24 മണിക്കൂറിനിടെ ദേശീയ ടീമിലും പാക്ക് ക്രിക്കറ്റ് ലീഗിലും കളിച്ച് സിംബാബ്‍‌വെ താരം റാസ; ദേ പോയി, ദാ വന്നു !

7 months ago 10

മനോരമ ലേഖകൻ

Published: May 27 , 2025 07:40 AM IST

1 minute Read

ഫൈനലിൽ വിജയറൺ നേടിയ സിക്കന്ദർ റാസയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന ലഹോർ കലംദർസിലെ സഹതാരങ്ങൾ.
ഫൈനലിൽ വിജയറൺ നേടിയ സിക്കന്ദർ റാസയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന ലഹോർ കലംദർസിലെ സഹതാരങ്ങൾ.

ലഹോർ∙ ശനിയാഴ്ച വൈകിട്ട് സിംബാബ്‌വെ ദേശീയ ടീമിനൊപ്പം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കുന്നു, ഞായറാഴ്ച വൈകിട്ട് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലഹോർ കലംദർസിനൊപ്പം കിരീടമുയർത്തുന്നു; 24 മണിക്കൂറിനിടെ 2 വ്യത്യസ്ത രാജ്യങ്ങളിൽ ക്രിക്കറ്റ് കളിച്ച താരമെന്ന അപൂർവത സിംബാബ്‌വെയുട‌െ സിക്കന്ദർ റാസയ്ക്ക് സ്വന്തം. പിഎസ്എൽ കളിക്കുന്നതിനിടെയാണ് രാജ്യാന്തര ടെസ്റ്റ് പരമ്പരയ്ക്കായി റാസയെ സിംബാബ്‍വെ ടീം ഇംഗ്ലണ്ടിലേക്കു വിളിപ്പിച്ചത്. 

നോട്ടിങ്ങാമിൽ നടന്ന ടെസ്റ്റ് മത്സരം അവസാനിക്കുമ്പോൾ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് 5.30. ആഞ്ഞുപിടിച്ചാൽ ഞായറാഴ്ച നടക്കുന്ന പിഎസ്എൽ ഫൈനൽ കളിക്കാമെന്നു മനസ്സിലാക്കിയ മുപ്പത്തിയൊമ്പതുകാരൻ റാസ ഉടൻ യാത്ര തിരിച്ചു. ബർമിങ്ങാമിൽ നിന്നു വിമാന മാർഗം രാത്രി എട്ടോടെ ദുബായിയിൽ. അവിടെ നിന്ന് റോഡ് മാർഗം അബുദാബിയിലേക്ക്. ഞായർ ഉച്ചയോടെ അബുദാബിയിൽ നിന്ന് വിമാനത്തിൽ ലഹോറിലേക്ക്. ഞായറാഴ്ച വൈകിട്ട് 6.30നു ലഹോർ വിമാനത്താവളത്തിലെത്തിയ റാസ, ഫൈനൽ തുടങ്ങുന്നതിന് 10 മിനിറ്റ് മുൻപ് ഗ്രൗണ്ടിലെത്തി. 

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയപ്പോൾ കലംദർസ് 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 7 പന്തിൽ പുറത്താകാതെ 22 റൺസ് നേടിയ റാസയാണ് ടീമിന്റെ വിജയശിൽപി. എന്നാൽ ദേശീയ ടീമിനൊപ്പം കളിച്ച ടെസ്റ്റിൽ, അർധ സെ‍ഞ്ചറി നേടിയിട്ടും ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങാനായിരുന്നു റാസയുടെ വിധി. പാക്കിസ്ഥാനിൽ ജനിച്ച റാസയുടെ കുടുംബം 2002ലാണ് സിംബാബ്‌വെയിലേക്കു കുടിയേറിയത്.

English Summary:

Sikandar Raza: Sikandar Raza's unthinkable 24-hour travel saw him play a Test lucifer for Zimbabwe and past triumph the Pakistan Super League last with Lahore Qalandars.

Read Entire Article