25 ലക്ഷം രൂപ തട്ടിയെടുത്തു, ഫ്ലാറ്റിൽ കയറി ആഭരണങ്ങൾ മോഷ്ടിച്ചു; സഹതാരത്തിനെതിരെ പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം

8 months ago 11

ഓൺലൈൻ ഡെസ്ക്

Published: May 24 , 2025 10:28 AM IST

1 minute Read

 Twitter/ @Deepti_Sharma06)
ദീപ്തി ശർമ (Photo: Twitter/ @Deepti_Sharma06)

ന്യൂ‍ഡൽഹി∙ സഹതാരം ഫ്ലാറ്റിൽ അതിക്രമിച്ചു കയറി 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മോഷ്ടിച്ചെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ദീപ്തി ശർമ. വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സ് ടീമിലെ സഹതാരമായ ആരുഷി ഗോയലിനെതിരെയാണ് ദീപ്തിയുടെ ആരോപണം. ആരുഷി ആൾമാറാട്ടം നടത്തി 25 ലക്ഷം രൂപയും സ്വർണാഭരങ്ങളും തട്ടിയെടുത്തെന്നാണു ദീപ്തിയുടെ പരാതി. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയോളം മൂല്യമുള്ള യുഎസ് കറൻസിയും ആരുഷി കൊണ്ടുപോയതായും ദീപ്തി ആരോപിച്ചു.

ദീപ്തി ശർമയ്ക്കു വേണ്ടി സഹോദരൻ നൽകിയ പരാതിയിൽ, പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ദീപ്തിയും ആരുഷിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഒരുമിച്ചു കളിച്ചു വളർന്ന ഇരുവരും, പിന്നീട് വനിതാ പ്രീമിയർ ലീഗിലും സഹതാരങ്ങളായി. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് ആരുഷി പല തവണ ദീപ്തിയിൽനിന്ന് പണം കടം വാങ്ങിയിരുന്നു. ഇതു തിരിച്ചു ലഭിക്കാതിരുന്നതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം പൊലീസിനെ സമീപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

‘‘ദീപ്തിയുടെ ആഗ്ര നഗരത്തിലെ ഫ്ലാറ്റിൽ കയറിയ ആരുഷി ആഭരണങ്ങളും യുഎസ് കറൻസികളും മോഷ്ടിച്ചു. വീടിന്റെ ലോക്ക് മാറ്റി മറ്റൊരു ലോക്ക് സ്ഥാപിച്ചു. രണ്ട് വർഷത്തിനിടെ 25 ലക്ഷത്തോളം രൂപ നഷ്ടമായി.’’– തുടങ്ങിയ ആരോപണങ്ങളാണ് ദീപ്തിയുടെ സഹോദരൻ സുമിത് കുമാർ നൽകിയ പരാതിയിലുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ക്യാംപിലാണ് ദീപ്തി ശർമ ഇപ്പോഴുള്ളത്. അതുകൊണ്ടാണു സഹോദരന്‍ വഴി പൊലീസിനെ സമീപിച്ചത്.

യുപി പൊലീസിലെ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് ദീപ്തി. ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള താരമാണ് ആരുഷി. ഇംഗ്ലണ്ട് എ ടീമിനെതിരെ മൂന്നു മത്സരങ്ങളിൽ ഇറങ്ങിയിട്ടുള്ള ആരുഷി 46 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. സീനിയർ ഇന്റർ സോൺ‌ ടൂർണമെന്റിൽ സെൻട്രൽ സോണിനായി അർധ സെഞ്ചറിയടിച്ച് ആരുഷി തിളങ്ങിയിരുന്നു. ദീപ്തി ശർമയുടെ പരാതിയിൽ ആരുഷി ഇതുവരെ പ്രതികരിച്ചിട്ടില്ല.

English Summary:

Deepti Sharma Accuses UP Warriorz Teammate Of Rs 25 Lakh Fraud

Read Entire Article