4 ഓവറിൽ 34 റൺസിന് 4 വിക്കറ്റ്, മാൻ ഓഫ് ദ് മാച്ച്; ഇത് എല്ലാ ടീമുകളും മെഗാ താരലേലത്തിൽ കൂട്ടത്തോടെ അവഗണിച്ച താരത്തിന്റെ മറുപടി– വിഡിയോ

9 months ago 9

മനോരമ ലേഖകൻ

Published: March 28 , 2025 09:19 AM IST

2 minute Read

shardul-thakur-1
ഷാർദുൽ ഠാക്കൂർ മത്സരത്തിനിടെ (ലക്നൗ പങ്കുവച്ച ചിത്രം)

ഹൈദരാബാദ്∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനുമടങ്ങുന്ന ഹൈദരാബാദ് ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ് സൺറൈസേഴ്സ് ആരാധകർ ഇന്നലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ, അവരെയെല്ലാം കൂട്ടത്തോടെ നിശബ്ദരാക്കി കളം അടക്കിവാണത് ഒരു ബോളറാണ്; ഐപിഎൽ താരലേലത്തിൽ എല്ലാ ടീമുകളും കൂട്ടത്തോടെ അവഗണിച്ച, പിന്നീട് പ്രധാന ബോളർമാർക്ക് പരുക്കേറ്റതുകൊണ്ടു മാത്രം ടീമിൽ അവസരം ലഭിച്ച ഷാർദുൽ ഠാക്കൂർ! മത്സരത്തിൽ നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഠാക്കൂറിന്റെ കരുത്തിലാണ്, ലക്നൗ വമ്പനടിക്കാർ നിറ‍ഞ്ഞ സൺറൈസേഴ്സിനെ 190 റൺസിൽ ഒതുക്കിയത്.

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസിനെതിരെ 280 കടന്ന റെക്കോർഡ് ബാറ്റിങ് പ്രകടനം ആവർത്തിക്കാനുറച്ചാണ് സൺറൈസേഴ്സ് ഒരിക്കൽക്കൂടി സ്വന്തം തട്ടകത്തിൽ ഇത്തവണയും ബാറ്റെടുത്തത്. വെടിക്കെട്ടിന് പേരുകേട്ട ഹൈദരാബാദ് ബാറ്റിങ് നിരയെ ഇന്നലെ നനഞ്ഞ പടക്കമാക്കിക്കളഞ്ഞത് ഇടിച്ചുകുത്തിപ്പെയ്ത ലക്നൗ പേസർ ഷാർദൂൽ ഠാക്കൂറിന്റെ സ്പെല്ലായിരുന്നു. തന്റെ രണ്ടാം ഓവറിൽ അഭിഷേക് ശർമയെയും ഇഷാൻ കിഷനെയും അടുത്തടുത്ത പന്തുകൾ പുറത്താക്കി ഷാർദൂൽ ഏൽപിച്ച പ്രഹരമാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ താളം തെറ്റിച്ചത്. ബാറ്റർമാരുടെ ദൗർബല്യം കൃത്യമായി മനസ്സിലാക്കിയാണ് ഷാർദൂൽ അവർക്കായി കെണിയൊരുക്കിയത്.

