Published: August 29, 2025 09:48 AM IST
1 minute Read
തിരുവനന്തപുരം∙ കൈവിട്ടു പോയ ഒരു ക്യാച്ചിന്, പ്രത്യേകിച്ചും അത് സഞ്ജു സാംസണെ പോലൊരു ബാറ്ററുടേതാകുമ്പോൾ മാച്ചിന്റെ തന്നെ വിലയുണ്ടെന്ന് ട്രിവാൻഡ്രം റോയൽസ് സങ്കടത്തോടെ തിരിച്ചറിഞ്ഞു. കെഎസിഎൽ ക്രിക്കറ്റിൽ ട്രിവാൻഡ്രത്തിനെതിരെ കൊച്ചി 9 റൺസ് വിജയം സ്വന്തമാക്കിയപ്പോൾ നിർണായകമായത് സൂപ്പർതാരം സഞ്ജു സാംസന്റെ അർധ സെഞ്ചറിയാണ് (62). ആദ്യം ബാറ്റു ചെയ്ത ഉയർത്തിയ കൊച്ചി ഉയർത്തിയ 191 റൺസിനെ പിന്തുടർന്ന ട്രിവാൻഡ്രത്തിന്റെ ഇന്നിങ്സ് 182 റൺസിൽ അവസാനിച്ചു. വ്യക്തിഗത സ്കോർ 25 റൺസിൽ നിൽക്കെ, സഞ്ജുവിന്റെ ക്യാച്ച് വിക്കറ്റ് കീപ്പർ അദ്വൈത് പ്രിൻസിന്റെ കയ്യിൽ നിന്നു വഴുതിപ്പോയത് ഇന്നിങ്സിലുടനീളം ട്രിവാൻഡ്രത്തെ വേട്ടയാടി.
സ്കോർ: കൊച്ചി– 20 ഓവറിൽ 5ന് 191, ട്രിവാൻഡ്രം– 20 ഓവറിൽ 6ന് 182. 4–ാം ജയത്തോടെ കൊച്ചി വീണ്ടും പോയിന്റ് പട്ടികയിൽ മുന്നിലെത്തിയപ്പോൾ ട്രിവാൻഡ്രത്തിന് 6 മത്സരങ്ങളിൽ ഇത് അഞ്ചാം തോൽവിയാണ്. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. പനി മൂലം ചികിത്സയിലായിരുന്ന സഞ്ജു വീണ്ടും കളത്തിലിറങ്ങിതോടെ കൊച്ചിക്ക് വീര്യമായി. ആദ്യ ഓവറിൽ ബേസിൽ തമ്പിയ്ക്കെതിരെ 14 റൺസടിച്ചു തുടങ്ങിയ സഞ്ജു 25 പന്തിൽ അർധ സെഞ്ചറി തികച്ചു. സഞ്ജുവിനൊപ്പം വേഗത്തിൽ സ്കോർ ചെയ്ത വിനൂപ് മനോഹരനെ (26 പന്തിൽ 42) അബ്ദുൽ ബാസിത് വിക്കറ്റിനു മുന്നിൽ കുടുക്കി.
സലി സാംസണും (9) വേഗം മടങ്ങി. നിഖിൽ തോട്ടത്തുമായി (45) ചേർന്ന് സ്കോർ ഉയർത്തിയ സഞ്ജുവിന് 14–ാം ഓവറിൽ അഭിജിത്ത് പ്രവീണിന്റെ പന്തിൽ പിഴച്ചു. ഡീപ് എക്സ്ട്രാ കവറിൽ എസ്.സഞ്ജീവിന്റെ ക്യാച്ച്. 37 ബോളിൽ 5 സിക്സും 4 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. ട്രിവാൻഡ്രത്തിനായി അഭിജിത്ത് പ്രവീൺ 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 2 റൺസിനിടെ ട്രിവാൻഡ്രത്തിന്റെ 2 വിക്കറ്റ് വീണെങ്കിലും ക്യാപ്റ്റൻ കൃഷ്ണ പ്രസാദും എസ്.സഞ്ജീവും ചേർന്നാണ് ടീമിനെ കരകയറ്റിയത്. കൃഷ്ണ പ്രസാദിനെ(36) പി.എസ്.ജെറിൻ വീഴ്ത്തി. അർധ സെഞ്ചറി നേടിയ സഞ്ജീവും (46 പന്തിൽ 70), അബ്ദുൽ ബാസിതും (27 പന്തിൽ 41) പൊരുതി നോക്കിയെങ്കിലും ഇരുവരുടെയും വിക്കറ്റ് വീണതോടെ ട്രിവാൻഡ്രം തോൽവി വഴങ്ങുകയായിരുന്നു.
English Summary:









English (US) ·