Published: June 23 , 2025 12:42 PM IST
1 minute Read
-
അന്തരിച്ചത് മോട്ടർ ന്യൂറോൺ ഡിസീസ് ബാധിച്ച്
ഗ്ലോസ്റ്റർ (ഇംഗ്ലണ്ട്) ∙ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പേസ് ബോളിങ് മാർഗദർശിയായി അറിയപ്പെടുന്ന മുൻ പേസർ ഡേവിഡ് ‘സിഡ്’ ലോറൻസ് (61) അന്തരിച്ചു. ഇംഗ്ലണ്ട് ടീമിലെ, ബ്രിട്ടനിൽ ജനിച്ച കറുത്ത വർഗക്കാരനായ ആദ്യ പേസ് ബോളറായിരുന്നു ലോറൻസ്. പേശികളുടെ ചലനശേഷി നഷ്ടമാകുന്ന മോട്ടർ ന്യൂറോൺ രോഗം (എംഎൻഡി) ബാധിച്ചതായി ഒരു വർഷം മുൻപാണു സ്ഥിരീകരിച്ചത്.ഇംഗ്ലണ്ടിനായി 1988–92 കാലഘട്ടത്തിൽ 5 ടെസ്റ്റ് മത്സരങ്ങൾ മാത്രമാണു ലോറൻസിനു കളിക്കാൻ സാധിച്ചത്.
ന്യൂസീലൻഡിനെതിരെ വെല്ലിങ്ടണിൽ നടന്ന ടെസ്റ്റിന്റെ അവസാനദിനം പന്തെറിയാൻ ഓടുന്നതിനിടെ വീണു കാൽമുട്ടിനു പരുക്കേറ്റ ലോറൻസിന് രാജ്യാന്തര കരിയർ 28–ാം വയസ്സിൽ അവസാനിപ്പിക്കേണ്ടി വന്നു. ലോഡ്സ് ഗ്രൗണ്ടിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ഒരു ഏകദിന മത്സരത്തിൽ മാത്രമാണു ലോറൻസ് കളിച്ചിട്ടുള്ളത്. ആ മത്സരത്തിൽ, 67 റൺസ് വഴങ്ങി 4 വിക്കറ്റുകളും നേടി.അതേസമയം, കൗണ്ടി ക്രിക്കറ്റിൽ ഗ്ലോസ്റ്റർഷർ ടീമിന്റെ പ്രധാന പേസ് ബോളർമാരിൽ ഒരാളായിരുന്നു അദ്ദേഹം.
ജമൈക്കയിൽനിന്നു കുടിയേറിയവരായിരുന്നു ലോറൻസിന്റെ മാതാപിതാക്കൾ. 17–ാം വയസ്സിൽ ഗ്ലോസ്റ്റർഷറിനായി കളിച്ചു തുടങ്ങി. സഹപേസർ വെസ്റ്റിൻഡീസ് താരം കോട്നി വാൽഷിനൊപ്പമുള്ള ലോറൻസിന്റെ അതിവേഗ സ്പെല്ലുകൾ ഏറെ പ്രശംസിക്കപ്പെട്ടു. ഗ്ലോസ്റ്റർഷറിനായി 280 മത്സരങ്ങളിൽ 625 വിക്കറ്റുകൾ നേടി. 2022ൽ ക്ലബ്ബിന്റെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡന്റുമായി. ലോറൻസിനോടുള്ള ആദരസൂചകമായി, ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിൽ ഇന്നലെ കറുത്ത ആംബാൻഡ് ധരിച്ചാണു കളിക്കാർ ഗ്രൗണ്ടിലിറങ്ങിയത്.
English Summary:








English (US) ·