26 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ വീണു, വിരാട് കോലി– ക്രുനാൽ പാണ്ഡ്യ സഖ്യം കളി തിരിച്ചു; വിജയത്തോടെ ആർസിബി ഒന്നാമത്

8 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 27 , 2025 09:34 PM IST Updated: April 28, 2025 12:18 AM IST

1 minute Read

krunal-kohli-1248
ക്രുനാൽ പാണ്ഡ്യ, വിരാട് കോലി

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞായറാഴ്ചത്തെ രണ്ടാം മത്സരത്തിൽ ഡൽ‍ഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ആറു വിക്കറ്റ് വിജയം. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാൽ പാണ്ഡ്യയും (47 പന്തിൽ 73), വിരാട് കോലിയും (47 പന്തിൽ 51) അർധ സെഞ്ചറി നേടിതിളങ്ങി. ജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ആർസിബി ഒന്നാം സ്ഥാനത്തെത്തി.

മറുപടി ബാറ്റിങ്ങിൽ 26 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ആർസിബിയെ വിരാട് കോലിയും ക്രുനാൽ പാണ്ഡ്യയും ചേർന്നാണു വിജയത്തിലേക്കു നയിച്ചത്. മുൻ നിര ബാറ്റർമാരായ ജേക്കബ് ബെതൽ (12 റൺസ്), ദേവ്ദത്ത് പടിക്കൽ (പൂജ്യം), ക്യാപ്റ്റൻ രജത് പാട്ടീദാർ (ആറ്) എന്നിവർക്കു തിളങ്ങാൻ സാധിച്ചില്ല. വിരാട് കോലിയും ക്രുനാൽ പാണ്ഡ്യയും അർധ സെഞ്ചറി നേടി നിലയുറപ്പിച്ചതോടെ ബെംഗളൂരു അനായാസം വിജയത്തിലേക്കു കുതിച്ചു. 51 റൺസെടുത്ത് കോലി പുറത്തായെങ്കിലും, പാണ്ഡ്യയ്ക്കൊപ്പം അഞ്ച് പന്തിൽ 19 റൺസെടുത്ത ടിം ഡേവിഡും തിളങ്ങിയതോടെ 18.3 ഓവറിൽ ബെംഗളൂരു വിജയത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. 39 പന്തിൽ 41 റൺസടിച്ച കെ.എൽ. രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. 18 പന്തുകൾ നേരിട്ട ട്രിസ്റ്റൻ സ്റ്റബ്സ് 34 റൺസെടുത്തു പുറത്തായി. അഭിഷേക് പൊറേല്‍ (11 പന്തിൽ 28), ഫാഫ് ഡുപ്ലേസി (26 പന്തിൽ 22) എന്നിവരാണ് ഡൽഹിയുടെ മറ്റു പ്രധാന സ്കോറർമാർ. ഓപ്പണർമാരായ അഭിഷേക് പൊറേലും ഫാഫ് ഡുപ്ലേസിയും നിലയുറപ്പിച്ചതോടെ ഓപ്പണിങ് വിക്കറ്റിൽ 33 റൺസാണ് ഡൽഹി നേടിയത്. പക്ഷേ പവർപ്ലേ തീരുംമുൻപേ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ അഭിഷേക് വീണു. മലയാളി താരം കരുൺ നായർ നാലു റൺസിനു വീണപ്പോൾ നിലയുറപ്പിച്ചു കളിച്ച കെ.എൽ. രാഹുലിന്റെ ഇന്നിങ്സാണു ഡൽഹിക്കു കരുത്തായത്. 13.1 ഓവറിലാണ് ഡൽഹി 100 പിന്നിട്ടത്. 13 പന്തുകൾ നേരിട്ട അക്ഷർ പട്ടേൽ 13 റൺസ് മാത്രമെടുത്തു പുറത്തായി. 

സ്കോർ 118 ൽ നിൽക്കെ രാഹുലിനെ നഷ്ടമായതോടെ ഡൽഹി വീണ്ടും പരുങ്ങലിലായി. ഇംപാക്ട് സബ്ബായി അശുതോഷ് ശർമയെ പരീക്ഷിച്ചിട്ടും ഡൽഹി രക്ഷപെട്ടില്ല. രണ്ടു റൺസ് മാത്രമാണ് അശുതോഷിന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സും വിപ്രജ് നിഗവും തകർത്തടിച്ചതോടെ ഡൽഹി പൊരുതാവുന്ന സ്കോറിലെത്തി. ബെംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്നും ജോഷ് ഹെയ്സൽവുഡ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ടോസ് നേടിയ ആർസിബി ഡൽഹിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 

English Summary:

Indian Premier League, Delhi Capitals vs Royal Challengers Bengaluru Match Updates

Read Entire Article