34 പന്തിൽ 75 റൺസ്, ക്യാപ്റ്റൻ പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിറച്ച് സൂര്യ; മുംബൈ ലീഗിൽ 38 റൺസ് വിജയം

7 months ago 9

ഓൺലൈൻ ഡെസ്ക്

Published: June 09 , 2025 10:16 AM IST

1 minute Read

 X@MumbaiT20
പൃഥ്വി ഷാ, സൂര്യകുമാർ‌ യാദവ്. Photo: X@MumbaiT20

മുംബൈ∙ ട്വന്റി20 മുംബൈ ലീഗിൽ സൂര്യകുമാർ യാദവിന്റെ ട്രംഫ് നൈറ്റ്സ് മുംബൈ നോർത്ത് ഈസ്റ്റിനെ തകർ‌ത്ത് പൃഥ്വി ഷാ നയിക്കുന്ന നോർത്ത് മുംബൈ പാന്തേഴ്സ്. മത്സരത്തിൽ നോർത്ത് മുംബൈ പാന്തേഴ്സ് 38 റൺസ് വിജയമാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത പാന്തേഴ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. പാന്തേഴ്സിനായി ക്യാപ്റ്റൻ പൃഥ്വി ഷാ 34 പന്തിൽ 75 റൺസടിച്ചു. മൂന്നു സിക്സുകളും 12 ഫോറുകളും ഉൾപ്പെടുന്നതാണു പൃഥ്വി ഷായുടെ ഇന്നിങ്സ്.

മുൻ നിര ബാറ്റർമാരായ ദിവ്യാൻഷ് സക്സേനയെയും (ഒന്ന്), അർജുന്‍ ജയ്സ്വാളിനെയും (ഒൻപത്) നഷ്ടമായ പാന്തേഴ്സിന് ഹർഷൽ‌ ജാദവിന്റെ ഇന്നിങ്സും തുണയായി. 30 പന്തുകൾ നേരിട്ട ഹർഷൽ നിലയുറപ്പിച്ചു കളിച്ച് 46 റൺസടിച്ചു. അവസാന പന്തുകളിൽ തകർത്തടിച്ച രാഹുൽ സാവന്ത് ഒൻപതു പന്തിൽ 26 റൺസുമായി പുറത്താകാതെനിന്നു.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചിട്ടും സൂര്യകുമാറിന്റെ നൈറ്റ്സിനു  വിജയത്തിലെത്താൻ സാധിച്ചില്ല. 45 പന്തുകളിൽ 76 റൺസെടുത്ത ഓപ്പണർ സിദ്ധാന്ത് അതത്രാവോയാണ് മുംബൈയുടെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 29 റൺസടിച്ചും പുറത്തായി. 19.5 ഓവറിൽ 169 റൺസ് നേടാൻ മാത്രമാണ് നൈറ്റ്സിനു സാധിച്ചത്. 3.5 ഓവറുകൾ പന്തെറിഞ്ഞ പാന്തേഴ്സ് താരം പ്രതീക് മിശ്ര 30 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി.

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായിരുന്ന പൃഥ്വി ഷായെ കഴിഞ്ഞ സീസണിൽ ഒരു ടീമും വാങ്ങിയിരുന്നില്ല. 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിലാണ് പൃഥ്വി ഷാ ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്.

English Summary:

Prithvi Shaw Slams 34-ball 75, Decimates Suryakumar Yadav's Team In T20 Mumbai League

Read Entire Article