അടിമുടി നാടകീയവും ആവേശകരവുമായ 25 മത്സരദിവസങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടം. അഞ്ചുമത്സരങ്ങളിലും അഞ്ചാംനാളിൽ തീരുമാനമായ പരമ്പര 2-2ന് അവസാനിച്ചപ്പോൾ ഇതുതന്നെയാണ് നീതിയുക്തമായ ഫലമെന്ന് ഇരുക്യാപ്റ്റൻമാരും സമ്മതിക്കും. ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പര യഥാർഥത്തിൽ ‘ഇന്ത്യയെ കണ്ടെത്തൽ’ തന്നെയായിരുന്നു. അവസാനംവരെ വിട്ടുവീഴ്ചയില്ലാത്ത മത്സരം, സങ്കോചമോ ആശങ്കയോ ഇല്ലാത്ത സമീപനം, സ്വന്തം പ്രകടനത്തിലൂടെ ടീമിനെയാകെ പ്രചോദിപ്പിക്കുന്ന ക്യാപ്റ്റൻ, അത്യപൂർവമായ ടീംവർക്ക്...ഭാവി ഇന്ത്യൻ ടീമാണ് ഇതെന്നല്ല, വരുംകാലത്ത് നമ്മുടെ സമീപനം എന്തായിരിക്കണമെന്ന് ഈ ടീം കാണിച്ചുതന്നു. ഇരുടീമുകളും അതിന്റെ പരമാവധിയിലേക്ക് ഉയർന്ന മനോഹരമായ പരമ്പരയ്ക്കാണ് തിങ്കളാഴ്ച ഒാവലിൽ സമാപനമായത്. പരുക്കേറ്റ് കളംവിട്ടെങ്കിലും ബാറ്റിങ്ങിനായി തിരിച്ചെത്തിയ ഋഷഭ് പന്തും ക്രിസ് വോക്സും അതിന് അടിവരയിടുന്നു.
ഇംഗ്ലണ്ടിലേക്ക് യാത്രതിരിച്ചപ്പോൾ ഇന്ത്യൻ ടീം സംശയത്തിലായിരുന്നു. ഏറെക്കാലമായി ടീമിന്റെ ശക്തിയായിനിൽക്കുന്ന വിരാട് കോലി, രോഹിത് ശർമ, ആർ. അശ്വിൻ എന്നിവരില്ലാത്ത പരമ്പര. ജസ്‌പ്രീത് ബുംറയെ മുഴുവൻസമയം കളിപ്പിക്കാനാകില്ല. ക്യാപ്റ്റൻ എന്നനിലയിൽ ആദ്യ മത്സരത്തിനിറങ്ങുന്ന ശുഭ്മാൻ ഗിൽ, ഇംഗ്ലണ്ടിൽ നേരത്തേ കളിച്ച എട്ടുപേർമാത്രമുള്ള ടീം. അവർ പരീക്ഷണങ്ങളിൽനിന്നും പ്രതിസന്ധിയിൽനിന്നും ഊർജം സംഭരിച്ച് കരുത്തുറ്റ സംഘമായി മാറുകയായിരുന്നു. പരമ്പരയിൽ അഭിമാനിക്കാൻ അല്പം കൂടുതലുള്ളതും ഇന്ത്യക്കുതന്നെ. സന്ദർശക ടീം എന്നതുതന്നെയാണ് അതിലെ പ്രധാന കാരണം. പരമ്പരയിലാകെ 21 സെഞ്ചുറികൾ പിറന്നപ്പോൾ 12 എണ്ണം ഇന്ത്യൻ ബാറ്റർമാരുടെ പേരിലായിരുന്നു.
ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, വാഷിങ്ടൺ സുന്ദർ എന്നീ ആറ് ഇന്ത്യക്കാർ സെഞ്ചുറിനേടി. ഗില്ലിന്റെപേരിൽ നാലുസെഞ്ചുറിയുണ്ട്. രാഹുൽ, ഋഷഭ് പന്ത്, ജയ്സ്വാൾ എന്നിവർക്ക് രണ്ടുവീതം സെഞ്ചുറി. ആകെ റൺനേട്ടത്തിലും കൂടുതൽ വിക്കറ്റിലും ഇന്ത്യക്കാരാണ് മുന്നിൽ.
ശുഭ്മാൻ ഗിൽ
അഞ്ചുമത്സരം 754 റൺസ് ശരാശരി 75.40 സെഞ്ചുറി 4 ഉയർന്ന സ്‌കോർ 269
ക്യാപ്റ്റനായി അരങ്ങേറ്റംകുറിച്ച ആദ്യമത്സരത്തിൽ എല്ലാവരും ടീമിനെ സന്ദേഹത്തോടെ കണ്ടപ്പോൾ ഒന്നാന്തരം സെഞ്ചുറിയോടെ (147) ശുഭ്മാൻ ഗിൽ തുടങ്ങി. ആദ്യ ഇന്നിങ്‌സിൽ മൂന്നുപേർ സെഞ്ചുറിയടിച്ചതോടെ മികച്ച സ്‌കോർ കുറിച്ചെങ്കിലും ഇന്ത്യ തോറ്റു, പക്ഷേ, ഗിൽ കുലുങ്ങിയില്ല. അടുത്തമത്സരത്തിൽ, കരിയറിലെ ഉയർന്ന സ്‌കോർ (269) കുറിച്ചു. രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിനേടി (161) ഇന്ത്യയെ ജയിപ്പിച്ചശേഷമാണ് ക്യാപ്റ്റൻ ശാന്തനായത്. ഒരു പരമ്പരയിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്‌റ്റൻ എന്നതുൾപ്പെടെ ഒട്ടേറെ റെക്കോഡുകളും ഗിൽ സ്വന്തമാക്കി. ഒപ്പം പരമ്പരയുടെ താരമെന്ന പുരസ്കാരവും.
