ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലായിരുന്നു. 387 പന്തില്‍ നിന്ന് 269 റണ്‍സ് നേടിയ ഗില്ലിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ 587 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തിയത്. 30 ഫോറും മൂന്നു സിക്‌സും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ മാരത്തണ്‍ ഇന്നിങ്‌സ്.
ക്ഷമയോടെ ഓരോ പന്തിനെയും അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ നേരിടുകയായിരുന്നു ഗില്‍. ശാന്തത കൈവിടാതെ ഏകാഗ്രതയോടെയുള്ള ഇന്നിങ്‌സ്. ഗില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുമെന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ജോഷ് ടങ് എറിഞ്ഞ 144-ാം ഓവറില്‍ ഗില്ലിന് പിഴച്ചു. ഇപ്പോഴിതാ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്താന്‍ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പുറത്തെടുത്ത തന്ത്രം പുറത്തുവന്നിരിക്കുകയാണ്.
ചായയുടെ ഇടവേളയ്ക്കു തൊട്ടുപിന്നാലെ ഷോയബ് ബഷീര്‍ എറിഞ്ഞ 143-ാം ഓവറില്‍ ഗില്ലിന്റെ ഏകാഗ്രത കളയാന്‍ ശ്രമിക്കുകയായിരുന്നു ബ്രൂക്ക്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ബ്രൂക്ക്, ഗില്ലിനോട് ട്രിപ്പിള്‍ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിച്ചത്. ഈ സമയം വ്യക്തിഗത സ്‌കോര്‍ 265-ല്‍ നില്‍ക്കുകയായിരുന്നു ഗില്‍. ബ്രൂക്കിന്റെ വാക്കുകള്‍ക്ക് ഗില്‍ മറുപടി നല്‍കുന്നുമുണ്ടായിരുന്നു.
'290-കളാണ് ഏറ്റവും ബുദ്ധിമുട്ടുള്ളത്' എന്നാണ് ബ്രൂക്ക്, ഗില്ലിനോട് പറഞ്ഞത്. 'നിങ്ങള്‍ക്ക് എത്ര ട്രിപ്പിള്‍ സെഞ്ചുറികളുണ്ട്' എന്ന് ഗില്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം പാകിസ്താനെതിരേ ബ്രൂക്ക് ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നു. പിന്നാലെ 144-ാം ഓവറിലെ മൂന്നാം പന്തില്‍ ഗില്‍ പുറത്താകുകയും ചെയ്തു.
ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരം കളിച്ച ഗില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ എന്ന നേട്ടവും സ്വന്തമാക്കി. 2019-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 254 റണ്‍സെടുത്ത വിരാട് കോലിയുടെ റെക്കോഡാണ് ഗില്‍ മറികടന്നത്. ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്‌കോറുമാണിത്.
നേരത്തേ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലും ബ്രൂക്ക് സമാന തന്ത്രം പ്രയോഗിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ വാലറ്റത്തെ കൂട്ടുപിടിച്ച് സ്‌കോര്‍ ചലിപ്പിക്കുന്നതിനിടെയായിരുന്നു ബ്രൂക്കിന്റെ തന്ത്രം. അന്ന് ജഡേജയ്ക്ക് പിന്തുണ നല്‍കി ക്രീസില്‍ നിന്നിരുന്ന പ്രസിദ്ധ് കൃഷ്ണയ്‌ക്കെതിരെയായിരുന്നു ബ്രൂക്കിന്റെ മൈന്‍ഡ് ഗെയിം തന്ത്രം. റിസ്‌കുള്ള ഒരു ഷോട്ടിനും മുതിരാതെ അച്ചടക്കത്തോടെ കളിച്ച പ്രസിദ്ധിനെ പ്രകോപിപ്പിച്ച് ബ്രൂക്ക് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. അന്ന് ഷോയബ് ബഷീര്‍ എറിഞ്ഞ 96-ാം ഓവറിലാണ് സംഭവം. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരി ബ്രൂക്ക് പ്രസിദ്ധിനോട് 'നിനക്ക് വലിയ സിക്സറുകള്‍ അടിക്കാന്‍ കഴിയുമോ' എന്ന് ചോദിച്ചു. 'അങ്ങനെ ചെയ്താല്‍ എന്നെ ബ്രൂക്ക് എന്ന് വിളിക്കും' എന്നായിരുന്നു ഇതിന് പ്രസിദ്ധിന്റെ മറുപടി. പിന്നാലെ അതുവരെ പ്രതിരോധിച്ചു നിന്ന പ്രസിദ്ധ് ഷോയബ് ബഷീര്‍ എറിഞ്ഞ അടുത്ത പന്തില്‍ സിക്സറടിക്കാന്‍ ശ്രമിച്ച് പുറത്തായി. ഇതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുകയും ചെയ്തു.
Content Highlights: Shubman Gill`s stunning 269 successful the Edgbaston Test was thwarted by Harry Brooke`s clever caput games








English (US) ·