Published: August 13, 2025 09:33 AM IST
1 minute Read
തിരുവനന്തപുരം ∙ 3.62 കോടി രൂപ ചെലവാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കായിക ഉച്ചകോടിയിലെ പ്രഖ്യാപനങ്ങൾ വെറും വാക്കായി തുടരുന്നത് സംബന്ധിച്ച് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത വാസ്തവവിരുദ്ധമെന്നു കായിക മന്ത്രി വി .അബ്ദുറഹിമാൻ. ഉച്ചകോടിയുടെ ചെലവ് സംബന്ധിച്ച് പ്രസിദ്ധീകരിച്ചത് ആരോ സൃഷ്ടിച്ച കൃത്രിമ കണക്കുകളാണെന്ന് അദ്ദേഹം ആരോപിച്ചു.
കാര്യവട്ടം സ്റ്റേഡിയത്തിനു വാടകയായി 40 ലക്ഷം രൂപ നൽകിയെന്നു പറയുന്നതു ശരിയല്ല. വാടകയിനത്തിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ബോക്സിങ് റിങ് ഉൾപ്പെടെ കായികമത്സരങ്ങൾക്കുള്ള വേദി, കലാവേദി, പ്രദർശന ഹാൾ, ഇ-സ്പോർട്സ് പവലിയൻ എന്നിവ 3 ദിവസത്തേക്ക് ഒരുക്കാനുള്ള ചെലവിനെയാണ് സ്റ്റേഡിയം വാടക എന്ന നിലയിൽ വാർത്തയിൽ പറഞ്ഞത്.
ഉച്ചകോടിയിൽ ഗവേഷകർക്കായുള്ള സെഷനുകളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം പുസ്തകമായി പ്രസിദ്ധീകരിച്ചു. കായികപരിശീലകർക്കുള്ള പഠന പരിപാടിയുടെ തുടർച്ചയായി സ്പോർട്സ് സ്‌കൂളുകളിലെയും സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലെയും മുഴുവൻ കായിക പരിശീലകർക്കും 10 ദിവസത്തെ പരിശീലനം നൽകി. തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ ഭാരവാഹികളുടെ സംഗമത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിഗണിച്ച് കായികകേരളം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
ഉച്ചകോടിയിൽ ഉയർന്ന ആശയപ്രകാരം കോളജ് സ്പോർട്സ് ലീഗും ആരംഭിച്ചു. സംസ്ഥാനത്തു പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിന് നിക്ഷേപ വാഗ്ദാനം നൽകിയവരാരും പിന്മാറിയിട്ടില്ല. ക്രിക്കറ്റ്, ഫുട്ബോൾ അസോസിയേഷനുകൾ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഭൂമി സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ സ്റ്റേഡിയം നിർമാണം ആരംഭിക്കും - മന്ത്രി അറിയിച്ചു.
English Summary:








English (US) ·