38 പന്തിൽ 86, ഒരോവറിൽ നാല് സിക്സ് തൂക്കി വിഷ്ണു വിനോദ്; തൃശൂരിനെതിരെ വമ്പൻ വിജയം, കൊല്ലം കൊള്ളാം!

4 months ago 5

ഓൺലൈൻ ഡെസ്ക്

Published: August 25, 2025 07:06 PM IST

1 minute Read

 KCA
കൊല്ലം സെയ്‍ലേഴ്സ് താരം വിഷ്ണു വിനോദ് ബാറ്റിങ്ങിനിടെ. Photo: KCA

തിരുവനന്തപുരം∙ കെസിഎല്ലിൽ വിജയവഴിയിലേക്ക് മടങ്ങിയെത്തി കൊല്ലം സെയിലേഴ്സ്. തൃശൂർ ടൈറ്റൻസിനെതിരെ എട്ട് വിക്കറ്റിനായിരുന്നു കൊല്ലത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 19.5 ഓവറിൽ 144 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15–ാം ഓവറിൽ ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും ഉജ്വല ഇന്നിങ്സ് കാഴ്ചവച്ച വിഷ്ണു വിനോദാണ് കളിയിലെ താരം.

ബാറ്റിങ് കരുത്തന്മാരുടെ പോരാട്ടത്തിൽ വിഷ്ണു വിനോദും സച്ചിൻ ബേബിയും ചേർന്നാണ് കൊല്ലത്തിന് അനായാസ വിജയമൊരുക്കിയത്. ബോളർമാരുടെ മികച്ച പ്രകടനവും കൊല്ലത്തിന് തുണയായി. മറുവശത്ത് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങിയ തൃശൂരിന്റെ ബാറ്റിങ് നിര കൊല്ലത്തിനെതിരെ പാടെ നിറം മങ്ങി. കഴിഞ്ഞ മത്സരത്തിലെ താരമായിരുന്ന അഹ്മദ് ഇമ്രാൻ തുടക്കത്തിൽ തന്നെ മടങ്ങി. മോശം ഷോട്ടിലൂടെ പുറത്തായ അഹ്മദ് ഇമ്രാൻ 16 റൺസാണ് നേടിയത്. എന്നാൽ മികച്ച ഷോട്ടുകൾ കാഴ്ച വച്ച ആനന്ദ് കൃഷ്ണന്റെ മികവിൽ ഭേദപ്പെട്ടൊരു തുടക്കം തന്നെയായിരുന്നു തൃശൂരിന്റേത്. അഞ്ചോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 44 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. എന്നാൽ അനാവശ്യമായൊരു ഷോട്ടിലൂടെ ഷോൺ റോജറും പുറത്തായത് തൃശൂരിന്റെ സ്കോറിങ് വേഗത്തെ ബാധിച്ചു. 

ആനന്ദ് കൃഷ്ണനും അക്ഷയ് മനോഹറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. മികച്ച രീതിയിൽ കളിച്ചു വന്ന ആനന്ദ് കൃഷ്ണൻ പുറത്തായത് തൃശൂരിന് തിരിച്ചടിയായി. 38 പന്തുകളിൽ 41 റൺസെടുത്ത ആനന്ദ് കൃഷ്ണനെ എ.ജി. അമലാണ് പുറത്താക്കിയത്. അക്ഷയ് മനോഹർ 24 റൺസും നേടി. തുടർന്നെത്തിയവരിൽ ആർക്കും തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. അജയഘോഷും അമലും ബിജു നാരായണനും അടക്കമുള്ള കൊല്ലത്തിന്റെ ബോളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ 144 റൺസ് മാത്രമാണ് തൃശൂരിനു നേടാനായത്. അജയഘോഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അമൽ മൂന്നും ഷറഫുദ്ദീൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന്റെ ബാറ്റിങ് നിരയെ ഒരു ഘട്ടത്തിലും സമ്മർദ്ദത്തിലാക്കാൻ തൃശൂരിനായില്ല. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ. നായർ പുറത്തായെങ്കിലും തകർത്തടിച്ച വിഷ്ണു വിനോദ് ഇന്നിങ്സ് അതിവേഗത്തിൽ മുന്നോട്ട് നീക്കി. മൂന്നാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സും നേടി തുടക്കമിട്ട വിഷ്ണു വിനോദ് വെറും 22 പന്തിൽ അൻപതിലെത്തി. തൃശൂരിന്റെ ക്യാപ്റ്റൻ സിജോമോൻ ജോസഫ് എറിഞ്ഞ ഒൻപതാം ഓവറിൽ നാല് സിക്സറുകളാണ് വിഷ്ണു നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ സിബിൻ ഗിരീഷിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച വിഷ്ണുവിനെ വിനോദ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

38 പന്തുകളിൽ ഏഴ് ഫോറും എട്ട് സിക്സും അടക്കം 86 റൺസാണ് വിഷ്ണു നേടിയത്. വിഷ്ണു പുറത്താകുമ്പോൾ കൊല്ലത്തിന് ജയിക്കാൻ പത്ത് ഓവറിൽ വെറും 38 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. സച്ചിൻ ബേബിയും എം.എസ്. അഖിലും ചേർന്ന് 35 പന്തുകൾ ബാക്കി നില്‍ക്കെ ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. സച്ചിൻ ബേബി 32ഉം അഖിൽ 19 റൺസുമായി പുറത്താകാതെ നിന്നു.

English Summary:

Kollam Sailors bushed Thrissur Titans successful Kerala Cricket League

Read Entire Article