ഓഫ് സൈഡിൽ കരുത്തനായ അഭിഷേകിനെ വീഴ്ത്താൻ ബോഡി ലൈൻ ബൗൺസറാണ് ഷാർദൂൽ പ്രയോഗിച്ചത്. ഇതിൽ പുൾ ഷോട്ടിനു ശ്രമിച്ചായിരുന്നു അഭിഷേക് പുറത്തായത്. പിന്നാലെ വന്ന ഇഷൻ കിഷനെയും ബോഡി ലൈനിൽ പന്തെറിഞ്ഞാണ് ഷാർദൂ‍ൽ കുടുക്കിയത്. വൈഡ് ആയേക്കാവുന്ന പന്തിൽ ബാറ്റ് വച്ച ഇഷാൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകി മടങ്ങി. വാലറ്റത്ത് റൺ ഉയർത്താൻ സാധ്യതയുണ്ടായിരുന്ന അഭിനവ് മനോഹറിനെയും മുഹമ്മദ് ഷമിയെയും പുറത്താക്കിയ ഷാർദൂൽ മത്സരത്തിൽ 4 വിക്കറ്റ് തികച്ചു. ടൂർണമെന്റിൽ ഇതുവരെ രണ്ടു മത്സരങ്ങളിലായി ആറ് ഓവറുകൾ ബോൾ ചെയ്ത ഠാക്കൂർ, ആകെ വീഴ്ത്തിയത് ആറു വിക്കറ്റുകൾ! ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിലും മുൻപിലാണ് താരം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സൺ റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 16.1 ഓവറിൽ ലക്നൗ ലക്ഷ്യം കണ്ടു. ലക്നൗ താരം ഷാർദൂൽ ഠാക്കൂർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (6 പന്തി‍ൽ 6) ഹൈദരാബാദിന് നഷ്ടമായി. കഴിഞ്ഞ മത്സരത്തി‍ൽ സെ‍ഞ്ചറി നേടിയ ഇഷൻ കിഷനെ (0) തൊട്ടടുത്ത പന്തിൽ വീഴ്ത്തിയ ഷാർദൂൽ ആതിഥേയരെ ഞെട്ടിച്ചു.

2ന് 15 എന്ന നിലയിൽ പതറിയെങ്കിലും ഒരറ്റത്ത് ആക്രമിച്ചു കളിച്ച ട്രാവിസ് ഹെഡാണ് (28 പന്തിൽ 47) ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അങ്കിത് വർമ (13 പന്തിൽ 36), പാറ്റ് കമിൻസ് (4 പന്തിൽ ‍18) എന്നിവരാണ് ഹൈദരാബാദ് സ്കോർ 190ൽ എത്തിച്ചത്.

191 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ ഓപ്പണർ എയ്ഡൻ മാർക്രത്തെ (4 പന്തിൽ 1) നഷ്ടമായി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. ഇതോടെ ലക്നൗ പതറുമെന്നു തോന്നിച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച പുരാൻ– മിച്ചൽ മാർഷ് (31 പന്തിൽ 52) സഖ്യം ഹൈദരാബാദിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ആദ്യ പന്തു മുതൽ ആഞ്ഞടിക്കാൻ തുടങ്ങിയ പുരാൻ ഹൈദരാബാദ് ബോളർമാരെ നിലംതൊടാൻ സമ്മതിച്ചില്ല. പവർപ്ലേ അവസാനിക്കുമ്പോൾ 77 റൺസായിരുന്നു ലക്നൗ സ്കോർ ബോർഡിൽ. പുരാനൊപ്പം മാർഷും അടി തുടങ്ങിയതോടെ ലക്നൗ സ്കോറിങ് കുതിച്ചു.

രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 43 പന്തിൽ അടിച്ചുകൂട്ടിയത് 116 റൺസ്. ഒടുവിൽ ഒൻപതാം ഓവറിലെ നാലാം പന്തി‍ൽ ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് പുരാനെ വീഴ്ത്തുമ്പോൾ ലക്നൗവിന്റെ സ്കോർ 120ൽ എത്തിയിരുന്നു. പുരാൻ പുറത്തായതിനു പിന്നാലെ മാർഷ്, ആയുഷ് ബദോനി (6 പന്തിൽ 6), ഋഷഭ് പന്ത് (15 പന്തിൽ 15) എന്നിവരെയും വീഴ്ത്തി ഹൈദരാബാദ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും  വൈകിയിരുന്നു. ആറാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് മില്ലർ (7 പന്തിൽ 13 നോട്ടൗട്ട്)– അബ്ദുൽ സമദ് (8 പന്തിൽ 22 നോട്ടൗട്ട്) എന്നിവർ ചേർന്ന് ലക്നൗവിനെ വിജയത്തിൽ എത്തിച്ചു.

English Summary:

Shardul Thakur's exceptional bowling show decimated Hyderabad's batting lineup, taking 4 important wickets and disrupting their bushed successful the IPL 2024 match. His clever usage of bodyline deliveries proved devastating against cardinal batsmen.

Read Entire Article