Published: December 29, 2025 03:42 PM IST Updated: December 29, 2025 03:50 PM IST
1 minute Read
ഗെലെഫു ∙ ട്വന്റി20 ക്രിക്കറ്റിലെ ഒരു മത്സരത്തിൽ എട്ടു വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച് ഭൂട്ടാന്റെ ഇടംകയ്യൻ സ്പിന്നർ സോനം യെഷെ. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലും അല്ലാതെയും ഇതാദ്യമായാണ് ഒരു ബോളർ ഒരു മത്സരത്തിൽ എട്ടു വിക്കറ്റ് നേടുന്നത്. ഭൂട്ടാനിലെ ഗെലെഫുവിൽ മ്യാൻമറിനെതിരെ നടന്ന ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് 22 വയസ്സുകാരനായ സോനം യെഷെയുടെ നേട്ടം. നാല് ഓവറിൽ ഏഴു റൺസ് മാത്രം വിട്ടുകൊടുത്താണ് സോനം എട്ടു വിക്കറ്റ് വീഴ്ത്തിയത്.
ആദ്യം ബാറ്റു ചെയ്തു ഭൂട്ടാൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മ്യാൻമർ, സോനത്തിന്റെ അസാമാന്യ ബോളിങ് മികവിനു മുന്നിൽ 45 റൺസിന് ഓൾഔട്ടായി. ഭൂട്ടാന് 82 റൺസിന്റെ വമ്പൻ ജയം. മ്യാൻമർ നിരയിൽ രണ്ടു പേർ മാത്രമാണ് രണ്ടക്കം കടന്നത്. മൂന്നാം ഓവറിലാണ് സോനം ആദ്യ വിക്കറ്റ് വീഴ്ത്തിയത്. ആ ഓവറിൽ തന്നെ ആകെ മൂന്നു വിക്കറ്റെടുത്തു. പിന്നീടെറിഞ്ഞ എല്ലാ ഓവറിലും വിക്കറ്റ് വീഴ്ത്തിയാണ് സോനം എട്ടു വിക്കറ്റ് തികച്ചത്. ആനന്ദ് മോങ്ങാറിനാണ് മറ്റു രണ്ടു വിക്കറ്റുകൾ.
2023ൽ ചൈനയ്‌ക്കെതിരെ ഏഴു വിക്കറ്റ് നേടിയ മലേഷ്യയുടെ സയാസ്രുൾ ഇഡ്രസ്, 2025ൽ ഭൂട്ടാനെതിരെ ബഹ്‌റൈനായി ഏഴു വിക്കറ്റ് നേടിയ അലി ദാവൂദ് എന്നിവരുടെ പേരിലായിരുന്നു ഇതുവരെ ട്വന്റി20 ക്രിക്കറ്റിലെ മികച്ച ബോളിങ് ഫിഗർ. ഈ റെക്കോർഡാണ് സോനം യെഷെ തകർത്തത്. വനിതാ ക്രിക്കറ്റിൽ, ഇന്തൊനീഷ്യയുടെ റോഹ്മാലിയയുടെ പേരിലാണ് റെക്കോർഡ്. 2024ൽ മംഗോളിയയ്‌ക്കെതിരെ ഒരു റൺ പോലും വിട്ടുകൊടുക്കാതെയാണ് അവർ 7 വിക്കറ്റ് നേടിയത്. വനിതാ ടി20കളിലെയും ടി20കളിലെയും മികച്ച ബോളിങ് പ്രകടനമാണ് ഇത്.
English Summary:








English (US) ·