38–ാം സെഞ്ചറിയുമായി റൺവേട്ടയിൽ ദ്രാവിഡ്, കാലിസ്, പോണ്ടിങ് എന്നിവരെ പിന്തള്ളി റൂട്ട്; 500 കടന്ന് ഇംഗ്ലണ്ട് കുതിക്കുന്നു, വൻ ലീഡും സ്വന്തം

5 months ago 6

മാഞ്ചസ്റ്റർ∙ ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച ലീഡുമായി ഇംഗ്ലണ്ട് ഡ്രൈവിങ് സീറ്റിൽ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 358 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, മൂന്നാം ദിനം കളി നിർത്തുമ്പോൾ 135 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 544 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 77 റൺസോടെയും നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് കളിക്കുന്ന ലിയാം ഡേവ്സൻ 21 റൺസോടെയും ക്രീസിൽ. പിരിയാത്ത എട്ടാം വിക്കറ്റിൽ ഇരുവരും 16 റൺസ് കൂട്ടിച്ചേർത്തു. മൂന്നു വിക്കറ്റ് കൂടി ശേഷിക്കെ ഇംഗ്ലണ്ടിന് ഇപ്പോൾ 186 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട്.

ടെസ്റ്റിലെ 38–ാം സെഞ്ചറി കുറിച്ച ജോ റൂട്ട് (150), ഒലി പോപ്പ് (71), ഹാരി ബ്രൂക്ക് (മൂന്ന്), ജെയ്മി സ്മിത്ത് (ഒൻപത്), ക്രിസ് വോക്സ് (നാല്) എന്നിവരാണ് മൂന്നാം ദിനം ദിനം പുറത്തായ ഇംഗ്ലണ്ട് താരങ്ങൾ. ഓപ്പണർമാരായ സാക് ക്രൗലി (84), ബെൻ ഡക്കറ്റ് (94) എന്നിവർ രണ്ടാം ദിനം അവസാന സെഷനിൽ പുറത്തായിരുന്നു. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അംശുൽ കംബോജ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിന്റെ ടെസ്റ്റ് റെക്കോർഡുകൾ കീഴടക്കാനുള്ള യാത്രയിൽ മറ്റൊരു സെഞ്ചറി കുറിച്ച ജോ റൂട്ട്, 178 പന്തിൽ 12 ഫോറുകൾ സഹിതമാണ് മൂന്നക്കത്തിലെത്തിയത്. റൂട്ടിന്റെ 38–ാം ടെസ്റ്റ് സെഞ്ചറിയാണിത്. ഇതോടെ സെഞ്ചറികളുടെ എണ്ണത്തിൽ റൂട്ട് കുമാർ സംഗക്കാരയ്‌ക്കൊപ്പം നാലാം സ്ഥാനത്തെത്തി.

നേരത്തെ, സെഞ്ചറിയിലേക്ക് നീങ്ങുകയായിരുന്ന ഒലി പോപ്പിനെയും ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ അഞ്ചിലുള്ള ഹാരി ബ്രൂക്കിനെയും പുറത്താക്കിയ വാഷിങ്ടൻ സുന്ദർ ഇന്ത്യയ്‌ക്ക് പ്രതീക്ഷ സമ്മാനിച്ചതാണ്. എട്ടു റൺസിനിടെ രണ്ടു വിക്കറ്റ് പിഴുതാണ് വാഷിങ്ടൻ‌ സുന്ദർ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. 128 പന്തിൽ ഏഴു ഫോറുകൾ സഹിതം ഒലി പോപ്പിനെ സ്ലിപ്പിൽ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചാണ് സുന്ദർ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ ജോ റൂട്ടിനൊപ്പം 144 റൺസ് കൂട്ടിച്ചേർത്താണ് ഒലി പോപ്പ് മടങ്ങിയത്. അധികം വൈകാതെ ഹാരി ബ്രൂക്കിനെയും സുന്ദർ തന്നെ പുറത്താക്കി. 12 പന്തിൽ മൂന്നു റൺസ് മാത്രമെടുത്ത ബ്രൂക്കിനെ, വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറേൽ പിടികൂടി.

റൂട്ടും സ്റ്റോക്സും പോരാട്ടം ഏറ്റെടുത്തതോടെ ഒരു ഘട്ടത്തിൽ നാലിന് 499 റൺസ് എന്ന നിലയിലെത്തിയ ഇംഗ്ലണ്ടിനെ, പിന്നീട് 29 റൺസിനിടെ മൂന്നു വിക്കറ്റ് പിഴുത് ഇന്ത്യ ഏഴിന് 528 റൺസ് എന്ന നിലയിലാക്കി. 248 പന്തിൽ 14 ഫോറുകളോടെ 150 റൺസെടുത്ത റൂട്ടിനെ രവീന്ദ്ര ജഡേജയുടെ പന്തിൽ ധ്രുവ് ജുറേൽ സ്റ്റംപ് ചെയ്ത് പുറത്താക്കി. 19 പന്തിൽ ഒരു ഫോർ സഹിതം ഒൻപത് റൺസെടുത്ത സ്മിത്തിനെ ബുമ്രയും 17 പനതിൽ നാലു റൺസെടുത്ത ക്രിസ് വോക്സിനെ സിറാജും പുറത്താക്കി.

