14 July 2025, 03:02 PM IST

Photo: x.com/ Saina Nehwal
ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക രംഗത്ത് താരങ്ങള്‍ക്കിടയില്‍ വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വിവിധ കായിക ഇനങ്ങളിലെ താരങ്ങള്‍ വിവാഹമോചിതരായിരുന്നു. ഇപ്പോഴിതാ കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വിവാഹ മോചനം കൂടി സംഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപുമാണ് ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുന്നത്. ബാഡ്മിന്റണിലെ സെലബ്രിറ്റി ജോഡികളായ ഇരുവരുടെയും വേര്‍പിരിയല്‍ ഇരു താരങ്ങളുടെയും ആരാധകരെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ സൈനയാണ് തങ്ങള്‍ വിവാഹമോചിതരായെന്ന വാര്‍ത്ത അറിയിച്ചത്.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതാ കായികതാരങ്ങളില്‍ ഒരാളായി തുടരുകയാണ് സൈന. അഞ്ചു കോടി രൂപയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം. മൊത്തം ആസ്തി ഏകദേശം 36 കോടി രൂപയാണ്. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന മൂന്ന് വനിതാ ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാള്‍ സൈനയാണ്. സമ്മാനത്തുക, വിവിധ അംഗീകാരങ്ങള്‍, പരസ്യങ്ങള്‍, സ്വകാര്യ നിക്ഷേപങ്ങള്‍ എന്നിവയടക്കമാണിത്.
പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ സാനിറ്ററി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തമായ 'നാരിക' എന്ന ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറും നിക്ഷേപകയുമാണ് സൈന.
ഹരിയാണയിലെ ഹിസാറില്‍ ജനിച്ച സൈന കുട്ടിക്കാലത്തു തന്നെ ഹൈദരാബാദിലേക്ക് താമസം മാറിയിരുന്നു. 2015-ല്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വീട് സൈന വാങ്ങിയിരുന്നു. വാഹനപ്രേമിയായ സൈനയുടെ ഗാരേജില്‍ ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട്. 2023-ല്‍ ഏകദേശം രണ്ടു കോടി രൂപയ്ക്ക് വാങ്ങിയ ഒരു മെഴ്സിഡസ് എഎംജി ജിഎല്‍ഇ 63, 40 മുതല്‍ 50 ലക്ഷം രൂപ വരെ വിലവരുന്ന ഒരു മിനി കൂപ്പര്‍, ഏകദേശം 50 ലക്ഷം രൂപ വിലവരുന്ന ഒരു ബിഎംഡബ്ല്യു 320 ഡി എന്നിവയടക്കം നിരവധി വാഹനങ്ങള്‍ താരത്തിന്റെ പക്കലുണ്ട്.
Content Highlights: Indian badminton prima Saina Nehwal and P. Kashyap denote their divorce








English (US) ·