37 വയസ്സായി ഫാൻസേ...പക്ഷേ കോലി ഇനിയും ക്രിക്കറ്റിൽ തന്നെ തുടരും; ഹാപ്പി ബർത്ത്ഡേ കിങ്!

2 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: November 05, 2025 10:23 AM IST

1 minute Read

X/DelhiCapitals)
വിരാട് കോലി ( ചിത്രം:X/DelhiCapitals)

കൃത്യം 37 വർഷം മുൻപ്, 1988ലെ ഈ ദിവസമാണ് വിരാട് കോലി ഇന്ത്യൻ മണ്ണിൽ പിറന്നു വീണത്. ഒരിക്കലും കൈവിടാത്ത ആത്മവിശ്വാസം കൊണ്ടും പോരാട്ടവീര്യം കൊണ്ടും 140 കോടി ജനങ്ങളുടെ ഹൃദയം കീഴടക്കിയ നായകൻ. വളരെ ചുരുക്കം രാജ്യങ്ങളിൽ മാത്രം പ്രചാരമുള്ള ക്രിക്കറ്റ് എന്ന കായിക വിനോദത്തെ ആഗോളതലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇതിഹാസം. 37– വയസ്സ് പൂർത്തിയാകുമ്പോൾ പ്രഫഷനൽ ക്രിക്കറ്റ് കരിയറിന്റെ അവസാനഘട്ടത്തിലാണ് വിരാട് കോലി എന്നതിൽ തർക്കമില്ല. പക്ഷേ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ ഒരു ക്രിക്കറ്റ് താരത്തിന്റെ വളർച്ച മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ പരിവർത്തനമാണ്.

ഡൽഹിയിലെ സാധാരണ പഞ്ചാബി കുടുംബത്തിൽ ജനിച്ച വിരാട് കോലി, ക്രിക്കറ്റ് ഇതിഹാസമായതിന്റ ചരിത്രം മുൻപ് പലകുറി പലരും പറഞ്ഞതാണ്. അദ്ദേഹത്തിനു മുന്നിൽ ആരും ക്രിക്കറ്റ് ടീമിന്റെ വാതിലുകൾ തുറന്നിട്ടിരുന്നില്ല. ഗോഡ്ഫാദർമാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ, ഓരോ റെക്കോർഡും തന്നെ കടന്നു പോകുമ്പോൾ, അത്യാവേശമില്ലാതെ പവിലിയനെയും ഗാലറിയെയും പിന്നെ ചിലപ്പോഴൊക്കെ ഭാര്യ അനുഷ്കയെയും നോക്കി കണ്ണിറുക്കാറേയുള്ളു വിരാട്.

ഡൽഹിയിൽ ജനിച്ച വിരാട് കോലിയുടെ പിതാവ് പ്രേം കോലി ക്രിമിനൽ അഭിഭാഷകനായിരുന്നു. അദ്ദേഹമാണു മകനെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ, വിരാടിനു 18 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. ശാന്തമായി മുന്നേറിക്കൊണ്ടിരുന്ന ഇന്നിങ്സ് ഇടയ്ക്കു മുറിഞ്ഞതു പോലെയായിരുന്നു ആ വിയോഗം. ‘‘കഷ്ടകാലം എന്താണെന്ന് എനിക്കു നന്നായി അറിയാം. ചെറുപ്പത്തിൽ അച്ഛൻ പോയി. കുടുംബ ബിസിനസ് നഷ്ടമായി, വാടകവീട്ടിലേക്കു താമസം മാറി. അച്ഛനായിരുന്നു എന്റെ ഏറ്റവും വലിയ പിന്തുണ. ആ നഷ്ടം ക്രീസിൽ നിൽക്കുമ്പോൾ പോലും എനിക്ക് അനുഭവപ്പെടാറുണ്ട്...’’– മുൻപൊരു അഭിമുഖത്തിൽ കോലി പറഞ്ഞു.

വിരാട് കോലി ഇന്ത്യ ക്രിക്കറ്റിലേക്കു കൊണ്ടുവന്ന പ്രഫഷണലിസവും ടീമിന്റെ സൈക്കോളജി തന്നെ മാറ്റിയതും എടുത്തു പറയേണ്ടതാണ്. രാജ്യത്തെ കായികരംഗത്തിനു തന്നെ അന്യമായിരുന്ന തൊഴിൽ നൈതികത അദ്ദേഹം ക്രിക്കറ്റിലേക്കു കൊണ്ടുവന്നു. ആക്രമണോത്സുകത വിരാടിന്റെ പ്രതീകമായി. കളത്തിലെ പോരാട്ടത്തിനൊപ്പം മൈൻഡ് ഗെയിമുകളും എങ്ങനെ കളിപ്പിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. 70+ രാജ്യാന്തര സെഞ്ചറികളോ സമാനതകളില്ലാത്ത ഏകദിന ശരാശരിയോ മാത്രമല്ല അദ്ദേഹത്തെ ഇതിഹാസമാക്കിയത്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ, ഫിറ്റ്നസ് വിലകുറച്ചു കാണാൻ കഴിയാത്തതായി മാറി. ഫിറ്റ്നസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ സംസ്കാരം തന്നെ അദ്ദേഹം മാറ്റിയെഴുതി. തന്നിൽ നിന്ന് മാത്രമല്ല, ഇന്ത്യൻ ജഴ്സി ധരിച്ച എല്ലാവരിൽ നിന്നും അദ്ദേഹം മികവ് ആവശ്യപ്പെട്ടു.

കളിക്കളത്തിന് പുറത്തും കോലിയുടെ പരിണാമം പാഠപുസ്തകമാണ്. ശാന്തനായ ഭർത്താവും അച്ഛനുമായിട്ടുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ വളർച്ച, കോലി തന്റെ കളിയിൽ കൊണ്ടുവന്ന പക്വതയെ പ്രതിഫലിപ്പിക്കുന്നു. തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അദ്ദേഹത്തിന്റെ ശ്രമങ്ങൾ മാതൃകയാണ്.

വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും (X/filmfare)

വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും (X/filmfare)

37-ാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ, കോലി ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ മാത്രമല്ല, രാജ്യത്തെ ഒരു മുന്നേറ്റമായിട്ടാണ് നിലകൊള്ളുന്നത്. വിജയലക്ഷ്യങ്ങളെ മാത്രമല്ല, ഇതിഹാസത്തേയും ചേസ് ചെയ്യാൻ ഇന്ത്യയെ പഠിപ്പിച്ച മുന്നേറ്റം. ആ ചേസിൽ കോലി ഇതിനകം വിജയിച്ചു കഴിഞ്ഞു. അഭിനിവേശത്തെ പ്രകടനമായും പ്രകടനത്തെ കവിതയായും മാറ്റിയ ഇതിഹാസത്തിന് ജന്മദിനാശംസകൾ. വിശ്വാസത്തിന്റെ ശിൽപിയും, മനക്കരുത്തിന്റെ മൂർത്തീഭാവവും, കോടിക്കണക്കിന് സ്വപ്നങ്ങളുടെ ഹൃദയമിടിപ്പുമായ കിങ് കോലി, ഹാപ്പി ബർത്ത്‌ഡേ

English Summary:

Virat Kohli's 37th day marks much than conscionable a milestone; it celebrates his transformative interaction connected Indian cricket and his inspiring journey. His unwavering spirit, dedication, and nonrecreational attack person revolutionized the crippled and motivated millions. Kohli's power extends beyond the field, inspiring a caller epoch of fittingness and excellence successful Indian cricket.

Read Entire Article