നാണു പുറത്തുവരുന്ന വിവരം. മെഗാലേലത്തിനു മുൻപ് താരത്തെ ലക്നൗ നിലനിർത്തിയെങ്കിലും, പരുക്കു കാരണം ഒരു പന്തു പോലും ഐപിഎൽ സീസണിൽ എറിയാൻ സാധിച്ചിട്ടില്ല.
ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ താരത്തിന്റെ ചികിത്സയും പിന്നീടുള്ള പരിശീലനവും ബിസിസിഐയുടെ മേൽനോട്ടത്തിലായിരുന്നു. ബെംഗളൂരുവിലെ ‘സെന്റർ ഓഫ് എക്സലൻസിൽ’ പരിശീലിക്കുന്ന താരത്തിനു കഴിഞ്ഞ ആഭ്യന്തര സീസണും നഷ്ടമായി. കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലാണ് മയങ്ക് യാദവ് ഒടുവിൽ കളിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ 150 കിലോമീറ്റർ വേഗതയിൽ തുടർച്ചയായി പന്തെറിഞ്ഞാണ് ലക്നൗ പേസർ വാർത്തകളിൽ ഇടം പിടിച്ചത്.
തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി എതിരാളികളെ വിറപ്പിച്ചതോടെ, താരത്തിന് ആരാധകരേറി. മയങ്കിന്റെ തിരിച്ചുവരവോടെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ബോളിങ് യുണിറ്റിലെ പ്രശ്നങ്ങള്‍ ഏറക്കുറെ അവസാനിക്കുമെന്നാണു പ്രതീക്ഷ. ലക്നൗ ബോളർമാരായ മൊഹ്സിൻ ഖാൻ, ആവേശ് ഖാൻ, ആകാശ് ദീപ് എന്നിവർ പരുക്കിന്റെ പിടിയിലാണ്. വെറ്ററൻ ബോളർ ഷാർദൂൽ ഠാക്കൂർ മികച്ച രീതിയിൽ പന്തെറിയുന്നതാണു ടീമിന് ആശ്വാസമാകുന്നത്. പകരക്കാരനായി എത്തിയ ഷാർദൂൽ ലക്നൗവിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനയായി മാറുകയായിരുന്നു.
ആവേശ് ഖാനും ആകാശ് ദീപും തിരിച്ചെത്തിയെങ്കിലും, ഇനിയും പരുക്കേൽക്കാനുള്ള സാധ്യതയുണ്ട്. ഏഴു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ നാലു വിജയങ്ങളുമായി പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ് ലക്നൗ. ശനിയാഴ്ച നടക്കുന്ന മത്സരം രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലാണ്. മയങ്ക് യാദവ് സീസണിൽ ആദ്യമായി കളിക്കാനിറങ്ങിയാൽ സഞ്ജുവിനും സംഘത്തിനും വലിയ വെല്ലുവിളിയാകും നേരിടേണ്ടിവരിക.
English Summary:








English (US) ·