25–ാം ഗ്രാൻസ്‌‍ലാം ലക്ഷ്യമിട്ട് ജോക്കോ; സബലേങ്ക ജയിച്ചു തുടങ്ങി

4 months ago 5

മനോരമ ലേഖകൻ

Published: August 26, 2025 02:27 PM IST

1 minute Read

  • യുഎസ് ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ചിനു വിജയം

  • വനിതാ സിംഗി‍ൾസിൽ അരീന സബലേങ്കയ്ക്കും ജയം

djoko
മത്സരത്തിനു ശേഷം യുഎസ് താരത്തെ അഭിവാദ്യം ചെയ്യുന്ന ജോക്കോവിച്ച്

ന്യൂയോർക്ക്∙ 25–ാം ഗ്രാൻസ്‌ലാം കിരീടമെന്ന മോഹദൂരത്തിലേക്ക് നൊവാക് ജോക്കോവിച്ച് യാത്ര തുടങ്ങി. യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ സെർബിയൻ താരം ജോക്കോവിച്ചിന് അനായാസ ജയം. യുഎസിന്റെ ഇരുപതുകാരൻ താരം ലേണർ ടിയനെ നേരിട്ടുള്ള സെറ്റുകൾക്കാണ് മുപ്പത്തിയെട്ടുകാരൻ ജോക്കോ വീഴ്ത്തിയത്. സ്കോർ: 6-1, 7-6, 6-2.

രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടിയെടുക്കാൻ സാധിച്ചതു മാറ്റിനിർത്തിയാൽ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ജോക്കോയ്ക്കു വെല്ലുവിളി ഉയർത്താൻ ലേണർക്കു സാധിച്ചില്ല. യുഎസ് ഓപ്പണിൽ തുടർച്ചയായ 19–ാം തവണയാണ് ജോക്കോ ആദ്യ റൗണ്ട് മത്സരം ജയിക്കുന്നത്. പുരുഷ സിംഗിൾസിൽ യുഎസ് താരങ്ങളായ ടെയ്‌ലർ ഫ്രിറ്റ്സ്, ബെൻ ഷെൽട്ടൻ തുടങ്ങിയവരും രണ്ടാം റൗണ്ടിൽ കടന്നു.

അനായാസം ‌സബലേങ്കവനിതാ സിംഗിൾസിൽ നിലവിലെ ചാംപ്യൻ ബെലാറൂസിന്റെ അരീന സബലേങ്കയ്ക്ക് ആദ്യ റൗണ്ടിൽ അനായാസ ജയം. സ്വിറ്റ്സർലൻഡ് താരം റബേക്ക മസറോവയെയാണ് ആദ്യ റൗണ്ടിൽ സബലേങ്ക വീഴ്ത്തിയത്. സ്കോർ: 7–6, 6–1. ആദ്യ സെറ്റിൽ ആവേശത്തോടെ പൊരുതിയ റബേക്ക, സബലേങ്കയ്ക്കു കടുത്ത വെല്ലുവിളി ഉയർത്തി. ടൈബ്രേക്കറിലേക്കു നീണ്ട ആദ്യ സെറ്റ് സ്വന്തമാക്കിയ സബലേങ്കയ്ക്കെതിരെ രണ്ടാം സെറ്റിൽ ചെറുത്തുനിൽപിനു പോലും ശ്രമിക്കാതെ റബേക്ക കീഴടങ്ങി. ചെക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വാന്ദ്രസോവ, ബ്രിട്ടിഷ് താരം എമ്മ റഡുകാനു, യുഎസിന്റെ ജെസിക്ക പെഗുല, ഇറ്റാലിയൻ താരം ജാസ്മിൻ പവോലിനി എന്നിവരാണ് വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ കടന്ന മറ്റു പ്രധാന താരങ്ങൾ.

English Summary:

US Open Tennis witnesses Djokovic and Sabalenka starting strong. Novak Djokovic secured a triumph successful the US Open Tennis archetypal round, portion Aryna Sabalenka besides claimed an casual triumph successful the women's singles.

Read Entire Article