Published: March 27 , 2025 09:32 PM IST
1 minute Read
ഹൈദരാബാദ്∙ ഇന്ത്യന്‍ പ്രീമിയർ ലീഗിലെ ആദ്യത്തെ 300 റണ്‍സെന്ന സ്വപ്നവുമായി എല്ലാ മത്സരങ്ങൾക്കും ബാറ്റിങ്ങിന് ഇറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെ 200 തൊടീക്കാതെ ലക്നൗ സൂപ്പർ ജയന്റ്സ്. റണ്ണൊഴുകുന്ന ഹൈദരാബാദിലെ പിച്ചിൽ ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സിനെ 20 ഓവറിൽ ഒൻപതു വിക്കറ്റു നഷ്ടത്തിൽ 190 റൺസെന്ന നിലയിൽ ലക്നൗ സൂപ്പർ ജയന്റ്സ് തടഞ്ഞുനിർത്തി. ലക്നൗവിന് 191 റൺസ് വിജയലക്ഷ്യം.
28 പന്തിൽ 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. അനികേത് വർമ (13 പന്തിൽ 36), നിതീഷ് കുമാർ റെഡ്ഡി (28 പന്തിൽ 32), ഹെൻറിച് ക്ലാസൻ (17 പന്തിൽ 26) എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്കോറർമാർ. ലക്നൗവിനായി ഷാർദൂൽ ഠാക്കൂർ നാലോവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. മെഗാലേലത്തിൽ ആരും ടീമിലെടുക്കാതിരുന്ന ഠാക്കൂർ പകരക്കാരനായാണ് ലക്നൗവിലെത്തുന്നത്. ആറു വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് ഠാക്കൂർ ഇപ്പോൾ.
മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ അഭിഷേക് ശർമയെയും (ആറ്), രണ്ടാം പന്തിൽ ഇഷാൻ കിഷനെയും (പൂജ്യം) പുറത്താക്കിയ ഷാർദൂൽ ഠാക്കൂറാണ് ഹൈദരാബാദിനെ ആദ്യം ഞെട്ടിച്ചത്. വിക്കറ്റു പോയാലും ബൗണ്ടറികൾ മതി എന്ന സമീപനവുമായി ഹൈദരാബാദ് ബാറ്റർമാർ പൊരുതിയതോടെ ലക്നൗ ബോളർമാരും വിട്ടുകൊടുത്തില്ല. എട്ടാം ഓവറിൽ ട്രാവിസ് ഹെഡിനെ പ്രിൻസ് യാദവ് ബോൾഡാക്കി.10.4 ഓവറിലാണ് ഹൈദരാബാദ് 100 പിന്നിട്ടത്. മധ്യനിരയുടെ കരുത്തിലായിരുന്നു ഹൈദരാബാദിന്റെ പിന്നീടുള്ള പ്രതീക്ഷകൾ.
നിതീഷ് കുമാർ റെഡ്ഡിയും ക്ലാസനും അനികേത് വര്‍മയും മോശമല്ലാത്ത ബാറ്റിങ് പ്രകടനം നടത്തിയെങ്കിലും വമ്പൻ സ്കോറിലേക്കു വളരാൻ ലക്നൗ അനുവദിച്ചില്ല. അഭിനവ് മനോഹറിനെയും മുഹമ്മദ് ഷമിയെയും പുറത്താക്കി ഷാർദൂൽ ഠാക്കൂർ വിക്കറ്റു നേട്ടം നാലാക്കി. 11 പന്തില്‍ 12 റൺസുമായി ഹർഷൽ പട്ടേൽ പുറത്താകാതെനിന്നു. ലക്നൗവിനായി ആവേശ് ഖാൻ, ദിഗ്‍വേഷ് രാഥി, രവി ബിഷ്ണോയി, പ്രിൻസ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. മത്സരത്തിൽ ടോസ് നേടിയ ലക്നൗ ഹൈദരാബാദിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
English Summary:








English (US) ·