Published: December 16, 2025 08:58 AM IST Updated: December 16, 2025 09:58 AM IST
1 minute Read
മെൽബൺ ∙ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിക്ക് ‘മോശം’ തുടക്കം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ തന്നെ ശരിക്ക് ‘അടി’ വാങ്ങിയ താരം, ഒടുവിൽ അംപയർമാരുടെ വിലക്കും നേരിട്ടു. സൈമണ്ട്സ് സ്റ്റേഡിയത്തിൽ ഷഹീന്റെ ടീമായ ബ്രിസ്ബെയ്ൻ ഹീറ്റ്, മെൽബൺ റെനഗേഡ്‌സിനോട് 14 റൺസിനു തോൽക്കുകയും ചെയ്തു.
മത്സരത്തിൽ ടോസ് നേടിയ ബ്രിസ്ബെയ്ൻ ഹീറ്റ്, മെൽബൺ റെനഗേഡ്‌സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. മെൽബൺ ഇന്നിങ്സിന്റെ രണ്ടാം ഓവറിലാണ് ഷഹീൻ ആദ്യമായി പന്തെറിയാനെത്തിയത്. ആ ഓവറിൽ രണ്ടു ഫോറടക്കം 9 റണ്‍സാണ് ഷഹീൻ വഴങ്ങിയത്. പിന്നീട് 13–ാം ഓവറിലാണ് ഷഹീൻ പന്തെറിഞ്ഞത്. എന്നാൽ ആ ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസ് താരം വഴങ്ങി. പിന്നീട് 18–ാം ഓവറിൽ വീണ്ടും ഷഹീനെ പന്തേൽപ്പിച്ചെങ്കിലും ഓവറിലെ ആദ്യ പന്തിൽ തന്നെ സിക്സർ വഴങ്ങി.
പിന്നീട് 3, 4, 5 പന്തുകളിൽ തുടർച്ചയായി നോബോളുകളും എറിഞ്ഞു. ഇതിൽ രണ്ടു പന്തുകൾ ബാറ്ററുടെ അരയ്ക്കു മുകളിലൂടെ പോയ ഫുൾ ടോസ് പന്തുകളായതോടെ ഓവർ പൂർത്തിയാക്കുന്നതിൽനിന്നു താരത്തെ ഫീൽഡ് അംപയർ വിലക്കുകയും ചെയ്തു. അപകടകരമായ രീതിയിൽ രണ്ടു ബീമർ എറിഞ്ഞതിനാലാണ് ബോളറെ വിലക്കിയത്. തുടർന്ന് ക്യാപ്റ്റൻ നാഥാൻ മക്‌സ്വീനിയാണ് ഓവർ പൂർത്തിയാക്കിയത്. അങ്ങനെ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ, ‘പൂർത്തിയാകാത്ത’ സ്പെൽ പൂർത്തിയാകുമ്പോൾ 2.4–0–43–0–3–2 എന്നായിരുന്നു ഷഹീന്റെ ബോളിങ് ഫിഗർ.
2.4 ഓവർ മാത്രം എറിഞ്ഞ താരം 43 റൺസ് വഴങ്ങിയപ്പോൾ വിക്കറ്റൊന്നും നേടാനുമായില്ല. രണ്ടു വൈഡുകളും മൂന്നു നോബോളുകളുമടക്കം 5 എക്സ്ട്രാസും എറിഞ്ഞു. പാക്കിസ്ഥാൻ ടീമിൽ ഷഹീന്റെ സഹതാരമായ മുഹമ്മദ് റിസ്‌വാനും മത്സരത്തിൽ മെൽബൺ റെനഗേഡ്‌സിനായി അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്നാമനായി ഇറങ്ങിയ റിസ്‍വാൻ, 10 പന്തിൽ 4 റൺസെടുത്ത് പുറത്തായി.
English Summary:








English (US) ·