35 റൺസെടുത്താൽ ഇംഗ്ലണ്ടിന് ജയിക്കാം, നാലു വിക്കറ്റു വീഴ്ത്തിയാൽ ഇന്ത്യയ്ക്കും! അഞ്ചാം ദിനം ത്രില്ലർ പോരാട്ടം ഉറപ്പ്

5 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 03 , 2025 05:37 PM IST Updated: August 03, 2025 11:20 PM IST

2 minute Read

CRICKET-ENG-IND
സെഞ്ചറി നേടിയ ജോ റൂട്ടും ഹാരി ബ്രൂക്കും മത്സരത്തിനിടെ. Photo: HENRY NICHOLLS / AFP

ലണ്ടൻ∙ നാലാം ദിനം മഴ കളിച്ചപ്പോൾ ഇന്ത്യ– ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിവസത്തിൽ കാത്തിരിക്കുന്നത് ത്രില്ലർ പോരാട്ടം. മഴ കാരണം നാലാം ദിവസത്തെ കളി നേരത്തേ അവസാനിപ്പിച്ചതോടെയാണ് മത്സരം അഞ്ചാം ദിനത്തിലേക്കു നീണ്ടത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ്. വിജയത്തിലേക്കെത്താൻ ഇംഗ്ലണ്ടിന് ഇനി 35 റൺസ് മാത്രം മതി. തിങ്കളാഴ്ച നാലു വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാൻ വഴിയൊരുങ്ങും. പരുക്കേറ്റ ക്രിസ് വോക്സ് ബാറ്റു ചെയ്തില്ലെങ്കിൽ മൂന്നു വിക്കറ്റ് വീണാലും കളി ഇന്ത്യയ്ക്ക് അനുകൂലമാകും.

രണ്ടാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും ഇന്നിങ്സുകളാണ് ഞായറാഴ്ച കളി ഇംഗ്ലണ്ടിന്റെ കയ്യിലെത്തിച്ചത്. 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 111 റൺസെടുത്തു. 152 പന്തുകളിൽനിന്ന് ജോ റൂട്ട് 105 റൺസടിച്ചു. 12 ഫോറുകളാണ് റൂട്ട് ബൗണ്ടറി കടത്തിയത്. 106ന് മൂന്ന് എന്ന നിലയിൽനിന്ന് ഇംഗ്ലണ്ടിനെ 300 കടത്തിയാണ് ബ്രൂക്ക്– റൂട്ട് സഖ്യം പിരിഞ്ഞത്. ബെൻ ഡക്കറ്റ് (83 പന്തിൽ 54), ഒലി പോപ് (34 പന്തിൽ 27), സാക് ക്രൗലി (36 പന്തിൽ 14) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ. സ്കോർ 301ൽ നിൽക്കെ ബ്രൂക്കിനെ ആകാശ്ദീപും 337 ൽ ജോ റൂട്ടിനെ പ്രസിദ്ധ് ക‍ൃഷ്ണയും പുറത്താക്കിയെങ്കിലും വിജയമുറപ്പിക്കാൻ ഇംഗ്ലിഷ് മധ്യനിരയില്‍ ഇനിയും ആളുകളുണ്ട്. ജെയ്മി സ്മിത്തും (രണ്ട്), ജെയ്മി ഓവർടനും പുറത്താകാതെ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ അഞ്ചാം ദിനം ത്രില്ലറിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ഇന്ത്യ 396ന് പുറത്ത്, ജയ്സ്വാളിന് സെഞ്ചറി

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 164 പന്തുകൾ നേരിട്ട ജയ്സ്വാൾ രണ്ടു സിക്സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടന്‍ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവർ അര്‍ധ സെഞ്ചറികൾ നേടി. 127 പന്തുകളിൽനിന്നാണ് ജയ്സ്വാൾ ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചറിയിലെത്തിയത്. രണ്ടാം ദിനം ‘നൈറ്റ് വാച്ച്മാനായി’ ഇറങ്ങിയ ആകാശ്ദീപ് മൂന്നാം ദിവസം അർധ സെഞ്ചറിയുമായാണു മടങ്ങിയത്. 12 ബൗണ്ടറികളുമായി തിളങ്ങിയ ആകാശ്ദീപിനെ മൂന്നാം ദിവസം ലഞ്ചിനു തൊട്ടുമുൻപ് ജെയ്മി ഓവർടണിന്റെ പന്തിൽ ഗസ് അക്കിൻസൻ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സ്കോർ 229ൽ നിൽക്കെ കരുൺ നായരെ അക്കിൻസൻ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കൈകളിലെത്തിച്ചു. 300 കടക്കും മുൻപേ ജയ്സ്വാൾ വീണെങ്കിലും രവീന്ദ്ര ജഡേജയും ധ്രുവ് ജുറേലും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ഏകദിന ശൈലിയിലായിരുന്നു ഇരുവരുടേയും ബാറ്റിങ്. 

ഒൻപതാം വിക്കറ്റും വീണതോടെ സ്കോർ പരമാവധി ഉയര്‍ത്തുക ലക്ഷ്യമിട്ട് ബൗണ്ടറികൾ കളിക്കാനാണ് വാഷിങ്ടൻ സുന്ദർ ശ്രമിച്ചത്. 39 പന്തുകളിൽ വാഷിങ്ടൻ സുന്ദർ അർധ സെഞ്ചറിയിലെത്തി. 88–ാം ഓവറിലെ അവസാന പന്തിൽ വാഷിങ്ടനെ ജോഷ് ടോങ്ക് സാക് ക്രൗലിയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യൻ ഇന്നിങ്സ് 396ൽ അവസാനിച്ചു. നാലു വീതം സിക്സുകളും ഫോറുകളുമാണ് വാഷിങ്ടൻ സുന്ദർ ബൗണ്ടറി കടത്തിയത്. ഇംഗ്ലണ്ടിനായി ജോഷ് ടോങ്ക് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡ് നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ 69.4 ഓവറിൽ 224 റൺസെടുത്തു പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 51.2 ഓവറിൽ 247 റൺസടിച്ചു.

English Summary:

England vs India, 5th Test, India circuit of England, 2025, Day 4 - Live Updates

Read Entire Article