
വിജയ് മല്യ (ഫയൽ ചിത്രം) | ഫോട്ടോ: എ.പി.
ലണ്ടൻ: 18 വർഷത്തെ കാത്തിരിപ്പിനൊടുക്കമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ കിരീടത്തിൽ മുത്തമിട്ടത്. അതോടെ ഇതിഹാസതാരം വിരാട് കോലിയുടെ സ്വപ്നവും പൂവണിഞ്ഞു. ഇപ്പോഴിതാ 2008-ൽ ഫ്രാഞ്ചൈസിയെ വാങ്ങിയതുസംബന്ധിച്ചും പ്രഥമ സീസണിൽ കളിക്കാരെ തിരഞ്ഞെടുത്തതിനെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ആർസിബിയുടെ ആദ്യ ഉടമയും വ്യവസായിയുമായ വിജയ് മല്യ. മുംബൈയടക്കം മൂന്ന് ഫ്രാഞ്ചൈസികളെ വാങ്ങാനാണ് താൻ ലക്ഷ്യമിട്ടതെന്നും കോലിയെ താൻ നേരിട്ടാണ് ആർസിബിയിലെത്തിച്ചതെന്നും മല്യ ഒരു പോഡ്കാസ്റ്റിനിടയിൽ വെളിപ്പെടുത്തി.
'ഈ ലീഗിനെക്കുറിച്ച് ലളിത് മോദി ബിസിസിഐക്ക് നൽകിയ അവതരണം എന്നെ വളരെയധികം ആകർഷിച്ചു. ടീമുകൾ ലേലത്തിൽ വെക്കാൻ പോകുകയാണെന്നും വാങ്ങുന്നുണ്ടോയെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ മൂന്ന് ഫ്രാഞ്ചൈസികൾക്കായി ലേലം വിളിച്ചു, വളരെ ചെറിയ തുകയ്ക്കാണ് എനിക്ക് മുംബൈയെ നഷ്ടപ്പെടുന്നത്.' - മല്യ പറഞ്ഞു.
'ഞാൻ 2008-ൽ ആർസിബി ഫ്രാഞ്ചൈസിക്കായി ലേലം വിളിക്കുന്നസമയത്ത്, ഐപിഎൽ ഇന്ത്യൻ ക്രിക്കറ്റിൽ വഴിത്തിരിവാകുമെന്ന് കണ്ടിരുന്നു. എൻ്റെ കാഴ്ചപ്പാട് ബാംഗ്ലൂരിൻ്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ഒരു ടീമിനെ സൃഷ്ടിക്കുക എന്നതായിരുന്നു. ഊർജ്ജസ്വലവും ചലനാത്മകവും ആകർഷകവുമായ ഒന്ന്. അതിനാൽ 112 മില്യൺ ഡോളർ ഞാൻ നൽകി. കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും മികവിന് വേണ്ടി നിലകൊള്ളുന്ന ഒരു ബ്രാൻഡ് ആക്കാനാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഞങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മദ്യ ബ്രാൻഡുകളിലൊന്നിനെ റോയൽ ചലഞ്ചേഴ്സുമായി ബന്ധിപ്പിച്ചത്.'
'ടീമിനെ ശക്തിപ്പെടുത്താനായി കളിക്കാരെ താൻ നേരിട്ട് തിരഞ്ഞെടുത്തുവെന്നും വിജയ് മല്യ പറഞ്ഞു. അണ്ടർ-19 ലോകകപ്പ് ടീമിൽ നിന്നുള്ള യുവതാരമായ വിരാട് കോലിയെ കണ്ടെത്തിയതാണ് എന്റെ ഏറ്റവും വലിയ അഭിമാനം. അവൻ പ്രത്യേക കഴിവുള്ളയാളാണെന്ന് തോന്നിയതിനാൽ കോലിക്കായി ലേലം വിളിച്ചു. രാഹുൽ ദ്രാവിഡിനെ ഞങ്ങളുടെ ഐക്കൺ കളിക്കാരനായി ലഭിച്ചു. ജാക്ക് കാലിസ്, അനിൽ കുംബ്ലെ, സഹീർ ഖാൻ തുടങ്ങിയ ലോകോത്തര താരങ്ങളെയും ഞങ്ങൾ കൊണ്ടുവന്നു. ഐപിഎൽ ട്രോഫി ബെംഗളൂരുവിൽ എത്തിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം, ആ ലക്ഷ്യത്തോടെയാണ് ഞാൻ ടീമിനെ കെട്ടിപ്പടുത്തത്. '- മല്യ കൂട്ടിച്ചേർത്തു.
ഐപിഎല്‍ കിരീട നേട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ വിജയ് മല്യ അഭിനന്ദിച്ചിരുന്നു. ആര്‍സിബി ടീം സ്ഥാപിച്ചപ്പോള്‍ ഐപിഎല്‍ ട്രോഫി ബെംഗളൂരുവില്‍ എത്തണമെന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും കോലിയടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ചതും താനാണെന്നും മല്യ എക്‌സില്‍ കുറിച്ചു. നിലവില്‍ വായ്പ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട മല്യ ലണ്ടനിലാണുള്ളത്.
Content Highlights: erstwhile rcb proprietor Vijay Mallya revealation buying ipl squad kohli








English (US) ·