'25 വയസ്സിനുള്ളിൽ എന്തെങ്കിലും നേടണം, അല്ലെങ്കിൽ മറ്റൊരു ജോലി; ഒടുവിൽ അത് സംഭവിച്ചു'

8 months ago 6

Vijay Deverakonda

വിജയ് ദേവരകൊണ്ട | ഫോട്ടോ: www.facebook.com/TheDeverakonda

2011-ല്‍ സിനിമയിലെത്തി 2016-ല്‍ പുറത്തിറങ്ങിയ 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ രാജ്യമാകെ ശ്രദ്ധേയനായ നടനാണ് വിജയ് ദേവരകൊണ്ട. പിന്നീട് വന്ന വിജയ് ദേവരകൊണ്ട ചിത്രങ്ങളെല്ലാം വലിയ വിജയമായി. നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാളാണ് വിജയ്. 1989-ല്‍ ജനിച്ച താരം വെള്ളിയാഴ്ച 36-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതിനിടെ താരത്തിന്റെ പഴയവാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

വിജയസിനിമകളുടെ നായകനടനിലേക്കുള്ള യാത്രയെക്കുറിച്ച് താരത്തിന്റെ തുറന്നുപറച്ചിലാണ് വീണ്ടും ശ്രദ്ധനേടുന്നത്. 'വിശ്വസിക്കാന്‍ കഴിയാത്തവിധം ബുദ്ധിമുട്ടായിരുന്നു, ഈ മേഖലയിലേക്കൊന്ന് എത്തിപ്പെടാന്‍. ഒരുപാട് ഓഡിഷനുകള്‍, അതിലേറെ നിരാസങ്ങള്‍. എനിക്കൊരു സുഹൃത്തുണ്ടായിരുന്നു, എവിടെയൊക്കെ ഓഡിഷനുകളുണ്ടെന്ന് അവനുമായി സംസാരിക്കും. കോളേജ് പഠനംകഴിഞ്ഞ് രണ്ടുമൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒന്നുരണ്ടു ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളല്ലാതെ മറ്റൊന്നും യാഥാര്‍ഥ്യമായില്ല', ജിക്യുവിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ട ഓര്‍ത്തെടുത്തു.

കോളേജ് പഠനകാലത്തെ നാടകങ്ങളില്‍നിന്ന് അഭിനയത്തില്‍ താത്പര്യമുണ്ടായതെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. 'അഭിനയിക്കാന്‍ അവസരം ലഭിക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം ടിക്കറ്റ് വില്‍പ്പന മുതല്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യലും ബാക്ക്സ്റ്റേജ് ക്രമീകരണങ്ങളും ഉള്‍പ്പെടെ ചെയ്യേണ്ടിവരും', വിജയ് ദേവരകൊണ്ട പറഞ്ഞു.

25 വയസ്സിനുള്ളില്‍ അഭിനയത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലി നോക്കാമെന്നായിരുന്നു തീരുമാനം. തിരക്കഥയോ സംവിധാനമോ ആയിരുന്നു പ്ലാന്‍ ബി. അവരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചുമുള്ള പ്രതീക്ഷ കൈവിട്ടില്ല. 'ഒന്നുമല്ലാത്ത കാലത്തുപോലും ഒട്ടേറെ സിനിമകള്‍ വേണ്ടന്നുവെച്ചു. ഞാന്‍ വലുതെന്തെങ്കിലും ചെയ്യേണ്ടവനാണെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയാണെങ്കില്‍ ഒരിക്കലും അവസരം കിട്ടില്ലെന്ന് ആളുകള്‍ പറഞ്ഞു. എന്നാല്‍, എനിക്കെന്നില്‍ ഉയര്‍ന്ന പ്രതീക്ഷയുണ്ടായിരുന്നു', താരം കൂട്ടിച്ചേര്‍ത്തു. 25-ാം വയസ്സിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 'യേവാഡെ സുബ്രഹ്‌മണ്യം' എന്ന സിനിമ തേടിയെത്തി. ഇതായിരുന്നു താരത്തിന്റെ അഭിനയജീവിത്തിലെ ആദ്യത്തെ പ്രധാനവേഷം.

Content Highlights: Vijay Deverakonda`s inspiring travel from struggling histrion to Telugu cinema`s apical earner

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article