കെ.എൽ. രാഹുൽ
അഞ്ചുമത്സരം 532 റൺസ് ശരാശരി 53.2 സെഞ്ചുറി 2 ഉയർന്ന സ്‌കോർ 137
കോലിയും രോഹിത് ശർമയുമില്ലാത്ത ടീമിൽ ബാറ്റർമാരിൽ ഏറ്റവും പരിചയസമ്പന്നനായ രാഹുൽ ആ വിശ്വാസം കാത്തു. നാലുടെസ്റ്റിലും ഒരു അർധസെഞ്ചുറിയെങ്കിലും നേടിയ രാഹുൽ ടീമിന്റെ ഇളകാത്ത നെടുംതൂണായി പരമ്പരയിലുടനീളം നിന്നു. പരമ്പരയിൽ അഞ്ഞൂറിലേറെ റൺസ് നേടിയ നാലുപേരിൽ ഒരാളായി.
രവീന്ദ്ര ജഡേജ
അഞ്ചുമത്സരം 516 റൺസ്, ശരാശരി 86.00, സെഞ്ചുറി: 1, ഉയർന്ന സ്‌കോർ: 107*
ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ കളിക്കാരനാണെന്ന് ഓൾറൗണ്ടർ ജഡേജ വീണ്ടും തെളിയിച്ചു. പരമ്പരയിൽ മിക്കപ്പോഴും ആറാമതോ ഏഴാമതായോ ഇറങ്ങി 516 റൺസ് നേടിയതുതന്നെ ആ മികവിന് അടിവരയിടുന്നു. നാലാംടെസ്റ്റിൽ ആറാമനായി ഇറങ്ങി 185 പന്തിൽ 107 റൺസുമായി പുറത്താകാതെനിന്ന ജഡേജയുടെ ഇന്നിങ്‌സ് ഇന്ത്യയെ ഒരു തോൽവിയിൽനിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു.
ഋഷഭ് പന്ത്
നാലുമത്സരം 479 റൺസ് ശരാശരി 68.4 ഉയർന്ന സ്‌കോർ 134 സെഞ്ചുറി 2
പരിക്കിലായാലും കിടപ്പിലായാലും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ പോരാട്ടവീര്യത്തിന് കുറവുണ്ടാകില്ല. ഈ പരമ്പരയിൽ അത് ഒരിക്കൽക്കൂടി തെളിഞ്ഞു. ലീഡ്‌സിൽനടന്ന ഒന്നാംടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിൽ സെഞ്ചുറിനേടിയ പന്ത്, നാലാം ടെസ്റ്റിൽ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് മടങ്ങുമ്പോൾ ഏഴ് ഇന്നിങ്‌സിൽ 479 റൺസെടുത്തിരുന്നു. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റുചെയ്യാനായില്ല.
വാഷിങ്ടൺ സുന്ദർ
നാലുമത്സരം 284 റൺസ് ഒരു സെഞ്ചുറി 101* 7 വിക്കറ്റ്
ജഡേജയ്ക്ക് പകരക്കാരനായ ഓൾറൗണ്ടർക്ക് വേണ്ടിയുള്ള ഇന്ത്യയുടെ അന്വേഷണം വാഷിങ്ടൺ സുന്ദറിൽ ചെന്നവസാനിച്ചേക്കും. ടെസ്റ്റിൽ നേരത്തേയും കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിച്ച സുന്ദർ ഇവിടെ നാലാം ടെസ്റ്റിൽ നേടിയ സെഞ്ചുറിക്ക് പലമാനങ്ങളുണ്ടായിരുന്നു. അങ്ങനെയൊരു പ്രതിസന്ധിഘട്ടത്തിൽ 206 പന്തുകൾ നേരിട്ടാണ് 101 റൺസുമായി പുറത്താകാതെനിന്നത്. ഓവലിൽ രണ്ടാം ഇന്നിങ്‌സിലെ അർധസെഞ്ചുറിയും നിർണായകമായി.
മുഹമ്മദ് സിറാജ്
അഞ്ചുമത്സരം 185.3 ഓവർ 23 വിക്കറ്റ്
നാട്ടിലായാലും പുറത്തായാലും ടെസ്റ്റിൽ ഏറെക്കാലമായി ഇന്ത്യയുടെ മുതൽക്കൂട്ടാണ് മുഹമ്മദ് സിറാജ്. പരിക്കിലായിരുന്ന മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ തുടങ്ങിയവർ മാറിമാറിവരുമ്പോഴും ഒരറ്റത്ത് സിറാജ് നിരന്തരമായി പന്തെറിയുകയായിരുന്നു. ഇവിടെ അഞ്ചുടെസ്റ്റിൽ 185 ഓവർ എറിഞ്ഞു എന്നതുതന്നെ സിറാജിന്റെ ആത്മാർപ്പണത്തിന്റെ തെളിവാണ്. പരമ്പരയിൽ കൂടുതൽ ഓവർ എറിഞ്ഞതും കൂടുതൽ വിക്കറ്റ് നേടിയതും (23) സിറാജാണ്. ഇംഗ്ലീഷ് നിരയിലെ പരിചയസമ്പന്നനായ ക്രിസ് വോക്‌സ് അഞ്ചുടെസ്റ്റിൽ നേടിയത് 11 വിക്കറ്റാണെന്നോർക്കണം. അവശ്യഘട്ടത്തിൽ മികവിലേക്കുയർന്ന യശസ്വി ജയ്സ്വാൾ, ജസ്‌പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, നിധീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവർക്കും ഈ പരമ്പര അവിസ്മരണീയമായി.
Content Highlights: india england trial bid amerind players performance








English (US) ·