‘29ന്റെ ചെറുപ്പത്തിൽ’ വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ച് പുരാൻ; ട്വന്റി20യിലെ വിൻഡീസ് റൺവേട്ടക്കാരിൽ ഒന്നാമൻ, ടെസ്റ്റ് കളിക്കാതെ മടക്കം

7 months ago 6

ബാർബഡോസ്∙ ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ വെസ്റ്റിൻഡീസ് സൂപ്പർതാരം നിക്കൊളാസ് പുരാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കരിയറിൽ ഇനിയും ഒട്ടേറെ ക്രിക്കറ്റ് ബാക്കിനിൽക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് വെറും 29 വയസ് മാത്രം പ്രായമുള്ള പുരാന്റെ വിരമിക്കൽ പ്രഖ്യാപനം. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ വിൻഡീസ് ജഴ്സിയണിഞ്ഞ താരമായ പുരാൻ, വിൻഡീസ് താരങ്ങളിൽ റൺവേട്ടയിലും ഒന്നാമനാണ്. അടുത്തിടെ സമാപിച്ച ഐപിഎൽ 18–ാം സീസണിലും ലക്നൗ സൂപ്പർ ജയന്റ്സിനായി മിന്നുന്ന ഫോമിലായിരുന്നു താരം. 

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ (എകദിനം), ദക്ഷിണാഫ്രിക്കൻ താരം ഹെയ്ൻറിച് ക്ലാസൻ എന്നിവരുടെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ച അലയൊലികൾ അടങ്ങും മുൻപാണ് നിക്കൊളാസ് പുരാനും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്തായശേഷം തിരിച്ചുവരവിനു ശ്രമിക്കുന്ന വെസ്റ്റിൻഡീസിന് കനത്ത തിരിച്ചടിയാണ് പുരാന്റെ തീരുമാനം.

കഴിഞ്ഞ വർഷം ട്വന്റി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (170) നേടിയ താരമെന്ന നേട്ടം ഉൾപ്പെടെ ക്രിക്കറ്റ് കരിയറിൽ ഫോമിന്റെ അത്യുച്ചിയിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ എന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം സമാപിച്ച ഐപിഎൽ 18–ാം സീസണിലും ചരിത്രത്തിലാദ്യമായി 500 റൺസിനു മുകളിൽ സ്കോർ ചെയ്ത പുരാൻ, 40 സിക്സറുകളുമായി കൂടുതൽ സിക്സ് നേടിയ താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

പുരാന്റെ പ്രത്യേക അഭ്യർഥന മാനിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിൻഡീസിന്റെ ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്കുള്ള ടീമിൽനിന്ന് പുരാന് സിലക്ടർമാർ വിശ്രമം അനുവദിച്ചിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിലെ മിന്നും താരമായി തുടരുമ്പോഴും വിൻഡീസിനായി ഇതുവരെ ഒറ്റ ടെസ്റ്റ് പോലും കളിക്കാനായിട്ടില്ലെന്ന അപൂർവതയുമായാണ് പുരാൻ പാഡഴിക്കുന്നത്.

2016 സെപ്റ്റംബറിലായിരുന്നു താരത്തിന്റെ രാജ്യാന്തര ട്വന്റി20 അരങ്ങേറ്റം. 2019 ഫെബ്രുവരിയിൽ ഏകദിനത്തിലും അരങ്ങേറി. അതേസമയം, വെസ്റ്റിൻഡീസ് 2023ലെ ലോകകപ്പിനു യോഗ്യത നേടാതെ പുറത്തായതിനു ശേഷം പുരാൻ ഒറ്റ രാജ്യാന്തര ഏകദിനം പോലും കളിച്ചിട്ടില്ല.

ഇടക്കാലത്ത് 2022ൽ വിൻഡീസിന്റെ ക്യാപ്റ്റനായും നിയോഗിക്കപ്പെട്ട പുരാനു കീഴിൽ ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലായി 30 മത്സരങ്ങളാണ് വിൻഡീസ് കളിച്ചത്. എന്നാൽ ആകെ എട്ടു മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ടീമിനെ വിജയത്തിലേക്കു നയിക്കാനായത്. 2022ൽ ഓസ്ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ വിൻഡീസ് ആദ്യ റൗണ്ടിൽ പുറത്തായതോടെ പുരാൻ നായകസ്ഥാനം ഒഴിഞ്ഞിരുന്നു. 2026ലെ ട്വന്റി20 ലോകകപ്പിലേക്ക് മാസങ്ങൾ മാത്രം ശേഷിക്കെ വിൻഡീസ് ബാറ്റിങ്ങിന്റെ മധ്യനിരയിൽ കനത്ത ശൂന്യത സൃഷ്ടിച്ചാണ് പുരാന്റെ വിടവാങ്ങൽ.

രാജ്യാന്തര ഏകദിനത്തിൽ 61 മത്സരങ്ങളിൽനിന്ന് 39.66 ശരാശരിയിൽ 1983 റൺസാണ് പുരാന്റെ സമ്പാദ്യം. ഇതിൽ മൂന്നു സെഞ്ചറികളും 11 അർധസെഞ്ചറികളും ഉൾപ്പെടുന്നു. വിക്കറ്റ് കീപ്പറായും കളിക്കാറുള്ള പുരാന്റെ പേരിൽ 23 ക്യാച്ചുകളും രണ്ട് സ്റ്റംപിങ്ങുകളുമുണ്ട്. ഏകദിനത്തിൽ ആറു വിക്കറ്റുകളും വീഴ്ത്തി. രാജ്യാന്തര ട്വന്റി20യിൽ 106 മത്സരങ്ങളിൽനിന്ന് 26.14 ശരാശരിയിൽ 2275 റൺസ് നേടി. ഇതിൽ 13 അർധസെഞ്ചറികളുണ്ട്. 136.39 ആണ് സ്ട്രൈക്ക് റേറ്റ്. ഈ ഫോർമാറ്റിൽ 152 ഫോറുകളും 149 സിക്സറുകളും നേടി. 63 ക്യാച്ചുകളും എട്ട് സ്റ്റംപിങ്ങുകളും സ്വന്തമാക്കി.  

English Summary:

Former West Indies skipper Nicholas Pooran retires from internationals

Read Entire Article