Published: December 10, 2025 10:06 PM IST
1 minute Read
മുംബൈ∙ ദിവസം 24 മണിക്കൂറും മദ്യപിച്ചു നടന്നിരുന്ന കാലം തനിക്കുണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിൽ അങ്കോള. 1989ൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് സച്ചിൻ തെൻഡുൽക്കർക്കൊപ്പം സലിൽ അങ്കോളയും രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. ഇന്ത്യയ്ക്കായി 20 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള താരം, പിന്നീട് ബിസിസിഐ സിലക്ടറും ആയി പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചയായി പരുക്കേറ്റത് താരത്തിന്റെ കരിയറിൽ തിരിച്ചടിയായി. വൈകാതെ ടീമിൽനിന്നു പുറത്തായ സലിൽ അങ്കോള ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
‘‘നിരാശ കാരണം ഞാൻ കുറച്ചധികം കുടിക്കുമായിരുന്നു. ഞാൻ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴാണു പരുക്കേൽക്കുന്നത്. ജവഗല്‍ ശ്രീനാഥിന് പരുക്കായിരുന്നു. മനോജ് പ്രഭാകർ ഇല്ല. കപിൽ പാജി വിരമിച്ചു. അതുകൊണ്ടു തന്നെ ഞാനായിരുന്നു മുന്നിൽ. എന്നാൽ പെട്ടെന്ന് എല്ലാം ഇല്ലാതായി. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. 1999 മുതൽ 2011 വരെ ഞാൻ ഒരു ക്രിക്കറ്റ് മത്സരം പോലും കണ്ടിട്ടില്ല.’’
‘‘വീരേന്ദർ സേവാഗിന്റെ ബാറ്റിങ്ങും വിരാട് കോലിയുടെ അരങ്ങേറ്റവും ഞാൻ കണ്ടിട്ടില്ല. സഹീര്‍ ഖാനും അജിത് അഗാർക്കറും പന്തെറിയുന്നതു കണ്ടിട്ടില്ല. എന്തുകൊണ്ടാണ്? കാരണം ക്രിക്കറ്റ് കാണാന്‍ പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല.’’– സലിൽ അങ്കോള ഒരു യുട്യൂബ് ചാനലിനോടു പ്രതികരിച്ചു. ‘‘എത്ര കുടിക്കുമെന്നു പോലും ഞാൻ നോക്കിയിരുന്നില്ല. വർഷങ്ങളോളം അതു തുടർന്നു. 24 മണിക്കൂർ ഉണർന്നിരിക്കുകയാണെങ്കിൽ അത്രയും സമയം മുഴുവൻ കുടിച്ച് കളയും. പ്രശ്നങ്ങളില്‍നിന്നു രക്ഷപെടാനുള്ള എന്റെ വഴിയായിരുന്നു അത്. പലരും എന്നെ തടയാൻ ശ്രമിച്ചു. പക്ഷേ അതു നമ്മൾ സ്വയം എടുക്കേണ്ട തീരുമാനമാണ്. പല തവണ ഞാൻ മദ്യം ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ ഞാൻ തീരുമാനമെടുക്കുന്നതുവരെ അതുണ്ടായില്ല.’’
‘‘ദൈവം കരുണയുള്ളവനാണ്. ഞാൻ മരിച്ചുപോകേണ്ടതാണ്. 2014ൽ ഞാൻ മരിക്കുന്ന ഘട്ടം വരെയെത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിട്ടുണ്ട്. മൂന്നു തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. ഭാര്യയും കുടുംബവും സഹായിച്ചതിനാലാണു ഇന്നത്തെ ജീവിതത്തിലേക്കു തിരികെയെത്തിയത്.’’– അങ്കോള വ്യക്തമാക്കി.
English Summary:








English (US) ·