
ഇന്ത്യൻ വനിതാ ടീം | X.com/@BCCIWomen
ന്യൂഡല്‍ഹി: വനിതാ ലോകകപ്പ് ജേതാക്കള്‍ക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 4.48 മില്ല്യണ്‍ യുഎസ് ഡോളറാണ് (39.55 കോടി ഇന്ത്യന്‍ രൂപ) ഇക്കുറി ജേതാക്കള്‍ക്ക് ലഭിക്കുക. കഴിഞ്ഞ തവണ ഇത് 1.32 മില്ല്യണ്‍ യുഎസ് ഡോളറായിരുന്നു(11.65 കോടി ഇന്ത്യന്‍ രൂപ). ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 30 നാണ് ആരംഭിക്കുന്നത്.
ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുകയിലും വന്‍ വര്‍ധനവുണ്ട്. 122.5 കോടി രൂപയോളമാണ് ആകെ സമ്മാനത്തുക. കഴിഞ്ഞ ടൂര്‍ണമെന്റിനേക്കാള്‍ 297 ശതമാനം കൂടുതലാണിത്. 2022 ല്‍ ന്യൂസിലന്‍ഡില്‍ വെച്ച് നടന്ന ടൂര്‍ണമെന്റില്‍ 31 കോടിയോളമായിരുന്നു ആകെയുള്ള സമ്മാനത്തുക. 2023 ല്‍ നടന്ന പുരുഷന്മാരുടെ ഏകദിനലോകകപ്പിലെതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്തവണ നല്‍കുക. 10 മില്ല്യണ്‍ ഡോളറായിരുന്നു(ഏകദേശം 88.26 കോടി ഇന്ത്യന്‍ രൂപ) ആ ലോകകപ്പിലെ ആകെ സമ്മാനത്തുക. ഐസിസി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
റണ്ണേഴ്‌സപ്പാകുന്ന ടീമിന് ഏകദേശം 19.77 കോടി രൂപയും സെമിയില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 9.89 കോടി രൂപയും ലഭിക്കും. ഗ്രൂപ്പ് സ്റ്റേജില്‍ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകള്‍ക്ക് 30.29 ലക്ഷം രൂപയും ലഭിക്കും. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായും അതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ നടക്കുന്ന വനിതാ ലോകകപ്പിൽ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് മത്സരിക്കുന്നത്. ഒക്ടോബര്‍ 29, 30 തിയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ രണ്ടിനാണ് ഫൈനല്‍. പാകിസ്താന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.
Content Highlights: grounds prize wealth for Womens Cricket World Cup icc








English (US) ·