‘27 കോടിക്കു വിളിച്ചത് കുറച്ച് കടന്നുപോയെന്ന് തിരിച്ചറിവ്, പന്തിനെ ലക്നൗ പുറത്താക്കും’: സോഷ്യൽ മിഡിയ പോസ്റ്റിന് മറുപടിയുമായി താരം

8 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: May 23 , 2025 08:31 AM IST

1 minute Read

ഋഷഭ് പന്ത്.
ഋഷഭ് പന്ത്.

ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, ക്യാപ്റ്റൻ ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് അടുത്ത സീസണിനു മുന്നോടിയായി റിലീസ് ചെയ്തേക്കുമെന്ന പ്രചാരണത്തിൽ പ്രതികരണവുമായി താരം നേരിട്ട് രംഗത്ത്. ഇതെല്ലാം വ്യാജ വാർത്തകളാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന വാർത്തകളുടെ കാര്യത്തിൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും ഋഷഭ് പന്ത് തുറന്നടിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം.

‘ബ്രേക്കിങ് ന്യൂസ്’ എന്ന പേരിലാണ് സമൂഹമാധ്യത്തിൽ ഋഷഭ് പന്തുമായി ബന്ധപ്പെട്ട വാർത്ത പ്രചരിച്ചത്. ‘‘2026ലെ ഐപിഎൽ സീസണിനു മുന്നോടിയായി ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിൽനിന്ന് റിലീസ് ചെയ്തേക്കും. പന്തിനു നൽകിയ 27 കോടി രൂപ കുറച്ചു കൂടിപ്പോയി എന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ’ – ഇതായിരുന്നു പോസ്റ്റ്.

ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ്, ഋഷഭ് പന്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ആഞ്ഞടിച്ചത്.

‘‘വ്യാജ വാർത്തകൾ കൂടുതൽ വായനക്കാരെ നേടിത്തരുമെന്ന് ഞാൻ മനസ്സിലാക്കുന്നു. എങ്കിലും എല്ലാം വ്യാജമാകരുത്. പ്രത്യേക അജൻഡയോടെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിലും നല്ലത് കുറച്ച് ബുദ്ധി കൂടി ഉപയോഗിച്ച് വിശ്വസനീയമായ വാർത്തകൾ കണ്ടെത്തുകയാണ്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ കാര്യത്തിൽ നമ്മൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’ – പന്ത് കുറിച്ചു.

ഈ സീസണിൽ വലിയ പ്രതീക്ഷകളോടെയാണ് ഐപിഎലിലെ റെക്കോർഡ് തുകയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. എന്നാൽ, സീസണിലുടനീളം തീർത്തും മോശം പ്രകടനവുമായി പന്ത് നിരാശപ്പെടുത്തിയിരുന്നു. പന്തിന്റെ ക്യാപ്റ്റൻസിയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതോടെ നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ തുടങ്ങിയവർ ഉൾപ്പെട്ട ലക്നൗ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

English Summary:

Rishabh Pant Breaks Silence On Post Claiming LSG Will Sack The Rs 27 Crore Star After Team Fails To Enter Playoffs

Read Entire Article