25 വർഷം ‘ഹോം’ ആയിരുന്ന അലിയാൻസ് അരീന സ്റ്റേഡിയത്തിൽ ഇനി അതിഥി മാത്രം; വിജയത്തോടെ മുള്ളർ വീടുവിട്ടു!

8 months ago 9

മനോരമ ലേഖകൻ

Published: May 12 , 2025 09:29 AM IST

1 minute Read

തോമസ് മുള്ളർ ബുന്ദസ്‌‌ലിഗ കിരീടവുമായി. ബയൺ മ്യൂണിക്ക് സഹതാരങ്ങൾ പിന്നിൽ.
തോമസ് മുള്ളർ ബുന്ദസ്‌‌ലിഗ കിരീടവുമായി. ബയൺ മ്യൂണിക്ക് സഹതാരങ്ങൾ പിന്നിൽ.

മ്യൂണിക്ക് ∙ 25 വർഷം തന്റെ ‘ഹോം’ ആയിരുന്ന അലിയാൻസ് അരീന സ്റ്റേഡിയത്തോട് തോമസ് മുള്ളർ വിജയത്തോടെ വിടചൊല്ലി. ബയൺ മ്യൂണിക്ക് താരമെന്ന നിലയിലുള്ള മുള്ളറുടെ അവസാന ഹോം മത്സരത്തിൽ ബോറൂസിയ മൻഷൻഗ്ലാഡ്ബാഹിനെതിരെ ക്ലബ്ബിന് 2–0 ജയം. ഈ സീസണോടെ ക്ലബ് വിടുകയാണെന്ന് മുള്ളർ നേരത്തേ അറിയിച്ചിരുന്നു.

ബുന്ദസ്‌ലിഗ കിരീടം നേരത്തേ ഉറപ്പിച്ചതിനാൽ മുപ്പത്തിയഞ്ചുകാരൻ മുള്ളർക്കുള്ള വിടവാങ്ങൽ എന്ന രീതിയിലാണ് ബയൺ ഈ മത്സരത്തെ അവതരിപ്പിച്ചത്. ഹാരി കെയ്ൻ (31–ാം മിനിറ്റ്), മൈക്കൽ ഒളിസെ (90) എന്നിവരാണ് ബയണിന്റെ ഗോളുകൾ നേടിയത്.

മത്സരാവസാനം ക്യാപ്റ്റൻ മാനുവൽ നോയർ ബുന്ദസ്‌‌ലിഗ ഷീൽഡ് ഉയർത്താനായി കൈമാറിയതും മുള്ളർക്കു തന്നെ. സീസണിൽ ബയണിന് ഒരു മത്സരം കൂടിയുണ്ടെങ്കിലും അത് ഹൊഫെൻഹൈമിനെതിരെ അവരുടെ മൈതാനത്താണ്.

2000ൽ, തന്റെ 10–ാം വയസ്സിൽ ബയൺ മ്യൂണിക്ക് അക്കാദമിയിലെത്തിയ മുള്ളർ ക്ലബ്ബിന്റെ സീനിയർ ടീമിനു വേണ്ടി 750–ാം മത്സരമാണ് ഇന്നലെ കളിച്ചത്. ക്ലബ് റെക്കോർഡ് ആണിത്. 248 ഗോളുകൾ നേടിയ മുള്ളർ ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനത്തുമുണ്ട്. ബയണിനൊപ്പം 13 ലീഗ് കിരീടങ്ങളും 2 യുവേഫ ചാംപ്യൻസ് ലീഗും ഉൾപ്പെടെ 33 ട്രോഫികൾ നേടി.

English Summary:

Thomas Mueller's Farewell Victory: Bayern Triumphs 2-0 successful Emotional Send-Off

Read Entire Article