∙ റെക്കോർഡുകൾ കീഴടക്കി റൂട്ട്

ടെസ്റ്റ് കരിയറിൽ ഒരുപിടി റെക്കോർഡുകൾ കൂടി സ്വന്തമാക്കിയാണ് റൂട്ടിന്റെ കുതിപ്പ്. 38–ാം സെഞ്ചറി കുറിച്ച റൂട്ട്, കരിയറിലാകെ 104–ാം തവണയാണ് 50 റൺസ് പിന്നിടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തിൽ റിക്കി പോണ്ടിങ്, ജാക്വസ് കാലിസ് (103 തവണ വീതം) എന്നിവരെ പിന്തള്ളിയ റൂട്ടിനു മുന്നിൽ ഇനിയുള്ളത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ (119 തവണ) മാത്രം. ഒലി പോപ്പിന്റെ 16–ാം അർധസെഞ്ചറിയാണ് ഓൾഡ് ട്രാഫഡിൽ പിറന്നത്.

അതിനിടെ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ റൂട്ട് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. റിക്കി പോണ്ടിങ് (13,378), രാഹുൽ ദ്രാവിഡ് (13,288), ജാക്വസ് കാലിസ് (13,289) എന്നിവരെയാണ് ഈ സെഞ്ചറി പ്രകടനം കൊണ്ട് റൂട്ട് ഒറ്റയടിക്ക് പിന്തള്ളിയത്. ഇംഗ്ലിഷ് താരത്തിനു മുന്നിൽ ഇനിയുള്ളത് സച്ചിൻ തെൻഡുൽക്കർ (15,921) മാത്രം.

∙ ഓപ്പണർമാരുടെ ബാസ്ബോൾ

നേരത്തെ, 358 റൺസിന് പുറത്തായ ഇന്ത്യയ്‌ക്കെതിരെ ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും (94) സാക് ക്രൗലിയുടെയും (84) അർധ സെ‍ഞ്ചറിക്കരുത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചടിയുടെ തുടക്കം. ആക്രമണ ബാറ്റിങ് ശൈലിയായ ബാസ്ബോളിൽ ഊന്നിയായിരുന്നു ഇംഗ്ലിഷ് ഓപ്പണർമാരുടെ ബാറ്റിങ്. തുടക്കം മുതൽ ആഞ്ഞടിച്ച ഡക്കറ്റും ക്രൗലിയും ചേർന്ന് ഇംഗ്ലണ്ട് സ്കോർ അതിവേഗം നീക്കി.

ഇതോടെ 18.5 ഓവറിൽ സ്കോർ 100 കടന്നു. ഒന്നാം വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാർ ഇംഗ്ലണ്ടിന്റെ അടിത്തറ ഭദ്രമാക്കി. ഒടുവിൽ ക്രൗലിയെ ജഡേജയും ഡക്കറ്റിനെ അംശുൽ കംബോജുമായാണ് പുറത്താക്കിയത്. ഒടുവിൽ 2ന് 225 റൺസുമായാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിങ് അവസാനിപ്പിച്ചത്.

∙ പന്തിനു കയ്യടി

നേരത്തെ, 4ന് 264 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു തുടക്കത്തിൽത്തന്നെ രവീന്ദ്ര ജഡേജയെ (20) നഷ്ടമായി. ആർച്ചർക്കായിരുന്നു വിക്കറ്റ്. ആറാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്ത വാഷിങ്ടൻ സുന്ദർ (27) – ഷാർദൂൽ ഠാക്കൂർ (41) സഖ്യമാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഈ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവരുമ്പോഴാണ് ഷാർദൂലിനെ വീഴ്ത്തി സ്റ്റോക്സ് ഇംഗ്ലണ്ടിനു മേൽക്കൈ നൽകിയത്. പിന്നാലെ വാഷിങ്ടനെയും അംശുൽ കംബോജിനെയും (0) ഒരേ ഓവറിൽ പുറത്താക്കിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആതിഥേയർക്ക് മത്സരത്തിൽ ആധിപത്യം നേടിക്കൊടുത്തു.

ഇതോടെ പ്രതിരോധത്തിലായ ഇന്ത്യയെ 350 കടക്കാൻ സഹായിച്ചത് പന്തിന്റെ പോരാട്ടമായിരുന്നു. കാലിലെ പരുക്കുമൂലം ഓടാൻ സാധിക്കാതിരുന്ന പന്ത്, സിംഗിൾ ഉപേക്ഷിച്ച് ബൗണ്ടറികളിലൂടെ സ്കോർ നേടാനാണ് ശ്രമിച്ചത്.ഇന്ത്യൻ പരിശീലകനാകാൻ അപേക്ഷ നൽകി സ്പാനിഷ് ഇതിഹാസം ചാവി! പണമില്ലാത്തതിനാൽ ഒഴിവാക്കി.

ബോഡി ലൈൻ ബൗൺസറുകളും യോർക്കറുകളുമായി ഇംഗ്ലിഷ് ബോളർമാർ പന്തിനെ പലകുറി പരീക്ഷിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച പന്ത് അർധസെ‍ഞ്ചറി പൂർത്തിയാക്കിയാണ് ക്രീസ് വിട്ടത്. നിറ‍ഞ്ഞ കയ്യടിയോടെയാണ് ഓൾഡ് ട്രാഫഡിലെ കാണികൾ പന്തിനെ യാത്രയാക്കിയത്. പിന്നാലെ ജസ്പ്രീത് ബുമ്രയെ (4) പുറത്താക്കിയ ആർച്ചർ ഇന്ത്യൻ ഇന്നിങ്സിനു കർട്ടനിട്ടു.

English Summary:

England vs India, 4th Test, India circuit of England, 2025, Day 3 - Live Updates

Read Entire Article