358 കോടി രൂപയുടെ കരാർ അവസാനിപ്പിച്ച് ഡ്രീം 11; ബിസിസിഐക്ക് പിഴ നൽകേണ്ടിവരുമോ?

4 months ago 5

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കുന്നതായി ഡ്രീം 11. ഇക്കാര്യം ബിസിസിഐ അധികൃതരെ അറിയിച്ചിട്ടുണ്ട്. പിന്നാലെ പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നടപടി ബിസിസിഐ ആരംഭിച്ചു. ഓൺലൈൻ വാതുവയ്പ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനു പിന്നാലെയാണ് നടപടി.

പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നടത്തിയിരുന്ന ഒട്ടേറെ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് പ്രവർത്തനം നിർത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായ ഡ്രീം ഇലവന്റെ പരസ്യത്തിൽ എം.എസ്. ധോനി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പ്രമുഖ നടൻമാരും അഭിനയിച്ചിരുന്നു. പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24x7 അറിയിച്ചു. വ്യാഴാഴ്ചയാണ് ഓൺലൈൻ വാതുവയ്പ്പ് നിരോധനബിൽ ലോക്‌സഭ പാസാക്കിയത്.

2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ കാലാവധി തീരും മുന്‍പേ അവസാനിപ്പിച്ചെങ്കിലും ഡ്രീം 11 ന് പിഴത്തുകയൊന്നും നല്‍കേണ്ടിവരില്ല. കരാറില്‍ ഇതു സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്‌പോണ്‍സറിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് പണം നല്‍കേണ്ടതില്ലെന്നര്‍ഥം.

2023 മുതൽ മൂന്നുവർഷത്തേക്കാണ് ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരായി കരാർ ഒപ്പിട്ടത്. പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ, സെപ്റ്റംബർ ഒൻപതിന് തുടങ്ങുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീം പുതിയ സ്പോൺസറെ കണ്ടെത്തേണ്ടിവരും. അല്ലെങ്കിൽ സ്പോൺസർ ഇല്ലാതെ മത്സരിക്കാൻ ഇറങ്ങേണ്ടി വരും.

വിദേശ ലീഗുകളിലും ഡ്രീം 11 നേരത്തെ തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ ഫാന്റസി പാര്‍ട്‌നറാണ് ഡ്രീം 11. മാത്രമല്ല പുരുഷ,വനിതാ ബിഗ് ബാഷ് ലീഗിലും ഡ്രീം 11 ഇതിനോടകം സാന്നിധ്യമറിയിച്ചതാണ്. 2018 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായടക്കം ഡ്രീം 11 ചേര്‍ന്നിട്ടുണ്ട്.

Content Highlights: BCCI Dream11 woody officially terminated

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article