Published: December 26, 2025 09:44 AM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനു മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ലോകകപ്പിൽ വലിയ ഇന്നിങ്സുകള്‍ കളിക്കാൻ സഞ്ജു പരിശ്രമിക്കണമെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് യുട്യൂബ് ചാനലിൽ പ്രതികരിച്ചു. ലോകകപ്പ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍. ഇഷാൻ കിഷനാണ് രണ്ടാം വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടീമിൽനിന്നു പുറത്തായതോടെ അഭിഷേക് ശർമയ്ക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യുന്നതും സഞ്ജു സാംസണായിരിക്കും.
ലോകകപ്പിൽ മികച്ച തുടക്കം മാത്രമല്ല സഞ്ജുവിനു വേണ്ടതെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. ‘‘37 റൺസെടുത്ത ശേഷം ഔട്ടാകരുത്. ആ 37 റൺസ് എന്നത് 73 ആക്കണം. നിങ്ങൾ അതു ചെയ്താൽ പിന്നെ ആർക്കും ടീമിൽനിന്നു പുറത്താക്കാൻ സാധിക്കില്ല. 30–40 റൺസൊക്കെ ആളുകൾ പെട്ടെന്നു മറന്നുപോകും. സൂര്യകുമാർ യാദവ് കൂടി ഫോമായാൽ എതിരാളികളെ തകർത്തെറിയാൻ ഈ ബാറ്റിങ് ലൈനപ്പ് തന്നെ മതിയാകും’’– ശ്രീകാന്ത് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ട്വന്റി20യിൽ 22 പന്തുകൾ നേരിട്ട സഞ്ജു സാംസണ്‍ 37 റൺസെടുത്തു പുറത്തായിരുന്നു. ശുഭ്മൻ ഗിൽ പരുക്കേറ്റു ടീമിനു പുറത്തായതോടെയാണ് സഞ്ജുവിനെ ഈ മത്സരത്തിൽ ഓപ്പണറായി കളിപ്പിച്ചത്. ശുഭ്മൻ ഗിൽ ട്വന്റി20 ഫോർമാറ്റിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ, ലോകകപ്പ് ടീമിലും സഞ്ജുവിനെ തന്നെ പരീക്ഷിക്കാൻ ബിസിസിഐ തീരുമാനിച്ചു. നേരത്തേ ഗിൽ ട്വന്റി20 ടീമിൽ തിരിച്ചെത്തിയ സമയത്ത് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായിരുന്നു.
ഗിൽ സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് ഇന്ത്യൻ ടീം ചീഫ് സിലക്ടർ അജിത് അഗാർക്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ ടോപ് ഓർഡറിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പറഞ്ഞു. ഇതോടെയാണ് ലോകകപ്പിൽ സഞ്ജു ഓപ്പണറാകുമെന്നു വ്യക്തമായത്.
English Summary:








English (US) ·