ന്യൂഡല്‍ഹി: അവിസ്മരണീയമായ ഒരുപിടി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച പരമ്പര 2-2 സമനിലയില്‍ കലാശിച്ചു. ആവേശോജ്ജ്വലമായ ചില കളിയനുഭവങ്ങളാണ് പരമ്പരയുടെ മാറ്റുകൂട്ടിയത്. അതാവട്ടെ, പൊതുവേ ടെസ്റ്റിനോട് വിമുഖത കാണിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് വേറിട്ടൊരനുഭവം തീര്‍ക്കുകയും ആളുകളെ ആകര്‍ഷിക്കാൻ ഉപകരിക്കുകയും ചെയ്തു.
25 റണ്‍സിനുള്ളിലാണ് രണ്ട് ടെസ്റ്റുകളിലെ ജയപരാജയത്തെ നിര്‍ണയിച്ചത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇതാദ്യമായാണ് അങ്ങനെ സംഭവിക്കുന്നത്. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും പോരാട്ടം അഞ്ചാംദിവസത്തേക്ക് നീണ്ടു എന്നതും ഇരുടീമുകളുടെയും ബലാബലത്തെയും പോരാട്ടവീര്യത്തെയും സൂചിപ്പിക്കുന്നു. ഒടുവില്‍ പരമ്പരയില്‍ ആര്‍ക്കും മുന്‍തൂക്കമില്ലെന്ന മട്ടില്‍ ഇരുടീമുകളും സമനിലക്ക് കൈക്കൊടുത്ത് പിരിഞ്ഞു.
ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം ഈ ബലാബലം കാണാനുണ്ട്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് ശരാശരി 37.57 ആണെങ്കില്‍ ഇന്ത്യയുടേത് 39.77 ആണ്. ഇംഗ്ലണ്ട് 41.84 റണ്‍സ് ശരാശരിയില്‍ 88 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഇന്ത്യ 38.38 ശരാശരിയില്‍ 84 വിക്കറ്റുകള്‍ സ്വന്തമാക്കി. അഞ്ച് ടെസ്റ്റുകളിലുമായി ബാറ്റര്‍മാര്‍ ആകെ 6736 റണ്‍സ് നേടി. ഇത് ടെസ്റ്റ് പരമ്പര ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ്. 1993-ലെ ആഷസിനെക്കാള്‍ 20 റണ്‍സ് കുറവ്. 19 സെഞ്ചുറി കൂട്ടുകെട്ടുകളും പിറന്നു. 21 സെഞ്ചുറികളാണ് ആകെ കുറിച്ചത്. ഇത് 1955-ലെ വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ പരമ്പരയിലേതിന് തുല്യമാണ്. ലീഡ്‌സില്‍ ഹാരി ബ്രൂക്ക് 99-ല്‍ പുറത്തായിരുന്നില്ലെങ്കില്‍ ഇക്കാര്യത്തിലും റെക്കോഡ് കുറിക്കുമായിരുന്നു.
ഓപ്പണിങ്ങില്‍ ഇന്ത്യയെക്കാള്‍ മികവ് പുലര്‍ത്തിയത് ഇംഗ്ലണ്ടായിരുന്നു. ഇന്ത്യന്‍ ഓപ്പണിങ് ജോഡിയായ കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് നാല് സെഞ്ചുറി കൂട്ടുകെട്ടുകള്‍ നടത്തിയെങ്കിലും ഓപ്പണിങ് ജോഡിയെന്ന നിലയില്‍ അതിനെക്കാള്‍ മികച്ചുനിന്നു ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും. മധ്യനിരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരാണ് കൂടുതല്‍ മികവ് കാണിച്ചത്. 500 റണ്‍സ് നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. 754 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ഒരു പരമ്പരയില്‍ ഒരിന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
അതിനിടെ ആറാംനമ്പറിലെത്തി സ്ഥിരത കാണിച്ച രവീന്ദ്ര ജഡേജയായിരുന്നു ഈ പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസനീയനായ ബാറ്റര്‍. ടീമിലെ ഏറ്റവും സീനിയര്‍ താരംകൂടിയായ ജഡേജ ഒരു വഴികാട്ടിയെന്നപോലെ ക്രീസില്‍ നിലയുറപ്പിച്ച് പരമ്പരയിലാകെ നേടിയത് 516 റണ്‍സ്. ആറാംനമ്പറിലോ ഏഴാംനമ്പരറിലോ ബാറ്റിങ്ങിനെത്തിയാണ് ഈ സ്‌കോര്‍ കുറിച്ചതെന്നോര്‍ക്കണം. അഞ്ച് ടെസ്റ്റുകളിലും രണ്ടാം ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രമേ ജഡേജ പുറത്തായുള്ളൂ. ആറുതവണ അന്‍പതിലധികം റണ്‍സ് നേടി.
ബൗളര്‍മാരെ സംബന്ധിച്ച്, ഈ പരമ്പരയെന്നത് കഠിനാധ്വാനം നിറഞ്ഞതായിരുന്നു എന്നുപറയാം. പരമ്പരയില്‍ 1860.4 ഓവറുകളെറിഞ്ഞു. എന്നുവെച്ചാല്‍ 11,164 ബോളുകള്‍. നോബോളുകളും വൈഡുകളും വേറെയുമുണ്ട്. ഇതില്‍ ഇംഗ്ലണ്ട് എറിഞ്ഞത് 1052 ഓവറുകള്‍. ഇന്ത്യ 808.4 ഓവറുമെറിഞ്ഞു. 14 തവണ ടീം ടോട്ടല്‍ 350 കടന്നപ്പോള്‍ അത്രതന്നെ തവണ ഇന്നിങ്‌സുകള്‍ 80 ഓവറില്‍ക്കൂടുതലും നീണ്ടു. ഇവ രണ്ടും ടെസ്റ്റ് പരമ്പരയിലെ സര്‍വകാല റെക്കോഡാണ്.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് മാത്രമെറിഞ്ഞത് 1113 പന്തുകളാണ്. എന്നുവെച്ചാല്‍ 185.5 ഓവര്‍. ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സും ആയിരത്തിലധികം പന്തുകളെറിഞ്ഞു. 23 പേരെ പുറത്താക്കി സിറാജാണ് പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍. അതിനിടെ കൂടുതല്‍ ക്യാച്ചുകള്‍ കൈവിടുന്ന കാര്യത്തിലും ഈ പരമ്പര 'മോശമാക്കിയില്ല'. 41 ക്യാച്ചുകള്‍ ആകെ നഷ്ടപ്പെടുത്തി. ക്യാച്ച് നഷ്ടപ്പെടുത്തുന്നതില്‍ ഇരുടീമുകളും മത്സരിച്ചു. ഇന്ത്യ 23 അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ട് 18 അവസരങ്ങളും കളഞ്ഞുകുളിച്ചു. ഇരുടീമുകളും ചേര്‍ന്ന് 63 തവണ അമ്പയറിങ് തീരുമാനങ്ങളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കി. അതില്‍ 44 എണ്ണവും പരാജയപ്പെട്ടു. ആ അടിസ്ഥാനത്തില്‍ അമ്പയറിങ്ങിന്റെ വിജയംകൂടിയായിരുന്നു ഈ പരമ്പര. ഇന്ത്യയുടെ 24 റിവ്യൂകള്‍ പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിന്റേത് 20 ആണ്.
Content Highlights: High Scores and Close Finishes: Analyzing the 2024 India-England Test Series








English (US) ·