Published: November 26, 2025 08:43 PM IST Updated: November 26, 2025 09:53 PM IST
1 minute Read
ലക്നൗ ∙ ബുധനാഴ്ച ആരംഭിച്ച മുഷ്താഖ് അലി ടൂർണമെന്റിൽ തിളങ്ങി രാജ്യാന്തര താരങ്ങളും. കേരളത്തിനു വേണ്ടി സഞ്ജു സാംസൺ അർധസെഞ്ചറി നേടിയപ്പോൾ അജിൻക്യ രഹാനെ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവരും തിളങ്ങി. ഗുജറാത്ത് ക്യാപ്റ്റനും ഐപിഎലിൽ സഞ്ജുവിന്റെ സഹതാരവുമായ ഉർവിൽ പട്ടേലാണ് ഏറ്റവും ശ്രദ്ധേയമായ ഇന്നിങ്സ് കളിച്ചത്. 31 പന്തിൽ സെഞ്ചറി നേടിയ ഉർവിലിന്റെ കരുത്തിൽ സർവീസസിനെ ഗുജറാത്ത് എട്ടു വിക്കറ്റിനു തകർത്തു. ആദ്യം ബാറ്റു ചെയ്ത സർവീസസ്, 20 ഓവറിൽ 189 റൺസെടുത്തപ്പോൾ ഗുജറാത്ത് 12.3 ഓവറിൽ ലക്ഷ്യം കണ്ടു.
37 പന്തിൽ 10 സിക്സറുടെയും 12 ഫോറിന്റെയും അകമ്പടിയോടെയാണ് ഓപ്പണറായി ഇറങ്ങിയ ഉർവിൽ പട്ടേൽ 119 റൺസെടുത്തത്. സഹഓപ്പണർ ആര്യ ദേശായി 35 പന്തിൽ 60 റൺസെടുത്തു. മറ്റൊരു മത്സരത്തിൽ, റെയിൽവേസിനെതിരെ നിലവിലെ ചാംപ്യന്മാരായ മുംബൈയും വിജയിച്ചു. അജിൻക്യ രഹാനെ (33 പന്തിൽ 62), സൂര്യകുമാർ യാദവ് (30 പന്തിൽ 47) എന്നിവരുടെ മികവിൽ 159 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മുംബൈ മറികടന്നു. ശിവം ദുബെ 2 പന്തിൽ 5 റൺസുമായി പുറത്താകാതെ നിന്നു. ഏഴു വിക്കറ്റിനാണ് മുംബൈയുടെ ജയം.
അതേസമയം, തമിഴ്നാട് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ വരുൺ ചക്രവർത്തിക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. രാജസ്ഥാനെതിരെ ആറു വിക്കറ്റിനാണ് തമിഴ് നാടിന്റെ പരാജയം. ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തപ്പോൾ രാജസ്ഥാൻ 16.3 ഓവറിൽ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 36 പന്തിൽ 76 റൺസുമായി തിളങ്ങിയ ദീപക് ഹൂഡയാണ് രാജസ്ഥാന്റെ വിജയശിൽപി. ആറു സിക്സും ആറു ഫോറുമാണ് ഹൂഡ അടിച്ചത്. നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത വരുൺ, ഒരു വിക്കറ്റ് വീഴ്ത്തി.
ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ പഞ്ചാബ് ക്യാപ്റ്റനായ ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ അഭിഷേക് ശർമയ്ക്കു തിളങ്ങാനായില്ല. ഹിമാചൽ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം 13.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നെങ്കിലും ഓപ്പണറായി ഇറങ്ങിയ അഭിഷേക്, നാല് റൺസെടുത്ത് ആദ്യ ഓവറിൽ തന്നെ പുറത്തായി. 43 റൺസെടുത്ത അൻമോൽപ്രീത് സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.
English Summary:








English (US) ·