
പൗളി വൽസൻ| ഫോട്ടോ: ജി.ആർ. രാഹുൽ | മാതൃഭൂമി
വൈപ്പിൻ: വൈപ്പിൻകരക്കാർ സ്നേഹത്തോടെ പൗളിച്ചേച്ചിയെന്നുവിളിക്കുന്ന പൗളിവത്സൻ അഭിനയരംഗത്ത് എത്തിയിട്ട് അഞ്ചുപതിറ്റാണ്ട് പിന്നിടുന്നു. 1975-ൽ ‘ഫണ്ടമെന്റൽ’ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദിയിലേക്ക് പൗളിവത്സൻ പ്രവേശിച്ചത്. അതിനുംമുൻപേ ഓച്ചന്തുരുത്ത് ഇൻഫന്റ് ജീസസ് സ്കൂളിലെ ഏകാങ്കനാടകങ്ങളിൽ നിറഞ്ഞുനിന്ന കൊച്ചുപെൺകുട്ടി കുരിശിങ്കലെ നാടകപ്രേമികളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. അങ്ങനെയാണ് വാടേൽ സെയ്ന്റ് ജോർജ് പള്ളിയങ്കണത്തിൽ ആദ്യമായി ഒരു പൊതുവേദിയിൽ അഭിനയിക്കുന്നത്. പി.ജെ. ആന്റണിയുടെ നാടകക്കളരിയിൽ തുടങ്ങി രാജൻ പി. ദേവ്, സേവ്യർ പുൽപ്പാട്, കുയിലൻ, ആലുംമൂടൻ, സലിംകുമാർ എന്നിവരുടെ നാടകസംഘങ്ങളിലൂടെ നൂറുകണക്കിന് നാടകങ്ങളിൽ വേഷമിട്ടു. ഒരു നാടകത്തിന് 35 രൂപ പ്രതിഫലത്തിലാണ് തുടങ്ങിയത്. 2012-ൽ നാടകരംഗത്തോട് വിടപറയുമ്പോൾ അത് 1,000 രൂപയിലെത്തി.
2008-ൽ മമ്മൂട്ടി നായകനായ അണ്ണൻതമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. പിന്നെയും നാലുവർഷംകൂടി സിനിമയും നാടകവും ഒരുമിച്ച് കൊണ്ടുപോയി. സിനിമയിൽ അവസരങ്ങൾ കൂടിയതോടെ നാടകത്തിന് സമയം കണ്ടെത്താനാവാത്ത സ്ഥിതിയായി. ഈമയൗ., ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് 2017-ലെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. സൗദി വെള്ളക്ക എന്ന ചിത്രത്തിൽ ദേവിവർമയ്ക്ക് ശബ്ദം നൽകിയതിന് 2022-ലെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും കിട്ടി.
ഗപ്പി, അന്നയും റസൂലും, ഇയോബിന്റെ പുസ്തകം, ലൂക്ക തുടങ്ങി 98 സിനിമകളിൽ ചെറുതുംവലുതുമായ വേഷങ്ങൾ ചെയ്തു. അഭിനയ ജീവിതത്തിന്റെ അഞ്ചുപതിറ്റാണ്ട് പിന്നിടുന്ന പൗളിവത്സനെ ആദരിക്കാനൊരുങ്ങുകയാണ് ജന്മനാട്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിക്കുസമീപമാണ് ചടങ്ങ്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സിപ്പി പള്ളിപ്പുറം തുടങ്ങി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈപ്പിനിലെ ജയദർശൻ മ്യൂസിക്കൽ അക്കാദമിയുടെയും വിവിധ കലാസംഘടനകളുടെയും നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഭർത്താവ് വത്സൻ 2021-ൽ അന്തരിച്ചു. അമെച്ചർ നാടകങ്ങളിൽ അഭിനയവും പാട്ടെഴുത്തും ഒക്കെയായി കലാരംഗത്തുണ്ടായിരുന്നു വത്സൻ. യേശുദാസ്, ആദർശ് എന്നിവരാണ് മക്കൾ.
Content Highlights: Celebrating 50 years of Pauly Valsan`s acting career
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·