Published: April 09 , 2025 06:49 AM IST
1 minute Read
മൂന്നു മാസം മുൻപ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 5 ഇന്നിങ്സുകളിൽ നിന്ന് 31 റൺസ് മാത്രം നേടിയ രോഹിത് ശർമയ്ക്ക് അഞ്ചാം ടെസ്റ്റിൽ ടീമിലിടമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റിൽ ഫൈനലിനു മുൻപുള്ള 4 മത്സരങ്ങളിൽ 104 റൺസായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ആകെ നേട്ടം! ഫോർമാറ്റുകളും ടൂർണമെന്റുകളും മാറുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട്; രോഹിത് ശർമയുടെ ഫോം ഔട്ട് !.
ഈ ഐപിഎലിലെ 4 മത്സരങ്ങളിൽ വെറും 9.5 ശരാശരിയിൽ 38 റൺസ് മാത്രം നേടിയ മുംബൈയുടെ മുൻ ക്യാപ്റ്റൻ വിമർശകർക്കു വിശ്രമിക്കാൻ അവസരം നൽകുന്നില്ല. രോഹിത് ശർമയുടെ ഓപ്പണർ റോളും ടീമിലെ സ്ഥാനവും പരസ്യമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. തിങ്കളാഴ്ചത്തെ മത്സരത്തിൽ ബെംഗളൂരു പേസർ യഷ് ദയാലിന്റെ ഇൻസ്വിങ്ങറിൽ സ്റ്റംപ് തെറിച്ചാണു രോഹിത് പുറത്തായത്.
ഇത്തവണ ഒരിക്കൽപ്പോലും 20നു മുകളിൽ സ്കോർ നേടാത്ത രോഹിത് കഴിഞ്ഞ 11 ഐപിഎൽ മത്സരങ്ങളിൽ വ്യക്തിഗത സ്കോറിൽ 20 പിന്നിട്ടത് ഒരേയൊരു തവണ. ഐപിഎലിൽ കഴിഞ്ഞ 3 സീസണിനിടെ (2023 മുതൽ) 22 തവണയാണ് രോഹിത് പവർപ്ലേയിൽ ഔട്ടാകുന്നത്. ഈ മോശം റെക്കോർഡിന്റെ പട്ടികയിൽ രോഹിത്താണ് ഒന്നാമത്. ഐപിഎലിൽ കൂടുതൽ തവണ പൂജ്യത്തിനും (18) ഒറ്റയക്ക സ്കോറിലും (80) പുറത്തായതിന്റെ ചീത്തപ്പേരിനു പുറമേയാണിത്.
∙ ഇടംകൈ പേടി
ഇടംകൈ പേസ് ബോളർമാർക്കെതിരെ മോശം ബാറ്റിങ് റെക്കോർഡുള്ള രോഹിത്തിനെ ഇപ്പോൾ ഏറ്റവും വലയ്ക്കുന്നത് അത്തരം ബോളർമാരാണ്. ഇടംകൈ പേസർമാരായ യഷ് ദയാലും (ബെംഗളൂരു) ഖലീൽ അഹമ്മദും (ചെന്നൈ) ഈ സീസണിൽ രോഹിത്തിനെ പുറത്താക്കിയവരുടെ നിരയിലുണ്ട്.
ട്വന്റി20 മത്സരങ്ങളിൽ ആകെ 86 തവണ ഇടംകൈ പേസർമാർക്കു വിക്കറ്റ് നൽകിയ രോഹിത് അതിൽ 31 തവണ പുറത്തായത് ഐപിഎലിലാണ്.
∙ സാങ്കേതികപ്പിഴവ്
ഈ മാസം 38 വയസ്സു തികയുന്ന രോഹിത് തന്റെ സ്വാഭാവിക മികവിനെ മാത്രം ആശ്രയിച്ചാണ് നിലവിൽ മുന്നോട്ടുപോകുന്നതെന്നു വിമർശനം ശക്തമാണ്. ബാറ്റിങ്ങിൽ ടൈമിങ് നഷ്ടമാകുന്നതും ഷോട് സിലക്‌ഷൻ പാളുന്നതും ഇതിനു തെളിവാണ്. ഈ സീസണിൽ 2 തവണ പന്തിന്റെ ദിശ മനസ്സിലാക്കാതെ ബോൾഡായാണ് പുറത്തായത്. പുൾഷോട്ടുകളിലൂടെ ബോളിങ് നിരയെ അടിച്ചമർത്തിയിരുന്ന രോഹിത് ഇപ്പോഴും അതേ ഷോട്ടിനെ കൂടുതൽ ആശ്രയിക്കുന്നു.
പക്ഷേ അപൂർവമായി മാത്രമേ നിലംതൊടാതെ പന്ത് ബൗണ്ടറി കടത്താനാകുന്നുള്ളൂ. തുടക്കം മുതൽ എല്ലാ പന്തുകളെയും ആക്രമിക്കുന്ന രോഹിത്തിന്റെ ശൈലീമാറ്റവും ബൗണ്ടറിക്കരികെ കെണിയൊരുക്കി വീഴ്ത്താൻ എതിരാളികളെ സഹായിക്കുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പോടെ രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിച്ച രോഹിത് ഈ ഫോർമാറ്റിൽ പതിവുകാരനല്ലാത്തതും ഐപിഎലിൽ തിരിച്ചടിയായി.
English Summary:









English (US) ·